തലശേരി ചെട്ടിമുക്കിലെ ബിജെപി ഓഫീസിന് സമീപത്തെ പൈപ്പ് ബോംബ് സ്ഫോടനം സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് സിപിഐ(എം) ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.ചെട്ടിമുക്ക് ആര്‍ എസ് എസ് ശക്തികേന്ദ്രമാണ്.ഇവിടെ സൂക്ഷിച്ച് വെച്ച പൈപ്പ് ബോംബ് പൊട്ടിയതിനെ തുടര്‍ന്നാണ് മൂന്ന് നിരപരാധികള്‍ക്ക് മാരകമായി പരിക്കേറ്റത്.
 
കഴിഞ്ഞ ദിവസമാണ് തലശേരി ജഗന്നാഥ ക്ഷേത്രോത്സവം സമാപിച്ചത്.ഉത്സവസമയങ്ങളില്‍ ആര്‍ എസ് എസ് എല്ലാവര്‍ഷവും സംഘര്‍ഷമുണ്ടാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടത്താറുണ്ട്.
ഉത്സവത്തിനിടെ സംഘര്‍ഷമുണ്ടാക്കി നാട്ടില്‍ കലാപം നടത്താന്‍ വേണ്ടി സൂക്ഷിച്ചാണോ ഈ പൈപ്പ് ബോംബുകളെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
 
സമീപദിവസങ്ങളിലായി ആര്‍ എസ് എസ്/ബിജെപി കേന്ദ്രങ്ങളില്‍ മാരകായുധങ്ങള്‍ പോലീസ് കണ്ടെടുക്കുകയുണ്ടായി.പാനൂര്‍ ഏലാങ്കോട്ട് ആര്‍ എസ് എസ് കേന്ദ്രത്തില്‍ നടത്തിയ പോലീസ് റെയ്ഡില്‍ നിരവധി മാരകായുധങ്ങളാണ് പിടിക്കപ്പെട്ടത്.ഇതെല്ലാം കാണിക്കുന്നത് സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ ആക്രമണം നടത്തുന്നതിന് ആര്‍ എസ് എസിലെ ഒരു വിഭാഗം തയ്യാറെടുക്കുന്നു എന്നതാണ്.ഇക്കാര്യത്തില്‍ പോലീസ് ആവശ്യമായിട്ടുള്ള നടപടികള്‍ കൈക്കൊള്ളണം.ആര്‍ എസ് എസ് കേന്ദ്രങ്ങളില്‍ പോലീസ് റെയ്ഡ് നടത്തി സൂക്ഷിച്ചുവെച്ച ആയുധങ്ങള്‍ പിടിച്ചെടുക്കണം.സമാധാന ഭംഗം വരുത്താനുള്ള ആര്‍ എസ് എസ്/ബിജെപി നീക്കത്തിനെതിരായി സമാധാന കാംക്ഷികള്‍ രംഗത്ത് വരണമെന്നും സെക്രട്ടറിയറ്റ് അഭ്യര്‍ത്ഥിച്ചു.