ജില്ലയിലെ പല മേഖലയും അതിരൂക്ഷമായ പ്രളയക്കെടുതികൾ അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ പാർടി പ്രവർത്തകരും വർഗ– ബഹുജന സംഘടനാ പ്രവർത്തകരടക്കമുള്ള ജനങ്ങളും ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി രംഗത്തിറങ്ങണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പ്രസ്‌താവനയിൽ അഭ്യർഥിച്ചു. കെടുതികൾ ഏറ്റവും കൂടുതലുണ്ടായ പ്രദേശങ്ങളിലെ പ്രവർത്തകർ  മറ്റു സംഘടനാ പ്രവർത്തനങ്ങളെല്ലാം നിർത്തിവച്ച്‌ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടണം.  കഴിഞ്ഞ വർഷത്തെ മഹാപ്രളയത്തിൽപോലുമില്ലാത്ത വെള്ളപ്പൊക്കവും ദുരിതങ്ങളുമാണ്‌ ഇരിട്ടി, പേരാവൂർ, ശ്രീകണ്‌ഠപുരം, ആലക്കോട്‌, മയ്യിൽ തുടങ്ങിയ മേഖലകളിൽ അനുഭവപ്പെട്ടത്‌. പുഴകളെല്ലാം കരകവിഞ്ഞൊഴുകുന്നു. ജലനിരപ്പ്‌ ഇനിയും വർധിക്കുമെന്നാണ്‌ അധികൃതരുടെ മുന്നറിയിപ്പ്‌. തീരപ്രദേശങ്ങളിൽ കടലാക്രമണവും രൂക്ഷമാണ്‌. ദുരിതാശ്വാസ ക്യാമ്പുകളും മറ്റും തുറന്ന്‌ സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമായ രക്ഷാപ്രവർത്തനങ്ങൾ നിർവഹിക്കുന്നുണ്ട്‌. സംസ്ഥാന സർക്കാരിന്റെ അഭ്യർഥനപ്രകാരം കേരളത്തിലെത്തുന്ന ദേശീയ ദുരന്ത പ്രതികരണ സേനയിൽ ഒരു ടീമിനെയും കൂടുതൽ അഗ്നിശമനസോംഗങ്ങളെയും  ജില്ലയിലേക്കയക്കണമെന്ന്‌ മുഖ്യമന്ത്രിയോടാവശ്യപ്പെട്ടിട്ടുണ്ട്‌. ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക്‌ ആശ്വാമേകാൻ പാർടി പ്രവർത്തകരുടെ സജീവ ഇടപെടലുകളും മുൻകൈയും ഉണ്ടാകണമെന്നും പ്രസ്‌താവനയിൽ പറഞ്ഞു.