കണ്ണൂർ : നാൽപ്പാടി വാസു വധകേസ് പുനരന്വേഷണം നടത്തില്ലെന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് സി പി ഐ (എം) ആഭിമുഖ്യത്തിൽ ഫിബ്രവരി 16-നു കലക്‌ട്രേറ്റിന് മുന്നിൽ സത്യാഗ്രഹ സമരം നടത്തും. നാൽപ്പാടി വാസുവിന്റെ കുടുംബാംഗങ്ങളും ജനപ്രതിനിധികളും സി പി ഐ (എം) പ്രവർത്തകരും ഉൾപ്പെെടയുള്ളവരാണ് സമരത്തിൽ പങ്ക്‌ചേരുക.

രാവിലെ 10 മണി മുതൽ ഉച്ചവരെയാണ് സത്യാഗ്രഹം നടത്തുക.  സി പി ഐ (എം) കേന്ദ്ര കമ്മിറ്റി അംഗം സ: ഇ പി ജയരാജൻ എം എൽ എ സമരം ഉൽഘാടനം ചെയ്യും. നിയമസഭ പ്രതിപക്ഷ ഉപ നേതാവ് സ: കോടിയേരി ബാലകൃഷ്ണൻ സമരത്തെ അഭിവാദ്യം ചെയ്യും.

പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നാൽപ്പാടി വാസുവിന്റെ ബന്ധുക്കൾ പരാതി നൽകിയാൽ കേസ് പുനരന്വേഷിക്കാമെന്നാണ് ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രഖ്യാപിച്ചത്. അത് പ്രകാരം നാൽപ്പാടി വാസുവിന്റെ സഹോദരൻ നാൽപ്പാടി രാജൻ തിരുവനന്തപുരത്ത് പോയി എം എൽ എ-മാരോടൊപ്പം ആഭ്യന്തര മന്ത്രിക്ക് പരാതി നൽകിയിരുന്നു. എന്നാൽ കോൺഗ്രസ് നേതൃത്വത്തിന്റെ നിർദ്ദേശം അനുസരിച്ച് സുധാകരനെ രക്ഷിക്കാനാണ് പുനരന്വേഷണം നടത്തില്ലെന്ന് ഇപ്പോൾ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.

 

നാൽപ്പാടി വാസു വധകേസ് പുനരന്വേഷിക്കണമെന്ന ആവശ്യം തികച്ചും ന്യായമാണ്. ഈ ആവശ്യം നിരാകരിച്ചതിൽ പ്രതിഷേധിച്ച് നടത്തുന്ന സത്യാഗ്രഹത്തിൽ പങ്കെടുക്കാൻ മുഴുവൻ ജനാധിപത്യ വിശ്വാസികളോടും സി പി ഐ (എം) അഭ്യർത്ഥിക്കുന്നു.