ജമ്മുകാശ്മീരിനെ വിഭജിക്കുകയും ഭരണഘടന വ്യവസ്ഥകൾ ഇല്ലാതാക്കുകയും ചെയ്ത കേന്ദ്ര സർക്കാറിന്റെ ജനാധിപത്യ വിരുദ്ധ നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്താൻ ആഗസ്ത് 7 ന് ജില്ലയിലെ 18 കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കുവാൻ എൽ.ഡി. എഫ് കണ്ണൂർ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. യോഗത്തിൽ മുൻമന്ത്രി കെ.പി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു.

ഇന്ത്യ വിഭജനത്തെത്തുടർന്ന് ജമ്മു കാശ്മീരിനെ ഇന്ത്യയുടെ ഭാഗമായി കൊണ്ടുവരാൻ അന്നത്തെ ദേശീയ നേതാക്കളുടെ മുൻകൈയിൽ രൂപപ്പെട്ട പ്രത്യേക പദവിയും, ആർട്ടിക്കിൾ 35എ യും നിലവിലുള്ള ഭരണഘടന വ്യവസ്ഥകളെയും ഫെഡറൽ തത്വങ്ങളെയും ജനാധിപത്യത്തെയും കാറ്റിൽ പറത്തിക്കൊണ്ടാണ് ബി.ജെ.പി സർക്കാർ റദ്ദ് ചെയ്തിരിക്കുന്നത്. ധൃതി പിടിച്ചായിരുന്നു നിയമനിർമ്മാണം. രാജ്യസഭയിൽ അജണ്ടയിൽ ഉൾപ്പെടുത്താതെ ഏകപക്ഷീയമായി ബിൽ അവതരിപ്പിച്ചു. ഇന്ത്യയുടെ അഭിവാജ്യ ഘടകമായ ജമ്മുകാശ്മീരിലെ ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ സൈനിക ശക്തിയെ മാത്രം അടിസ്ഥാനമാക്കി രാജ്യത്തെ മുന്നോട്ട് നയിക്കാമെന്ന ആർ.എസ്.എസ് അജണ്ടയാണ് മതേതര രാജ്യത്തിനുമേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത്. ഏതിർശബ്ദം മുഴക്കാൻ മുതിരുന്ന ജമ്മുകാശ്മീരിലെ ജനനേതാക്കളെയെല്ലാം തടവിലാക്കിയും ജനങ്ങളുടെ മേൽ സൈനികവാഴ്ച അടിച്ചേൽപ്പിച്ചും ബി.ജെ.പി സർക്കാർ നടത്തുന്ന നീക്കങ്ങൾ ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കാൻ ഇടവരുത്തുന്നതാണ്. ഇന്ത്യയുടെ മതനിരപേക്ഷതയും ജനാധിപത്യവും അതിനെ സംരക്ഷിക്കുന്ന ഭരണഘടനവ്യവസ്ഥകളും ഒന്നൊന്നായി തകർത്തെറിഞ്ഞ് രാജ്യത്തെ ഫാസിസത്തിലേക്ക് നയിക്കാനുള്ള കേന്ദ്രസർക്കാറിന്റെ എല്ലാ ശ്രമങ്ങളെയും ജനങ്ങൾ ഒറ്റക്കെട്ടായി നിന്ന് ചെറുക്കേണ്ടതുണ്ട്. അതിന്റെ മുന്നോടിയായി ആഗസ്ത് 07 ന് ബുധനാഴ്ച സംഘടിപ്പിക്കുന്ന പ്രതിഷേധപരിപാടികളിൽ രാജ്യസ്‌നേഹികളായ മുഴുവൻ പേരും അണിചേരണമെന്ന് എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു.

പയ്യന്നൂർ പെരുമ്പ, ചെറുപുഴ, ആലക്കോട്, തളിപ്പറമ്പ്, ഇരിക്കൂർ, പഴയങ്ങാടി, പാപ്പിനിശ്ശേരി വെസ്റ്റ്, മയ്യിൽ, കണ്ണൂർ, താഴെചൊവ്വ, ചക്കരക്കല്ല്, മമ്പറം, തലശ്ശേരി, പാനൂർ, കൂത്തുപറമ്പ്, മട്ടന്നൂർ, ഇരിട്ടി, കാക്കയങ്ങാട് എന്നീ കേന്ദ്രങ്ങളിൽ നടക്കുന്ന പ്രകടനത്തിലും പൊതുയോഗത്തിലും പ്രമുഖ നേതാക്കൾ സംബന്ധിക്കും.

യോഗത്തിൽ എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ.പി.സഹദേവൻ സ്വാഗതം പറഞ്ഞു. എം.വി.ജ യരാജൻ, പി.സന്തോഷ്, പി.പി.ദിവാകരൻ, കെ.കെ.രാജൻ, കെ.കെ.ജയപ്രകാശ്, അഡ്വ.എ.ജെ.ജോസഫ്, പറക്കാട്ട് മുഹമ്മദ്, ജോസ് ചെമ്പേരി, വത്സൻ മാസ്റ്റർ, ഉണ്ണികൃഷ്ണൻ, സി.പി.സന്തോഷ്, ടി.കൃഷ്ണൻ എന്നിവർ സംസാരിച്ചു.