ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടി രൂപീകരണത്തിന്റെ നൂറാം വാർഷികം 2019 ഒക്‌ടോബർ 17 മുതൽ 2020 ഒക്‌ടോബർ 17 വരെയുള്ള ഒരു വർഷക്കാലം ആഘോഷിക്കാൻ സി.പി.ഐ.എം കേന്ദ്രകമ്മിറ്റി ആഹ്വാനം ചെയ്തിരിക്കുകയാണ്. 1920 ഒക്‌ടോബർ 17ന് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഉസ്‌ബെക്കിസ്ഥാന്റെ തലസ്ഥാനമായിരുന്ന താഷ്‌കെന്റിൽ വെച്ചാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെട്ടത്. അന്ന് നിലവിലുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് ഇന്റർനാഷണൽ ചുമതലപ്പെടുത്തിയതനുസരിച്ച് എം.എൻ.റോയ് മുൻകൈയെടുത്ത് വിളിച്ചു ചേർത്ത രൂപീകരണ യോഗത്തിൽ അദ്ദേഹമുൾപ്പെടെ 7 പേരാണ് പങ്കെടുത്തത്. എം.എൻ.റോയ്, അദ്ദേഹത്തിന്റെ ഭാര്യ റോസാഫിറ്റിങ്ങ്‌ഗോ, മുഹമ്മദലി, മുഹമ്മദ് ഷെഫീഖ് സിദ്ധിഖി, എം.പി.ബി.ടി ആചാര്യ, അബനി മുഖർജി, എവ്‌ലിൻ ട്രെന്റ് റോയ് എന്നിവരായിരുന്നു അവർ. സ.മുഹമ്മദ് ഷെഫീഖ് സിദ്ധിഖിയെയാണ് സെക്രട്ടറിയായി തിരഞ്ഞെടുത്തത്. പ്രസ്തുത സംഘടനക്ക് കമ്മ്യൂണിസ്റ്റ് ഇന്റർനാഷണൽ അംഗീകാരം നൽകുകയുണ്ടായി.

എന്നാൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണം 1925 ലാണ് എന്ന വാദഗതി ചിലർ ഉയർത്തുന്നുണ്ട്. ഈ വാദം ചരിത്രപരമായ പിശകാണ്. ലോകത്തെ പല രാജ്യങ്ങളിലെയും കമ്മ്യൂണിസ്റ്റ് പാർട്ടികൾ രൂപീകരിക്കപ്പെട്ടത് പുറം രാജ്യങ്ങളിൽ വെച്ചായിരുന്നു. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകർക്കാൻ 1922ൽ പെഷവാർ മുതൽ ബ്രിട്ടീഷ് സർക്കാർ ചുമത്തിയ ഗൂഢാലോചന കേസുകളടക്കമുള്ള ചരിത്രത്തെക്കൂടിയാണ് മേൽവാദഗതി ഉന്നയിക്കുന്നവർ നിരാകരിക്കുന്നത്.

പെഷവാർ, കാൺപൂർ, മീറത്ത് ഗൂഢാലോചന കേസുകളിലൂടെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകർക്കാൻ ബ്രിട്ടീഷ് ഗവൺമെന്റ് നടത്തിയ ഇടപെടലുകൾ കുപ്രസിദ്ധമാണ്. ബ്രിട്ടീഷ് സർക്കാറിന്റെ കാലത്ത് 1934ലും സ്വാതന്ത്ര്യത്തിനു ശേഷം 1948ലും കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെടുകയും ചെയ്തു. ഇതിനു പുറമെ അടിയന്തിരാവസ്ഥ യുൾപ്പെടെ ഉപയോഗിച്ച് ഭരണകൂടങ്ങളും ജന്മി-ബൂർഷ്വാ വിഭാഗങ്ങളുടെ ശിങ്കിടികളും അവരുടെ രാഷ്ട്രീയ കക്ഷികളുടെ ഗുണ്ടകളുമെല്ലാം ചേർന്ന് നടത്തിയ കമ്മ്യൂണിസ്റ്റ് വിരുദ്ധ വേട്ടകളിൽ ആയിരക്കണക്കായ പാർട്ടി പ്രവർത്തകരും നേതാക്കളുമാണ് രക്തസാക്ഷികളായത്. എല്ലാ ഭീകരാക്രമണങ്ങളെയും ഒളിവിലും തടവിലുമായി നേരിട്ട് മുന്നേറിയതാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം.

