1919 ഡിസംബര്‍ 9 ന് കല്യാശ്ശേരിയില്‍ ജനിക്കുകയും ബാലസംഘത്തിലൂടെ കര്‍ഷക-കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ അമരക്കാരനായി മാറിയ അതുല്യനായ നേതാവാണ് ഇ കെ നായനാര്‍. 20-ാം വയസ്സില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായി വ്യാവസായിക-കാര്‍ഷിക മേഖലയില്‍ നിരവധി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കി. ആറോണ്‍ മില്ലിലെ സമരത്തില്‍ പങ്കെടുത്തതിനെത്തുടര്‍ന്നാണ് ആദ്യമായി 1940-ല്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. പാര്‍ട്ടി നിരോധിക്കപ്പെട്ട കാലത്തും ചൈനീസ് ചാരനെന്ന് മുദ്രകുത്തിയും 6 വര്‍ഷത്തോളം ജയിലില്‍ കിടന്നതുള്‍പ്പെടെ നിരവധി തവണയാണ് ജയിലില്‍ കിടക്കേണ്ടി വന്നത്. കര്‍ഷകസമര ചരിത്രത്തിലെ  പ്രസിദ്ധമായ കയ്യൂര്‍ സമരത്തിലും,സാമ്രാജ്യവിരുദ്ധ സമരമായ മൊഴാറ സമരത്തിലും പങ്കെടുത്ത പടയാളി. ഈ സമരകാലത്തും അടിയന്തിരാവസ്ഥകാലത്തും ഉള്‍പ്പെടെ 9 വര്‍ഷം ഒളിവില്‍ കഴിഞ്ഞു. 1980 ലും 1987 ലും 1996 ലുമായി 3 തവണകളിലായി 3991 ദിവസം മുഖ്യമന്ത്രിയായി. കേരളത്തിലെ മുഖ്യമന്ത്രിമാരില്‍ ഏറ്റവും കാലം ആ സ്ഥാനമലങ്കരിച്ചത് നായനാറായിരുന്നു. രണ്ട് തവണ പ്രതിപക്ഷ നേതാവായി. 23 വര്‍ഷം നിയമസഭാംഗമായി പ്രവര്‍ത്തിച്ചു. ആദ്യ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാറിന്‍റെ നായകനായി 1980 ല്‍ സത്യപ്രതിഞ്ജ ചെയ്ത ശേഷം റേഡിയോ പ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോഴും പ്രസക്തമാണ്. ڇകേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന കോണ്‍ഗ്രസ്സ് സര്‍ക്കാരിനെ പോലെ ഭരണഘടനയും തെരഞ്ഞെടുപ്പ് നിയമങ്ങളും അനുസരിച്ച് ഭൂരിപക്ഷം ജനങ്ങളുടെ പിന്തുണ നേടിയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തിലെത്തിയത്.കേന്ദ്രസര്‍ക്കാറിനെ അധികാരത്തിലെത്തിച്ച ജനവിധി എല്‍.ഡി.എഫ് അംഗീകരിക്കുന്നത് പോലെ കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാറിനെ കേന്ദ്രവും, കേരളത്തിലെ പ്രതിപക്ഷവും മാനിക്കണംڈ. സംഘപരിവാറിന് ഇഷ്ടപ്പെടാത്ത രാഷ്ട്രീയ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ രാഷ്ട്രീയമായും സാമ്പത്തികമായും ഞെരുക്കുകയും കേരളത്തിലെ വികസനപ്രശ്നങ്ങളോട് നിഷേധ നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന സമകാലീന സാഹചര്യത്തിലും 80-ല്‍ നായനാര്‍ സ്വീകരിച്ച നിലപാടിന്‍റെ ശരിമ നമ്മെ ബോധ്യപ്പെടുത്തുന്നു. ڇഎല്‍.ഡി.എഫ് ജനങ്ങളുടെ മുമ്പില്‍ തെരഞ്ഞെടുപ്പ് കാലത്ത് അവതരിച്ച പ്രകടനപത്രികയില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച  വിശദാംശങ്ങള്‍ പ്രഥമ നിയമസഭാ സമ്മേളനത്തില്‍ ഗവര്‍ണറുടെ പ്രസംഗത്തിലൂടെ ജനങ്ങളെ അറിയിക്കുംڈ  ഇപ്പോഴത്തെ എല്‍.ഡി.എഫ് സര്‍ക്കാരും അതേ മാതൃകയാണ് സ്വീകരിച്ചത്. 600 ഇന വാഗ്ദാനങ്ങളില്‍ 550 ഉം നടപ്പാക്കി കഴിഞ്ഞു. ڇഏത് മതത്തില്‍ വിശ്വസിക്കുന്നവര്‍ക്കും തങ്ങളുടെ വിശ്വാസമനുസരിച്ച് ആരാധന നടത്താനും ഒരു മതത്തിലും വിശ്വസിക്കാത്തവര്‍ക്കും അവരുടെ മനസാക്ഷിക്കൊത്ത് ജീവിക്കാനുള്ള സ്വാതന്ത്ര്യവും ഞങ്ങള്‍ പരിരക്ഷിക്കും.ڈ ഇത്തരത്തില്‍ നായനാര്‍ ദീര്‍ഘവീക്ഷണമുള്ള കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചുകൊണ്ട് തന്നെയാണ് ജനപ്രിയനായത്.

മാവേലി സ്റ്റോറുകളും, കര്‍ഷകത്തൊഴിലാളി പെന്‍ഷനും എല്ലാ പഞ്ചായത്തുകളിലും ഹൈസ്കൂകളും, സമ്പൂര്‍ണ്ണ സാക്ഷരതയും, കൂരിരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് നാടിനെ നയിച്ചതും, ജനകീയ ആസൂത്രണവുമെല്ലാം നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടപ്പിലാക്കിയ ശ്രദ്ധേയമായ പദ്ധതികളാണ്. കുടുംബത്തെക്കാള്‍ വലുതായി പാര്‍ട്ടിയെയും നാടിനെയും ജനങ്ങളെയും സ്നേഹിച്ച ഒരു കമ്മ്യൂണിസ്റ്റ്. ഇതരരാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥന്‍മാരുടെയും മനം കവര്‍ന്ന ജനകീയനും മനുഷ്യസ്നേഹിയുമായ നായനാരുടെ സ്മരണ പുതിയ തലമുറക്ക് എന്നും ഒരു മാതൃകയാണ്.

2019 ഡിസംബര്‍ 9,10 തീയ്യതികളില്‍ ഇ കെ നായനാരുടെ ജന്മസ്ഥലമായ കല്യാശ്ശേരിയില്‍  നൂറാം ജന്മദിനം ആചരിക്കും. ഇ കെ നായനാരുടെ പിന്നിട്ട നാളുകള്‍ പഠിക്കാന്‍ കഴിയുംവിധം മനോരമ ഒരുക്കിയ ڇജനനായകന്‍ ജനഹൃദയങ്ങളിലൂടെڈ എന്ന ഫോട്ടോപ്രദര്‍ശനം സി.പി.ഐ(എം) കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി ടീച്ചര്‍ ഡിസംബര്‍ 9 ന് രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 5 മണിക്ക് അനുസ്മരണ സമ്മേളനത്തില്‍ വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍, സി.പി.ഐ(എം) കേന്ദ്രകമ്മിറ്റിയംഗം എം വി ഗോവിന്ദന്‍ മാസ്റ്റര്‍, ജില്ലാസെക്രട്ടറി എം വി ജയരാജന്‍ എന്നിവര്‍ പങ്കെടുക്കും.