കണ്ണൂർ : പരിയാരം മെഡിക്കൽ കോളേജിലെ ചില അംഗത്വം റദ്ദാക്കാനുള്ള യുഡിഎഫ്  നീക്കത്തിൽ സഹകാരികളും ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കണമെന്ന് സിപിഐ(എം) ജില്ലാസെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

അംഗത്വം റദ്ദാക്കാനുള്ള യുഡിഎഫ് നീക്കം രാഷ്ട്രീയ തീരുമാനമാണ്. നിയമപരമായോ ധാർമികപരമായോ ആർക്കും അംഗീകരിക്കാനാവാത്ത ജനാധിപത്യ വിരുദ്ധമായ നടപടിയാണ് യുഡിഎഫിന്റെ ഈ നീക്കം. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി കാര്യം നേടാനുള്ള ശ്രമമാണിത്. 2007 ലും 2011 ലും നടന്ന തെരഞ്ഞെടുപ്പുകളിൽ അഴിമതിക്കാരായ എം വി രാഘവൻ അടക്കമുള്ള ഭരണക്കാരെ പരാജയപ്പെടുത്തുകയാണ് ചെയ്തത്. തെരഞ്ഞെടുപ്പുകളെ കോടതിയിൽ ചോദ്യം ചെയ്തപ്പോൾ സുപ്രീംകോടതി അടക്കമുള്ള ജുഡീഷ്യൽ സ്ഥാപനങ്ങൾ തെരഞ്ഞെടുപ്പുകൾ സാധുവാണെന്ന് വിധിച്ചിരുന്നു. അതുകൊണ്ട് തന്നെ 2007 ൽ അധികാരത്തിൽ വന്ന ഭരണസമിതി തീരുമാനമെല്ലാം നിയമപരമായി സാധുതയുള്ളതാണ്.

കോടതിയിൽ പരാജയപ്പെട്ടവർ ഭരണ സ്വാധീനം ഉപയോഗിച്ച് അംഗത്വം റദ്ദാക്കി തങ്ങൾക്ക് മാത്രം വോട്ട് ചെയ്യുന്നവരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള തെരഞ്ഞെടുപ്പ് പ്രഹസനം നടത്തി അധികാരത്തിലെത്താനാണ് ഇത്തരക്കാർ ശ്രമിക്കുന്നത്. ഒരു കോടതിയും 2007 മുതൽ അംഗത്വം ചേർത്തവരെ വ്യാജന്മാരാണെന്ന് പറഞ്ഞിട്ടില്ല. 31.10.2012-നു ബഹുമാനപ്പെട്ട ഹൈക്കോടതി അംഗത്വം സംബന്ധിച്ച പരാതിയിൻ മേൽ സഹകരണ സെക്രട്ടറിയോട് ഇരു ഭാഗവും കേട്ടതിന് ശേഷം നിയമപരമായ പരിശോധന നടത്തണമെന്ന് മാത്രമാണ് നിർദ്ദേശിച്ചത്. സഹകരണ സെക്രട്ടറി ആ പരിശോധന പൂർത്തിയാക്കി കഴിഞ്ഞു. സഹകരണ രജിസ്ട്രാർക്ക് ഇത് സംബന്ധിച്ച് സഹകരണ നിയമം അനുസരിച്ച പരിശോധന നടത്താൻ അയക്കുകയാണ് ചെയ്തത്. അംഗങ്ങളെ ചേർത്ത നടപടി നിയമപരമായി അല്ലായിരുന്നുവെങ്കിൽ ഹൈക്കോടതി തന്നെ അംഗത്വം റദ്ദാക്കുമായിരുന്നു. സഹകരണ സെക്രട്ടറി അംഗത്വം വ്യാജമാണെന്ന് കണ്ടെത്തിയിട്ടുമില്ല. കോടതിയെക്കാൾ വലതുതല്ലല്ലോ സഹകരണ സെക്രട്ടറിയും രജിസ്ട്രാറും.

ഒരു എംഎൽഎ പോലും ഇല്ലാത്ത സിഎംപിക്ക് യാതൊരു പരിഗണനയും നൽകുന്നില്ലെന്ന പരാതിയിൻ മേൽ യുഡിഎഫ് തന്നെ സഹകരണ ജനാധിപത്യം കശാപ്പ് ചെയ്യുന്ന നടപടിക്ക് നേതൃത്വം കൊടുത്താൽ ജനങ്ങൾ കൈയും കെട്ടി നോക്കി നിൽക്കില്ല. പരിയാരത്ത് നിലവിലുള്ള ചട്ടങ്ങൾ മറികടന്ന് അംഗങ്ങളെ ചേർത്തത് എൽഡിഎഫിന്റെ കാലത്തല്ല യുഡിഎഫിന്റെ കാലത്താണെന്ന് ചില മാധ്യമങ്ങൾ രേഖകൾ സഹിതം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇക്കാര്യം യുഡിഎഫ് പരിശോധനയിൽ വന്നിട്ടുണ്ടോ.

അഴിമതിയുടെ പേര് പറഞ്ഞ് എൽഡിഎഫ് ഭരണസമിതിയെ പിരിച്ചു വിടാനായിരുന്നു ആദ്യ നീക്കം. മൂന്ന് അന്വേഷണങ്ങൾ നടത്തിയിട്ടും എൽഡിഎഫ് ഭരണസമിതിയെ പിരിച്ചുവിടാൻ യാതൊന്നും കണ്ടെത്താൻ ഇവർക്ക് കഴിഞ്ഞിട്ടില്ല. ഇതിനെ തുടർന്നാണ് എൽഡിഎഫിന് വോട്ട് ചെയ്യുന്ന അംഗങ്ങളെ പിരിച്ചു വിടുന്നതിന് എം വി രാഘവനെ തന്നെ യുഡിഎഫ് ഉപസമിതിയുടെ കൺവീനറാക്കിയത്.

 

ജില്ലാ ബേങ്ക് ഭരണം പിടിച്ചെടുക്കാൻ നടത്തി കൊണ്ടിരിക്കുന്ന നീക്കത്തെക്കാൾ ഹീനമായ മാർഗമാണ് ഇപ്പോൾ യുഡിഎഫ് സർക്കാർ പരിയാരത്തിന്റെ കാര്യത്തിൽ നൽകിയ നിർദ്ദേശം. യുഡിഎഫിന്റെ രാഷ്ട്രീയ തീരുമാനം അംഗീകരിക്കാനുള്ള ബാധ്യത ഭരണഘടനയും നിയമവ്യവസ്ഥയും അനുസരിച്ച് പ്രവർത്തിക്കുന്ന സർക്കാറിനോ സഹകരണ വകുപ്പ് ഉദ്യോഗസ്ഥൻമാർക്കോ ഇല്ല. യുഡിഎഫിന്റെ രാഷ്ട്രീയ തീരുമാനത്തിന് മുന്നിൽ കീഴടങ്ങാതെ സഹകരണ രജിസ്ട്രാർ സഹകരണ നിയമവും ചട്ടവും അനുസരിച്ച് പ്രവർത്തിക്കണം. അല്ലാതെ വന്നാൽ ശക്തമായ ജനകീയ പ്രക്ഷോഭം ഉയർന്നു വരുമെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.