കണ്ണൂർ : ഷുക്കൂർ വധക്കേസിൽ പാർടി നേതാക്കളെ കളള കേസിൽ കുടുക്കുന്നതിന് രാഷ്ട്രിയ ഗൂഢാലോചന നടന്നതായി സാക്ഷികൾ തളിപ്പറമ്പ മൂൻസീഫ് കോടതിയിൽ നൽകിയ സത്യവാങ്ങ്മൂലം വഴി വെളിച്ചത്ത് വന്നതിനാൽ പാർടി നേതാക്കളെ കള്ള കേസിൽ പെടുത്തിയതിന് പിന്നിലെ ഗൂഢാലോചന വെളിച്ചത്ത് കൊണ്ടുവരണമെന്ന് സി പി ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താനയിൽ ആവശ്യപ്പെട്ടു.

ഈ കേസിൽ പോലീസ് സ്വമേധയാ കോടതിയിൽ സമർപ്പിച്ച എഫ് ഐ ആർ-ൽ ഇല്ലാത്ത കാര്യങ്ങളാണ്  രാഷ്ട്രീയ ദുഷ്ടലാക്കോടെ മെനഞ്ഞെടുത്തത്. സംഭവം നടന്ന് 25-ാം മത്തെ ദിവസമാണ് പോലീസ് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് എന്ന വ്യാജേന മാതൃഭൂമി, മനോരമ എന്നീ പത്രങ്ങളിൽ 'പാർടി കോടതി' എന്ന നിലയിൽ വാർത്ത സൃഷ്ടിച്ചത്. എന്നാൽ പോലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വലതുപക്ഷ മാധ്യമങ്ങളിൽ വന്ന വാർത്തയിൽ പറഞ്ഞതുപോലെ മൊബൈൽ ഫോണിൽ ഫോട്ടോ പകർത്തിയതോ എം എം എസ് അയച്ചതോ പാർടി കോടതിയെകുറിച്ചോ ഒന്നും പരാമർശിക്കുന്നില്ല.പിറവം ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ഉമ്മൻചാണ്ടി ഉണ്ടാക്കിയ കള്ള കഥകളാണിതെന്ന് സി പി ഐ (എം) അന്നേ വ്യക്തമാക്കിയതാണ്. പി ജയരാജനെയും ടി വി രാജേഷ് എം എൽ എ-യേയും 118-ാം വകുപ്പ് പ്രകാരം കേസിൽ ഉൾപ്പെടുത്താൻ നടത്തിയ ഗൂഢാലോചനയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പോലീസ് അന്വേഷണ സംഘത്തെ രാഷ്ട്രീയ താൽപര്യാർത്ഥം ഉമ്മൻചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും ദുരുപയോഗപ്പെടുത്തിയതിന്റെ ഫലമായി ജില്ലയിൽ 6000-ൽ പരം സി പി ഐ (എം) പ്രവർത്തകർക്കെതിരെ കള്ള കേസ് എടുത്തു.

കള്ള കേസെടുത്ത് പാർടി നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ഹർത്താൽ ദിനത്തിലാണ് ഉദുമയിലെ മനോജ് എന്ന ഡി വൈ എഫ് ഐ പ്രവർത്തകനെ മുസ്ലീം ലീഗ് ഗുണ്ടകൾ ചവിട്ടി കൊന്നത്. കൂടാതെ ജില്ലയിൽ നടന്ന അനിഷ്ട സംഭവങ്ങളിൽ 3 കോടി രൂപയുടെ നാശനഷ്ടമുണ്ടായി എന്നാണ് പത്രവാർത്തകൾ വന്നത്. അതിനാൽ മനോജിന്റെ കുടുംബത്തിനും ഈ നാശനഷ്ടങ്ങൾക്കും തക്കതായ നഷ്ടപരിഹാരം ഉമ്മൻചാണ്ടിയിൽ നിന്നും തിരുവഞ്ചൂർ രാധാകൃഷ്ണനിൽ നിന്നും ഇതിന് കൂട്ട് നിന്ന ജില്ലയിലെ പോലീസ് ഉഗ്യോഗസ്ഥന്മാരിൽ നിന്നും ഈടാക്കണം. ഭരണകക്ഷിക്കാരുടെ രാഷ്ട്രീയ താൽപര്യത്തിനായി നിയമവുരുദ്ധ പ്രവർത്തനം നടത്തിയ ജില്ലാ പോലീസ് ചീഫ്, കണ്ണൂർ ഡി വൈ എസ് പി, വളപട്ടണം സി ഐ എന്നിവർക്കെതിരെ നടപടി കൈക്കൊള്ളണം. കൂടാതെ ജില്ലയിൽ പാർടി പ്രവർത്തകരായ 6000-ൽ പരം സഖാക്കൾക്കെതിരെ ചാർജ് ചെയ്ത 250-ഓളം കള്ള കേസുകൾ പിൻവലിക്കണമെന്നും സി പി ഐ (എം) ആവശ്യപ്പെടുന്നു.

 

പാർടിക്കും നേതാക്കൾക്കും നേരെയുള്ള ഈ ഗൂഢാലോചനയിൽ പ്രതിഷേധിച്ചും മേൽ ആവശ്യങ്ങളുയർത്തിയും സി പി ഐ (എം) ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി നാളെ പ്രാദേശികമായി നടക്കുന്ന പ്രതിഷേധ പ്രകടനങ്ങളിൽ അണിചേരണമെന്നും സി പി ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് മുഴുവൻ ജനാധിപത്യ വിശ്വാസികളോടും അഭ്യർത്ഥിച്ചു.