മുഖ്യശത്രു ബിജെപിയല്ല സി.പി.ഐ(എം) ആണ് എന്നാണ് കണ്ണൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും കെ.പി.സി.സിയുടെ വര്‍ക്കിംഗ് പ്രസിഡന്‍റുമായ കെ.സുധാകരന്‍ പറഞ്ഞത്. ഇത് ആര്‍എസ്എസ്സിന്‍റെ വോട്ട് ലഭിക്കാനുള്ള തന്ത്രമാണ്. ജനാധിപത്യവിശ്വാസികള്‍ ഈ ഹീന നീക്കം തിരിച്ചറിയണമെന്ന് സി.പി.ഐ(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു. 
 
ബിജെപിയെ ദേശീയ അടിസ്ഥാനത്തില്‍ നേരിടുന്നത് കോണ്‍ഗ്രസ്സാണ് എന്നാണ് ആ പാര്‍ട്ടിയുടെ നേതാക്കള്‍ അവകാശപ്പെടുന്നത്. ഇക്കാര്യം കെ.സുധാകരന് അറിയാത്തതല്ല. മറിച്ച് സി.പി.ഐ(എം) വിരോധം പറഞ്ഞാലേ ആര്‍.എസ്.എസ്സ് ഉള്‍പ്പെടെയുള്ള വര്‍ഗീയ ശക്തികളുടെ വോട്ടു കിട്ടൂ എന്നതുകൊണ്ടാണ് ഇത്തരത്തിലുള്ള പ്രസ്താവനകള്‍.
 
രാജ്യത്തെ മഹാവിപത്തിലേക്ക് നയിക്കുന്ന വര്‍ഗീയതയ്ക്കെതിരെ ഒരക്ഷരം പറയാന്‍ കെ.സുധാകരന്‍ തയ്യാറായിട്ടില്ല. ബി.ജെ.പിയുടെ പാതയില്‍ തന്നെയാണ് കോണ്‍ഗ്രസ് എന്നാണ് ഈ നിലപാടിലൂടെ സാധൂകരിക്കപ്പെടുന്നത്. ഈ സ്ഥാനാര്‍ത്ഥി തെരഞ്ഞെടുക്കപ്പെട്ടാല്‍ എവിടെയെത്തും എന്നതിന്‍റെ സൂചനയാണിത്. കണ്ണൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ ശ്രീമതി ടീച്ചര്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കും എന്ന് ഉറപ്പാണ്. 
 
ജനങ്ങളെ ഭിന്നിപ്പിക്കുന്ന വര്‍ഗീയതയ്ക്കെതിരെ ഉറച്ച നിലപാടാണ് ഇടതുപക്ഷം സ്വീകരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെ താഴത്തിറക്കുകയാണ് മുഖ്യ കടമയെന്ന് സിപിഐഎം പ്രഖ്യാപിച്ചത്. സുധാകരന്‍ന്‍റെ പ്രസ്താവനയോട് മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എന്തുപറയാനുണ്ടെന്ന് അറിയാന്‍ താല്പര്യമുണ്ട്. 
എല്‍ഡിഎഫിന്‍റെ പ്രചാരണം ഇവന്‍റ് മാനേജ്മെന്‍റ് ടീമിനെ ഏല്‍പ്പിച്ചതുകൊണ്ടാണ് പ്രചാരണത്തില്‍ കോണ്‍ഗ്രസ് പിറകിലായതെന്നാണ് സുധാകരന്‍ പറയുന്നത്. ഇവന്‍റ് മാനേജ്മെന്‍റിനെ ഏല്‍പ്പിക്കുന്നത് കോണ്‍ഗ്രസ്സിന്‍റെ രീതിയാണ്. മള്‍ട്ടി നാഷണല്‍ കമ്പനിയെ പ്രചരണത്തിന്‍റെ എല്ലാ ചുമതലകളും ഏല്‍പ്പിച്ചവരാണ്  എല്‍.ഡി.എഫിനെ കുറ്റം പറയുന്നത്. എല്‍ഡിഎഫിന്‍റെ പ്രചാരണം നടത്തുന്നത് ആയിരക്കണക്കിന് പ്രവര്‍ത്തകരാണ്. അത് ജനങ്ങള്‍ക്ക് കാണാന്‍ കഴിയുന്നുണ്ട്. വീഡിയോ ഉള്‍പ്പെടെ പരിചയ സമ്പന്നരായ എല്‍.ഡി.എഫ് പ്രവര്‍ത്തകരാണ് തയ്യാറാക്കുന്നത്. സ്വന്തം ശീലം മറ്റുള്ളവരുടെ മേല്‍ ചാര്‍ത്തുന്ന സുധാകരന്‍ തന്‍റെ പാര്‍ട്ടി പ്രചാരണത്തില്‍ പിന്നിലാണെന്ന് സമ്മതിച്ചിരിക്കുകയാണ്. പ്രചാരണത്തില്‍ മാത്രമല്ല, ജനങ്ങളുടെ പിന്തുണയിലും എല്‍.ഡി.എഫ് വളരെ മുന്നിലാണ്, അതുകൊണ്ടാണ് ശ്രീമതി ടീച്ചറുടെ വിജയം സുനിശ്ചിതമാണെന്ന് എം.വി. ജയരാജന്‍ പ്രസ്ഥാവനയില്‍ പറഞ്ഞു.