കണ്ണൂർ: ആരാധനാലയത്തെ മുസ്ലിംലീഗ് രാഷ്ട്രീയമായി ദുരുപയോഗംചെയ്യുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഗാന്ധിയനായ സാംസ്‌കാരിക പ്രവർത്തകൻ കെപിഎ റഹീമിന് പാനൂരിലെ മഹല്ല് കമ്മിറ്റി നൽകാൻ തീരുമാനിച്ച സ്വീകരണം ഉപേക്ഷിച്ച നടപടിയെന്ന് സിപിഐ എം ജില്ലാസെക്രട്ടറി പ്രസ്താവനയിൽ പറഞ്ഞു.

അവാർഡ് നേടിയ കെപിഎ റഹീമിനെ പാനൂർ പള്ളിക്കമ്മിറ്റിക്ക് കീഴിലുള്ള പാനൂർ നജാത്തുൽ ഇസ്ലാംനഴ്‌സറി ആന്റ് യുപി സ്‌കൂൾ വാർഷികാഘോഷ സമാപനസമ്മേളനത്തിൽ ആദരിക്കാനാണ് മഹല്ല്കമ്മിറ്റി തീരുമാനിച്ചത്. ഇക്കാര്യം മഹല്ല്കമ്മിറ്റിക്കാർ റഹീമിനെ നേരിട്ട് അറിയിക്കുകയും ക്ഷണിച്ചതുമാണ്. നോട്ടീസിലും അദ്ദേഹത്തിന്റെ പേര് ഉൾപ്പെടുത്തിയിരുന്നു. ഇതിന് ശേഷം മുസ്ലിംലീഗ് ജില്ലപ്രസിഡന്റ്കൂടിയായ കെഎം സൂപ്പി വീട്ടിലെത്തിയാണ് ആദരിക്കൽ ചടങ്ങ് ഉപേക്ഷിച്ചതായി അറിയിച്ചത്.

മതങ്ങളെയും സിദ്ധാന്തങ്ങളെയും കുറിച്ച് നല്ലഗ്രാഹ്യമുള്ള പ്രഭാഷകനാണ് കെപിഎ റഹീം. അദ്ദേഹത്തിന്റെ ചില നിലപാടുകളോട് യോജിക്കാൻ കഴിയില്ലെന്ന് പറഞ്ഞാണ് ആദരിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറിയത്. മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിക്കുന്ന കെപിഎ റഹീമിനെ സ്വീകരണത്തിന് ക്ഷണിച്ചശേഷം ഒഴിവാക്കി അപമാനിച്ചത് പ്രതിഷേധാർഹമായ നടപടിയാണ്. മുസ്ലീംലീഗ് ആരാധനാലയങ്ങളെ രാഷ്ട്രീയ താൽപര്യത്തോടെ ദുരുപയോഗിക്കുന്നതിന്റെ ദുരന്തമാണ് പാനൂരിൽ സംഭവിച്ചത്.

ആരാധനാലയങ്ങൾ മുഴുവൻ വിശ്വാസികളുടേതുമാവണം. വിയോജിപ്പുള്ളവരെ ആരാധനാലയത്തിലേക്ക് കടക്കാൻ അനുവദിക്കില്ലെന്ന നിലപാട് സമൂഹത്തിൽ അനാരോഗ്യകരമായ പ്രവണതക്കിടയാക്കും. കെപിഎ റഹീമിന് നേരിട്ടത് പോലുള്ള ദുരനുഭവം ആവർത്തിക്കാതിരിക്കാൻ മതത്തെ രാഷ്ട്രീയ ആവശ്യത്തിന്  ദുരുപയോഗിക്കുന്നത് കർശനമായി തടയണം. കൂത്തുപറമ്പിലെ മദ്രസഹാൾ ലീഗിന്റെ സമ്മേളനത്തിന് അനുവദിച്ചതും മോയിൻകുട്ടി വൈദ്യരുടെ പേരിലുള്ള സാംസ്‌കാരിക സ്ഥാപനത്തിന്റെ യോഗത്തിന് അനുവദിക്കാതിരുന്നതും ഇതേ രാഷ്ട്രീയ താൽപര്യത്താലാണ്.

 

ലീഗിന്റെ ഇത്തരം കുത്സിത നടപടികളെ അപലപിക്കാൻ മുഴുവൻ ജനങ്ങളും മുന്നോട്ട് വരണമെന്ന് പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.