പരിയാരം മെഡിക്കല്‍ കോളേജ് പൂര്‍ണ്ണമായും കേരള സര്‍ക്കാറിന്‍റെ നിയന്ത്രണ ത്തില്‍കൊണ്ട് വന്ന ഓര്‍ഡിനന്‍സ് അഭിനന്ദനാര്‍ഹമാണെന്ന് സിപിഐ(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവിച്ചു.
 
കേരളത്തിലെ മറ്റ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളെ പോലെ ഇനിമുതല്‍ പരിയാരം മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിനും പ്രവര്‍ത്തിക്കാനാകും. ജനങ്ങള്‍ക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ സൗകര്യങ്ങള്‍ ലഭ്യമാകും.അനുബന്ധ സ്ഥാപനങ്ങളായ  ദന്തല്‍, ഫാര്‍മസി,. നഴ്സിംഗ് കോളേജുകളും നഴ്സിംഗ് സ്കൂള്‍, ഹൃദയാലയ , ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സ് തുടങ്ങിയ സ്ഥാപനങ്ങളെളേയും കൂടാതെ അവിടെ പ്രവര്‍ത്തിക്കുന്ന പബ്ലിക് സ്കൂളും (സിബിഎസ്ഇ) സംസ്ഥാന സിലബസിലേക്ക് വരുമെന്നതും എടുത്ത് പറയത്തക്ക പ്രത്യേകതകളാണ്.
 
സര്‍ക്കാറിന്‍റെ ഭൂമിയും പണവും ഉപയോഗിച്ച് പരിയാരത്ത് ആരംഭിച്ച മെഡിക്കല്‍ കോളേജ് പൊതുമേഖലയില്‍ കൊണ്ടുവരണം എന്നാവശ്യപ്പെട്ടുകൊണ്ട് നിരവധി വര്‍ഷങ്ങളായി നടന്ന ഐതിഹാസിക  സമരങ്ങളുടെ ഫലമായാണ് ഇന്ന് ഈ നിലയിലേക്ക് മെഡിക്കല്‍ കോളേജ് എത്തിച്ചേര്‍ന്നത്. വിദ്യാഭ്യാസ കച്ചവടത്തിനും അഴിമതിക്കുമെതിരെ നടന്ന സമരങ്ങളെ യുഡിഎഫ് ഭരണകാലത്ത് ചോരയില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചു.സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും വിദ്യാര്‍ത്ഥികളും ചെറുപ്പക്കാരും പോലീസിനാല്‍ വേട്ടയാടപ്പെട്ടു. സമാധാന പരമായി നടന്ന സമരത്തിന് നേരെ വെടിവെച്ച് കൂത്തുപറമ്പില്‍ അഞ്ച് ചെറുപ്പക്കാരെ കൊല പ്പെടുത്തുകയുണ്ടായി.ചൊക്ലിയിലെ സ:പുഷ്പന്‍ ഇന്നയും ശയ്യാലവംബിയാണ്.
 
പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുക വഴി കൂത്തുപറമ്പിലെ രക്തസാക്ഷിത്വം വൃഥാവിലല്ലെന്ന് തെളിയിക്കപ്പെട്ടു.മെഡിക്കല്‍ കോളേജ് പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവരാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ തീരുമാനം വടക്കന്‍ ജില്ലകള്‍ക്ക് കിട്ടിയ ഒരു ബഹുമതിയാണെന്നും ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.