കണ്ണൂർ: കാസർകോട‌്, കണ്ണൂർ മണ്ഡലങ്ങളിലായി ജില്ലയിൽ റിപോളിങ‌് നടക്കുന്ന നാലു ബൂത്തുകളിലും എൽഡിഎഫ‌് വിജയം ഉറപ്പുവരുത്താനാവശ്യമായ പ്രവർത്തനങ്ങളിൽ വ്യാപൃതരാകാൻ മുന്നണി പ്രവർത്തകരോടും എൽഡിഎഫ‌് സ്ഥാനാർഥികൾക്ക‌് വോട്ടു ചെയ്യാൻ മുഴുവൻ വോട്ടർമാരോടും സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പ്രസ‌്താവനയിൽ അഭ്യർഥിച്ചു. 
 
വ്യക്തമായ രാഷ‌്ട്രീയ നിലപാട‌് അവതരിപ്പിച്ചുകൊണ്ടാണ‌് ഇടതുപക്ഷം ഈ തെരഞ്ഞെടുപ്പിൽ ജനങ്ങളെ അഭിമുഖീകരിച്ചത‌്. ജനങ്ങളെ ഭിന്നിപ്പിക്കുകയും   അനേകം ദ്രോഹ നടപടികളിലൂടെ കഷ്ടപ്പെടുത്തുകയും ചെയ‌്ത ബിജെപി സർക്കാരിനെ താഴെയിറക്കി ഇടതുപക്ഷത്തിന‌് സ്വാധീനമുള്ള ഒരു മതനിരപേക്ഷ സർക്കാരിനെ അധികാരത്തിൽ കൊണ്ടുവരികയാണ‌് ലക്ഷ്യം. കേരളത്തിലെ എൽഡിഎഫ‌് സർക്കാർ ഈ നാടിന്റെ അഭിവൃദ്ധിക്കും ജനങ്ങളുടെ ക്ഷേമത്തിനുമായി നടത്തുന്ന ഇടപെടലുകൾ ഏവർക്കും ബോധ്യമുള്ളതാണ‌്. മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം ജനീവയിൽ ഐക്യരാഷ‌്ട്ര സംഘടന സംഘടിപ്പിച്ച അന്താരാഷ‌്ട്ര പുനർനിർമാണ സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തത‌്  മലയാളികളെയാകെ അഭിമാനം കൊള്ളിക്കുന്നു. മഹാപ്രളയം നേരിടുന്നതിൽ എൽഡിഎഫ‌് സർക്കാരും മുഖ്യമന്ത്രിയും കാണിച്ച  നേതൃമികവിനുള്ള അംഗീകാരമായാണ‌് മുഖ്യമന്ത്രിക്ക‌് ഈ ചടങ്ങിലേക്ക‌് ക്ഷണം ലഭിച്ചത‌്.  ശനിയാഴ‌്ച ലണ്ടനിൽ കിഫ‌്ബി മസാല ബോണ്ട‌് ഇറക്കൽ ചടങ്ങിലും  മുഖ്യമന്ത്രി മുഖ്യാതിഥിയായി പങ്കെടുക്കുന്നു. നവകേരള സൃഷ്ടിക്കായി  എൽഡിഎഫ‌് സർക്കാർ നടത്തുന്ന ആത്മാർഥമായ  പ്രവർത്തനത്തിന്റെ സാക്ഷ്യപത്രമാണ‌് ഈ പരിപാടിയും. എൽഡിഎഫിനു നൽകുന്ന ഓരോ വോട്ടും പിണറായി സർക്കാരിന്റെ കരങ്ങൾക്ക‌് ശക്തിപകരും.
 
വിദേശങ്ങളിൽനിന്നു വരെ ആളുകളെ ഇറക്കി യുഡിഎഫ‌് സംഘടിതമായി കള്ളവോട്ടു ചെയ‌്തതാണ‌് റിപോളിങ്ങിലേക്കു നയിച്ചത‌്. ഒരാൾ തന്നെ അഞ്ചു വോട്ടു വരെ ചെയ‌്ത അനുഭവം യുഡിഎഫ‌് കേന്ദ്രങ്ങളിലുണ്ട‌്.  കള്ളവോട്ടു ചെയ‌്തതായി 12 യുഡിഎഫുകാർക്കെതിരെ പൊലീസ‌്ക കേസെടുത്തിട്ടുണ്ട‌്. കളളവോട്ടിനായി മൊബൈൽ സ‌്ക്വാഡ‌് വരെ തയ്യാറാക്കി നിഷ‌്പക്ഷ തെരഞ്ഞെടുപ്പ‌് അട്ടിമറിക്കാൻ ശ്രമിച്ചവർക്കെതിരെ പ്രബുദ്ധരായ വോട്ടർമാർ സമ്മതിദാനാവകാശം ഉപയോഗിക്കണം. 
 
റീപോളിങ‌് നീതിപൂർവമാക്കാനും കള്ളവോട്ട‌് തടയാനും അധികൃതർ ജാഗ്രത പുലർത്തണം. മുഖംമറച്ചു വരുന്നവരെയടക്കം ഏജന്റുമാർക്കും പോളിങ‌് ഉദ്യോഗസ്ഥർക്കും തിരിച്ചറിയാൻ സംവിധാനമുണ്ടാകണമെന്നും എം വി ജയരാജൻ പ്രസ‌്താവനയിൽ പറഞ്ഞു.