കണ്ണൂർ: കണ്ണൂർ ജില്ലാ സഹകരണ ബേങ്ക് ജനാധിപത്യവിരുദ്ധമായ മാർഗ്ഗങ്ങളിലൂടെ പിടിച്ചെടുക്കാനുള്ള യുഡിഎഫ് നീക്കത്തിൽ പ്രതിഷേധിക്കണമെന്ന് എൽഡിഎഫ് ജില്ലാകമ്മിറ്റി സഹകാരികളോടും ജനാധിപത്യ വിശ്വാസികളോടും അഭ്യർത്ഥിക്കുന്നു.

 

ജില്ലാ ബേങ്ക് തെരഞ്ഞെടുപ്പ് ഫിബ്രവരി 10-നാണ് നിശ്ചയിച്ചിരിക്കുന്നത്. 1267 സംഘങ്ങൾ പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ ഉണ്ട്. അതിൽ 550 എണ്ണം പ്രവർത്തനരഹിതവും ലിക്വിഡേറ്റ് ചെയ്തതും, രജിസ്‌ട്രേഷൻ റദ്ദാക്കപ്പെട്ടതും, ജില്ലാ ബേങ്ക് ഓഹരി സംഖ്യ തിരിച്ച് കൊടുത്തതുമായ സംഘങ്ങളാണ്. ഈ സംഘങ്ങൾക്ക് നിയമമനുസരിച്ച് വോട്ടവകാശം ഇല്ല. എന്നാൽ എല്ലാ നിയമവും കാറ്റിൽ പറത്തി ഈ സംഘങ്ങൾക്ക് കൂടി വോട്ടവകാശം നൽകാനുള്ള നീക്കമാണ് ചില ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി യുഡിഎഫ് ചെയ്യുന്നത്. ഇത്തരം സംഘങ്ങളുടെ അധികാരപത്രം തപാൽ വകുപ്പ് മുഖേന അയച്ചപ്പോൾ മേൽ വിലാസക്കാരില്ലെന്ന് പറഞ്ഞ് തിരിച്ചു വന്നതാണ്. ലിക്വിഡേറ്റ് ചെയ്ത 203 സംഘങ്ങളുടെ കാര്യത്തിൽ ഗസറ്റ് വിജ്ഞാപനത്തിലൂടെ സംഘങ്ങളുടെ സ്ഥാപകജംഗമ സ്വത്തുക്കൾ സഹകരണവകുപ്പ് ഏറ്റെടുത്തതുമാണ്. വ്യാജ വോട്ടർമാരെ കൊണ്ട് വന്ന് 550 നിലവില്ലാത്ത സംഘങ്ങളെയും വോട്ട് ചെയ്യിക്കാനാണ്  യുഡിഎഫിന്റെ ശ്രമം. ഇക്കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയിൽപെടുത്തിയപ്പോൾ അധികാരപത്രം നൽകിയ സ്ഥാപനങ്ങളുടെയും, അധികാരപത്രം നൽകിയതും നിലവിൽ പ്രവർത്തിച്ചു വരുന്നതുമായ വോട്ടവകാശമുള്ള സംഘങ്ങളുടെ ലിസ്റ്റ് ഫിബ്രവരി 4-ന് പ്രസിദ്ധീകരിക്കണമെന്നും കോപ്പി സ്ഥാനാർത്ഥികൾക്ക് നൽകണമെന്നും വിധിച്ചിരുന്നു. ഹൈക്കോടതി വിധി ഉദ്യോഗസ്ഥർ നടപ്പിലാക്കുന്നില്ല. സ്ഥാനാർത്ഥികൾ ഹൈക്കോടതി നിർദ്ദേശപ്രകാരമുള്ള  വോട്ടർപട്ടിക അവകാശപ്പെട്ടപ്പോൾ പോലീസിന്റെ സാന്നിധ്യത്തിൽ പോലും ലിസ്റ്റ് കാണിക്കാൻ തയ്യാറാകുന്നില്ല.എൽഡിഎഫ് സംഘങ്ങൾക്ക് വോട്ടവകാശം നിഷേധിക്കുകയും പ്രവർത്തനരഹിതമായ സംഘങ്ങളുടെ പേരിൽ കോൺഗ്രസ് ഗുണ്ടകളെ കൊണ്ട് വന്ന് വോട്ട് ചെയ്യിക്കാനാണ് നീക്കം. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നഗ്നമായ നടപടിയാണിത്. സ്ഥാനാർത്ഥികൾ ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ പോലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിക്കുകയാണ്  ചെയ്തത്. യഥാർത്ഥ എൽഡിഎഫ് വോട്ടർമാർക്ക് വോട്ടവകാശം നിഷേധിച്ച് വ്യാജ സംഘങ്ങളുടെ പേരിൽ കള്ളവോട്ട് ചെയ്യിക്കാനും വേണ്ടി നടത്തുന്ന നീക്കത്തിൽ മുഴുവൻ സഹകാരികളും ജനാധിപത്യവിശ്വാസികളും പ്രതിഷേധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.