റീ പോളിംഗ് നടക്കുന്ന പാമ്പുരുത്തി ബൂത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി പി.കെ. ശ്രീമതി ടീച്ചർ വീടുകയറി വോട്ടർമാരോട് വോട്ടഭ്യർത്ഥിക്കുന്ന വേളയിൽ തടയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണം.  ഇത്തരമൊരു പരിതസ്ഥിതിയിൽ റീപോളിംഗ് നീതിപൂർവ്വവും നിഷ്പപക്ഷവുമായി നടത്താൻ ആവശ്യമായ നടപടികൾ ഇലക്ഷൻ അധികൃതർ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
 
സ്ഥാനാർത്ഥി തന്നെ പരസ്യമായി കള്ളവോട്ടിന് ആഹ്വാനം ചെയ്യുമ്പോൾ അണികൾ തങ്ങൾക്ക് സ്വാധീനമുള്ള പ്രദേശങ്ങളിൽ അത് പരമാവധി പ്രാവർത്തികമാക്കുകയാണ് ചെയ്യുന്നത്. പാമ്പുരുത്തിയിലും പുതിയങ്ങാടിയിലും ഇതാണ് കണ്ടത്. ഏപ്രിൽ 23ന് നൂറുകണക്കിന് കള്ളവോട്ട് യുഡിഎഫ് ചെയ്തതായി ജില്ലാ കലക്ടർ ഉൾപ്പെടെയുള്ളവർക്ക് ബോധ്യമായതും 12 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തതാണ്. കള്ളവോട്ട് ചെയ്തതിന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്യപ്പെടേണ്ടവർ ഇനിയുമുണ്ട്. ഇവിടങ്ങളിൽ യുഡിഎഫ് കള്ളവോട്ട് ചെയ്യുന്ന രീതി ഏവരെയും ഞെട്ടിപ്പിക്കുന്നതാണ്. യുഡിഎഫിന്റെ ഭൂരിപക്ഷ പ്രദേശമായതിനാൽ ക്രിമിനലുകളെ ഉപയോഗിച്ച് ബൂത്തുകൾ പിടിച്ചെടുത്തുകൊണ്ട് കള്ളവോട്ട് ചെയ്യുന്നതാണ് ഒരു രീതി.  വോട്ടറെ കൃത്യമായി തിരിച്ചറിയണമെന്ന് പോളിംഗ് ഉദ്യോഗസ്ഥന്മാർ ആവശ്യപ്പെട്ടാൽ അവരെ ഭീഷണിപ്പെടുത്തുകയും എൽഡിഎഫ് പോളിംഗ് ഏജന്റുമാർ ചലഞ്ച് ചെയ്താൽ അവരെ മർദ്ദിച്ചുകൊണ്ട് കള്ളവോട്ട് ചെയ്യുകയുമാണ് മറ്റൊരു രീതി. ഇതാണ് ഏപ്രിൽ 23ന് കണ്ടത്.  ഒരാൾ തന്നെ അഞ്ചുകള്ളവോട്ടുകൾ വരെ ചെയ്യുന്നത് തെളിഞ്ഞതാണ്. കള്ളവോട്ട് ചെയ്യാൻ ക്യൂവിൽ നിൽക്കുന്നവർക്ക് സ്ലിപ് കൊണ്ടുപോയി കൊടുക്കുന്നത് മുന്നേ തയ്യാറാക്കിയ സംഘാംഗങ്ങളാണ്. കള്ളവോട്ട് ചെയ്യുന്നവർ ക്യൂവിൽ നിന്ന് മാറുന്നതേയില്ല.  ഒരു വോട്ട് ചെയ്തതിനുശേഷം വീണ്ടും വോട്ട്‌ചെയ്യാൻ ക്യൂവിൽ കയറുകയാണ് ചെയ്തത്.  അതുകൊണ്ടുതന്നെ പോളിംഗ് സ്‌റ്റേഷനകത്ത് വെച്ച് വോട്ടറെ തിരിച്ചറിയാൻ സംവിധാനമൊരുക്കിയാൽ മാത്രം പോര, ക്യൂവിൽ നിൽക്കുന്ന വോട്ടർമാരെ തിരിച്ചറിയാനും സംവിധാനമുണ്ടാക്കണം.  ഈ ബൂത്തുകളിൽ അകത്തും പുറത്തും കാമറയുണ്ടാവണം.  പർദ്ദ ധരിച്ച് വോട്ട് ചെയ്യാൻ എത്തിച്ചേരുന്നവരുടെ കാര്യത്തിൽ മുഖാവരണം മാറ്റിയാൽ മാത്രമേ വോട്ടറെ തിരിച്ചറിയാൻ കഴിയൂ എന്നതിനാൽ അത് കർശനമായി നടപ്പിലാക്കണം.  ഏപ്രിൽ 23ന് തെരഞ്ഞെടുപ്പ് നടന്നപ്പോൾ പർദ്ദധരിച്ചെത്തിയ 50ലേറെ പേർ പാമ്പുരുത്തിയിലും നൂറോളം പേർ പുതിയങ്ങാടിയിലും മുഖാവരണം മാറ്റാത്തതുകൊണ്ടുതന്നെ തിരിച്ചറിയാൻ ഉദ്യോഗസ്ഥർക്ക് സാധിച്ചില്ല. മുഖാവരണം മാറ്റാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടപ്പോൾ അത് ചെയ്തുമില്ല.  ആവശ്യത്തിന് പോലീസ് ഉണ്ടാകാതിരുന്നതുകൊണ്ട് ഇത്തരം നിയമവിരുദ്ധ നടപടികൾ തടയാനും കഴിഞ്ഞില്ല.  അതുകൊണ്ട് തന്നെ ആവശ്യമായ പോലീസ് സുരക്ഷാ സംവിധാനം ഉണ്ടാക്കണം.ഇത് സംബന്ധിച്ച് ചീഫ് ഇലക്ഷന്‍ ഓഫീസര്‍ക്കും, ജില്ലാ കലക്ടര്‍ക്കും, ജില്ലാ പോലീസ് ചീഫിനും പരാതി നല്‍കിയിട്ടുണ്ടെന്നും എം.വി. ജയരാജൻ പ്രസ്താവനയിലൂടെ അറിയിച്ചു.