നടുവില്‍ ബോംബ് സ്ഫോടന കേസിലെ പ്രതിയുടെ പോലീസിനോടുള്ള വെളിപ്പെടുത്തല്‍ സംബന്ധിച്ച് കുറ്റമറ്റ രീതിയിലുള്ള അന്വേഷണം നടത്തി മുഴുവന്‍ പ്രതികളെയും നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരണമെന്ന് സി.പി.ഐ(എം) ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ ആവശ്യപ്പെട്ടു.
ആര്‍.എസ്.എസ് നേതൃത്വത്തിന്‍റെ നിര്‍ദ്ദേശാനുസരണമാണ് ബോംബ് നിര്‍മ്മിച്ചതെന്ന് കേസിലെ പ്രതിയും, ആര്‍.എസ്.എസ് കാര്യവാഹകുമായ ഷിബു പോലീസിനോട് വെളിപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് സമയത്ത് കലാപമുണ്ടാക്കാനാണ് ആര്‍.എസ്.എസ് ലക്ഷ്യമിട്ടതെന്ന് ഇതിലൂടെ തെളിയുകയാണ്. ഈ വെളിപ്പെടുത്തലിനെ കുറിച്ച് ആര്‍.എസ്.എസ് നേതൃത്വം മറുപടി പറയണം. തികച്ചും സമാധാനപരമായാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്. ബോംബോ, ആയുധങ്ങളോ നിര്‍മ്മിക്കുകയോ, സംഭരിക്കുകയോ ചെയ്യേണ്ട യാതൊരു കാര്യവുമില്ല. ബോംബ് സ്വന്തമായി നിര്‍മ്മിച്ചതും, തന്‍റെ വീട്ടില്‍ നിന്നും കണ്ടെത്തിയ മഴു, വടിവാളുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ പയ്യന്നൂര്‍ മേഖലയിലെ ആര്‍.എസ്.എസ് ക്രിമിനലുകള്‍ എത്തിച്ചതാണെന്നുമാണ് ഷിബു നല്‍കിയിട്ടുള്ള മൊഴി. ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ ഇക്കൂട്ടര്‍ ആയുധം സംഭരിച്ചതായി സംശയിക്കേണ്ടിയിരിക്കുന്നു. ആര്‍.എസ്.എസ് ഉന്നത നേതൃത്വത്തിന്‍റെ നിര്‍ദ്ദേശാനുസരണമാണ് ആയുധങ്ങള്‍ നിര്‍മ്മിക്കുകയും, സംഭരിക്കുകയും ചെയ്തത്. അതിനാല്‍ മുഖ്യപ്രതികള്‍ ആര്‍.എസ്.എസിന്‍റെ ഉന്നത നേതൃത്വമാണ്. അവരെക്കൂടി പ്രതി ചേര്‍ത്ത് അന്വേഷണം നടത്തണം. കലാപമുണ്ടാക്കിയാല്‍ മാത്രമേ നേതൃത്വത്തിന് നിലനില്‍ക്കാനാവൂ.
ഒരു കുടുംബത്തിന്‍റെ സാമ്പത്തീക പരാധീനതയാണ് താന്‍ കുറ്റകൃത്യങ്ങള്‍ ഏറ്റെടുക്കുന്നതിന് പ്രേരകമായതെന്ന് പ്രതി പറയുകയുണ്ടായി. ഷിബുവിന്‍റെ സാമ്പത്തീക പ്രയാസം ആര്‍.എസ്.എസ് നേതൃത്വം മുതലെടുക്കുകയായിരുന്നു. മനുഷ്യത്വമില്ലാത്തവരാണ് ആര്‍.എസ്.എസ് നേതൃത്വത്തിലുള്ളതെന്ന് ഇതിലൂടെ തെളിയുകയാണ്. ആര്‍.എസ്.എസ് നേതൃത്വത്തിന്‍റെ മനുഷ്യത്വരഹിതമായ ഈ പ്രവൃത്തിയിലൂടെ നിഷ്കളങ്കരായ രണ്ട് പിഞ്ചുകുട്ടികള്‍ തീരാവേദന തിന്ന് ആശുപത്രിയില്‍ കഴിയുകയാണ്. ഇവര്‍ സഹിക്കുന്ന വേദനയ്ക്ക് ആര്‍.എസ്.എസ് നേതൃത്വം മറുപടി പറഞ്ഞേ തീരു എന്ന് ജയരാജന്‍ പ്രസ്താവനയില്‍ അറിയിച്ചു.