തലശ്ശേരി ബ്രണ്ണൻ കോളേജ് പ്രിൻസിപ്പാളിന് നേരെയുണ്ടായ സംഘപരിവാർ സംഘടനകളുടെ വധഭീഷണിയും ആർഎസ്എസ് മാനേജ്‌മെന്റിന് കീഴിലുള്ള ഇരിട്ടി പ്രഗതി കോളേജിൽ വിദ്യാർത്ഥിക്ക് നേരെയുണ്ടായ അക്രമവും പ്രതിഷേധാർഹമാണ്.  സംഘപരിവാർ നടത്തുന്ന ഇത്തരം ക്രൂര നടപടികളെ മുഖ്യധാരാ മാധ്യമങ്ങൾ തമസ്‌കരിക്കുകയോ നിസ്സാരവൽക്കരിക്കുകയോ ആണ് ചെയ്തുകൊണ്ടിരിക്കുന്നത്.  പ്രിൻസിപ്പാളിന്റെ ചേംബറിൽ ഇരച്ചുകയറിയാണ് പുറമെനിന്നും എത്തിയ ക്രിമിനൽ സംഘം ബ്രണ്ണൻ കോളേജിൽ അതിക്രമങ്ങൾ കാട്ടിയത്.  പോലീസിന്റെ സാന്നിദ്ധ്യത്തിൽ ചർച്ച നടത്തുമ്പോഴും പിന്നീട്  ഫോണിലൂടെ നിരവധി തവണയും  വധഭീഷണി ആവർത്തിക്കുകയായിരുന്നു.  ജീവനിൽ ഭയമുള്ളതിനാൽ തന്റെ മരണമൊഴി രേഖപ്പെടുത്തണമെന്നുപോലും പ്രിൻസിപ്പാൾ പോലീസിനോട് പറഞ്ഞതിൽ നിന്ന് ഇക്കൂട്ടരുടെ അതിക്രമങ്ങൾ എത്ര നീചവും നിന്ദ്യവുമാണെന്ന് വ്യക്തമാകുന്നു.  ജില്ലയിൽ കലാലയങ്ങളിൽ നിലനിൽക്കുന്ന സമാധാനാന്തരിക്ഷം തകർക്കുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യം.  

പ്രഗതി കോളേജിൽ എസ്എഫ്‌ഐ പോലുള്ള വിദ്യാർത്ഥിസംഘടനകളുടെ പ്രവർത്തനം അനുവദിക്കില്ലെന്നാണ് ആർഎസ്എസ് നേതാവ് ഭീഷണി മുഴക്കിയത്.  ഭീഷണിയും പരസ്യമായ അപവാദ പ്രചരണവും മനസ്സിൽ സൃഷ്ടിച്ച ആഘാതമാണ് ഒരു വിദ്യാർത്ഥിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത്.  മാനേജ്‌മെന്റിന്റെ രാഷ്ട്രീയചൊൽപ്പടിക്ക് വിദ്യാർത്ഥികൾ വഴങ്ങണമെന്ന ധാർഷ്ട്യമാണ് ഇരിട്ടി കോളേജിൽ മാനേജ്‌മെന്റ് നിയോഗിച്ച പ്രത്യേകസംഘം നടത്തുന്ന നടപടികൾ.  അങ്ങേയറ്റം പ്രതിഷേധമാണിത്.  ജനാധിപത്യവിശ്വാസികളാകെ ഈ നടപടിക്കെതിരെ രംഗത്തിറങ്ങണം.