പാർട്ടിയുടെ തുടക്കം മുതൽ തന്നെ രാജ്യത്തിന്റെ പൂർണ്ണസ്വാതന്ത്ര്യത്തിന് വേണ്ടി കമ്മ്യൂണിസ്റ്റുകാർ ഉറച്ചുനിന്ന് പോരാടി. അതേസമയം തന്നെ ജന്മിത്വത്തിനും നാടുവാഴിത്തത്തിനും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരായും വീറുറ്റ പോരാട്ടങ്ങളാണ് കമ്മ്യൂണിസ്റ്റുകാർ സംഘടിപ്പിച്ചത്.
സ്വാതന്ത്ര്യാനന്തരം നാട്ടുരാജ്യങ്ങളെ ഇന്ത്യയോട് ചേർക്കാനും, ഐക്യകേരള മുൾപ്പെടെ ഭാഷാസംസ്ഥാനങ്ങളുടെ രൂപീകരണത്തിനും വേണ്ടി പാർട്ടി നടത്തിയ ഇടപെടലുകളും പോരാട്ടങ്ങളും ചരിത്രത്തിന്റെ ഭാഗമായതാണ്. പശ്ചിമ ബംഗാളിലും, ത്രിപുരയിലും കേരളത്തിലും ഗവൺമെന്റുകൾക്ക് നേതൃത്വം നൽകാൻ അവസരം ലഭിച്ചപ്പോൾ നടത്തിയ നിയമനിർമ്മാണങ്ങളിലൂടെ ജന്മിത്തം അവസാനിപ്പിച്ച് ഭൂമിയുടെ ന്യായമായ വിതരണം ഉറപ്പാക്കുന്നതിനും, ജനങ്ങളുടെ മെച്ചപ്പെട്ട ആരോഗ്യവും വിദ്യാഭ്യാസവും ഉറപ്പ് വരുത്താനും, പാവപ്പെട്ട തൊഴിലാളികളുടെ കൂലിയും മറ്റാനുകൂല്യങ്ങളും ഉയർത്തിക്കൊണ്ടു വരാനും, ക്ഷേമനിധിയും പെൻഷനുമുൾപ്പെടെ ഏർപ്പെടുത്തി അവരുടെ ക്ഷേമം ഉറപ്പ് വരുത്താനയുമെല്ലാം നടത്തിയ ശ്രമങ്ങൾ ആർക്കും നിഷേധിക്കാനാവാത്തതാണ്.

1957 മുതൽ കേരളത്തിൽ അധികാരത്തിൽ ഇരിക്കുമ്പോഴും പ്രതിപക്ഷത്തായിരി ക്കുമ്പോഴും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന നിയമനിർമ്മാണങ്ങളും പ്രക്ഷോഭങ്ങളും സമരങ്ങളുമാണ് ആധുനിക കേരളത്തിന്റെ വളർച്ചയിലേക്ക് നയിച്ചത്.

കൂലിയും മറ്റാനുകൂല്യങ്ങളുമുൾപ്പെടെയുള്ള പണിയെടുക്കുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, നവോത്ഥാനമൂല്യങ്ങളും ഇടതുപക്ഷ പുരോഗമന ചിന്തയിലധിഷ്ടിതമായ മതനിരപേക്ഷ സമൂഹം വളർത്തിയെടുക്കുന്നതിനും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വഹിച്ച പങ്ക് അനിഷേധ്യമായതാണ്.
ദേശീയ സ്വാതന്ത്ര്യസമരത്തിൽ യാതൊരു പങ്കും വഹിക്കാത്തവരും രാഷ്ട്രപിതാവിനെ തന്നെ കൊലപ്പെടുത്തിയതിന്റെ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നവരുമായ ആർ.എസ്.എസ് നേതൃത്വം രാജ്യത്തിന്റെ അധികാരം കൈയ്യാളുന്ന പുതിയ കാലത്ത് ജനാധിപത്യം, ബഹുസ്വരത, മതനിരപേക്ഷത, ജനങ്ങളുടെ ജീവനോപാധികൾ എന്നിവയെല്ലാം കടുത്ത ആക്രമണങ്ങൾ നേരിടുകയാണ്. ഇത്തരത്തിലൊരു പശ്ചാത്തലത്തിലാണ് കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരണത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്നത്.

ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ച് ഒക്‌ടോബർ 17-ാം തിയ്യതി രാവിലെ ജില്ലയിലെ 3895 പാർട്ടിഘടകങ്ങളും പതാക ഉയർത്തൽ ചടങ്ങും, 3745 ബ്രാഞ്ച് കേന്ദ്രങ്ങളിൽ പ്രഭാതഭേരിയും, പ്രദേശത്തെ പഴയകാല പ്രവർത്തകരുടെയടക്കം സാന്നിദ്ധ്യത്തിൽ പതാക ഉയർത്തുന്നതോടൊപ്പം യോഗങ്ങളും സംഘടിപ്പിക്കുകയും ചെയ്യും.

തുടർന്ന് നവോത്ഥാനപ്രസ്ഥാനത്തിന്റെയും, സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെയും മുൻനിരപോരാളിയും സി.പി.ഐ.എമ്മിന്റെ കേരളത്തിലെ പ്രഥമ സെക്രട്ടറിയുമായിരുന്ന സി.എച്ച്.കണാരന്റെ 47-രണ്ടാം ചരമദിനമായ ഒക്‌ടോബർ 20ന് പാട്യം ഗോപാലൻ സ്മാരക പഠന ഗവേഷണ കേന്ദ്രത്തിന്റെയും, സി.പി.ഐ.എം തലശ്ശേരി ഏരിയാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ തലശ്ശേരിയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും.

അന്നേദിവസം രാവിലെ 10 മണിക്ക് തലശ്ശേരി സഹകരണ റൂറൽ ബേങ്ക് ഓഡിറ്റോറിയത്തിൽ ജില്ലാ സെമിനാർ നടക്കും. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി സ.കോടിയേരി ബാലകൃഷ്ണനാണ് സെമിനാർ ഉദ്ഘാടനം ചെയ്യുക. ‘ഇന്ത്യൻ സാമ്പത്തിക തകർച്ചയുടെ പശ്ചാത്തലത്തിൽ മാർക്‌സിസത്തിന്റെ പ്രസക്തി’ എന്ന വിഷയത്തിൽ ധനകാര്യമന്ത്രി ഡോ.തോമസ് ഐസക്കും, ‘ഇന്ത്യൻ സ്വാതന്ത്ര്യസമരവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും’ എന്ന വിഷയത്തിൽ ഡോ.കെ.എൻ.ഗണേഷും പ്രഭാഷണം നടത്തും. അന്നേദിവസം വൈകുന്നേരം 4 മണിക്ക് വളണ്ടിയർ മാർച്ചും ആയിരങ്ങൾ പങ്കെടുക്കുന്ന ബഹുജനപ്രകടനവും ഉണ്ടാവും. 5 മണിക്ക് തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിൽ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി സ.പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ ഡോ.തോമസ് ഐസക്, എം.വി.ജയരാജൻ, എ.എൻ.ഷംസീർ എം.എൽ.എ എന്നിവരും പ്രസംഗിക്കും.

സെമിനാറിന്റെ മുന്നോടിയായി ഒക്‌ടോബർ 14 ന് വൈകുന്നേരം 4.30ന് തലശ്ശേരി പഴയ ബസ് സ്റ്റാന്റിൽ നടക്കുന്ന ചിത്രകാരസംഗമം പ്രശസ്ത ചിത്രകാരൻ എബി.എൻ.ജോസഫ് ഉദ്ഘാടനം ചെയ്യും. പ്രമുഖ ചിത്രകാരന്മാർ പങ്കെടുക്കും.

നവമ്പർ 10നും 17നും ജില്ലയിലെ 3745 ബ്രാഞ്ച് പ്രദേശങ്ങളിലും കുടുംബസംഗമങ്ങൾ സംഘടിപ്പിക്കും. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രവും, ആധുനിക കേരളസൃഷ്ടിയിൽ പ്രസ്ഥാനം വഹിച്ച പങ്കുമെല്ലാം ജനങ്ങൾക്കിടയിൽ വിശദീകരിക്കും. അതിന് ശേഷം നടത്തുന്ന പരിപാടികളുടെ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.