ഷുക്കൂര്‍ കേസില്‍ മതിയായ തെളിവില്ലാതെ ധൃതിപിടിച്ച് അനുബന്ധകുറ്റപത്രം സമര്‍പ്പിച്ച സിബിഐക്കേറ്റ കനത്തതിരിച്ചടിയാണ് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അനുബന്ധകുറ്റപത്രം മടക്കിയ നടപടിയെന്ന് ജില്ലാ സെക്രട്ടറിയറ്റ് പ്രസ്തവസനയിൽ പറഞ്ഞു.  സംഘ്പരിവാറിന്റെയും യുഡിഎഫിന്റെയും തെരഞ്ഞെടുപ്പ് അജണ്ട ലക്ഷ്യമാക്കിയാണ് നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കാതെ ഷുക്കൂര്‍കേസില്‍ ധൃതിപിടിച്ച് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചതെന്ന് ഇതോടെ തെളിയുകയാണ്.  എറണാകുളം സിജെഎം കോടതിമുമ്പാകെ കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ അനുബന്ധകുറ്റപത്രം സമര്‍പ്പിച്ചപ്പോഴും മടക്കുയാണ് ചെയ്തത്. 
 
വിചാരണക്കായി തലശേരി കോടതിമുമ്പാകെ വീണ്ടും സമര്‍പ്പിച്ച കുറ്റപത്രത്തിന്മേല്‍ നടപടി തുടങ്ങിയപ്പോള്‍ വിചാരണ കോടതി മാറ്റണമെന്ന വിചിത്രവാദമാണ് കേന്ദ്രകുറ്റാന്വേഷണ ഏജന്‍സിയില്‍ നിന്നുണ്ടായത്. സ്വതന്ത്ര അന്വേഷണ ഏജന്‍സിയെന്ന നിലവിട്ടുകൊണ്ട് പ്രവര്‍ത്തിച്ച സിബിഐയുടെ രാഷ്ട്രീയനീക്കത്തിനാണ് കോടതിയില്‍ നിന്ന് പ്രഹരമേറ്റത്. ഹൈക്കോടതിയെ സമീപിക്കാന്‍ സാവകാശംവേണമെന്ന സിബിഐ ആവശ്യംപോലും കോടതി അനുവദിച്ചില്ലെന്നത് എത്രമാത്രം നിയമവിരുദ്ധമായാണ് അവര്‍ നീങ്ങിയതെന്നതിന്റെ തെളിവാണ്.
 
യുഡിഎഫിന്റെയും സംഘ്പരിവാരശക്തികളുടെയും രാഷ്ട്രീയതാല്‍പര്യം നിറവേറ്റികൊടുക്കുന്ന ഏജന്‍സിയായാണ് സിബിഐ പ്രവര്‍ത്തിക്കുന്നതെന്ന് തെളിയിക്കുകയാണ് ഷുക്കൂര്‍ കേസില്‍ ചെയ്തത്. കേരള പൊലീസ് അന്വേഷിച്ച് തലശേരികോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ സിബിഐ തുടരന്വേഷണം നടത്തിയപ്പോള്‍ ഒരുവകുപ്പ് മാറിയതല്ലാതെ മറ്റൊന്നും പുതുതായി കണ്ടെത്താനായില്ലെന്നതും കേസിലെ രാഷ്ട്രീയഇടപെടല്‍ വ്യക്തമാക്കുന്നതാണ്.  സിപിഐ എം ജില്ലസെക്രട്ടറി പി ജയരാജന്‍, സംസ്ഥാനകമ്മിറ്റി അംഗം ടി വി രാജേഷ് എംഎല്‍എ എന്നിവരടക്കമുള്ളവര്‍ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തി രാഷ്ട്രീയപ്രചാരണത്തിന് അവസരമൊരുക്കുകയാണ് സിബിഐയും ചെയ്തത്.  ഗൂഢാലോചന കുറ്റം ചുമത്തപെട്ടവർ കുറ്റവിമുക്തരാക്കുന്നതിന് സമര്‍പ്പിച്ച വിടുതല്‍ ഹരജി കോടതിയുടെ പരിഗണനയിലാണ്.  ഈ ഹരജി തള്ളാതെ കേസ് പരിഗണിക്കുന്നത്  ഏത് കോടതിയാണോ ആ കോടതി തീർപ്പ് കൽപ്പിക്കുമെന്നുമാണ് തലശേരി കോടതി ഇന്ന് ഉത്തരവിട്ടത്. 
 
തുടരന്വേഷണം സിബിഐക്ക് വിട്ട ഹൈക്കോടതിവിധിക്കെതിരെ സുപ്രിംകോടതിമുമ്പാകെ പ്രതിഭാഗം സമര്‍പ്പിച്ച സ്‌പെഷ്യൽ ലീവ്  ഹരജിയില്‍ തീര്‍പ്പുണ്ടാവുന്നതിന് പോലും കാത്തുനില്‍കാതെ കുറ്റപത്രം സമര്‍പ്പിച്ചതും രാഷ്ട്രീയതാല്‍പര്യം വ്യക്തമാക്കുന്നതാണെന്ന് ജില്ലസെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.