ഇരിട്ടിയിലെ മുസ്ലിം ലീഗ് ഓഫീസില്‍ കഴിഞ്ഞ ദിവസമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരണമെന്ന് സിപിഐ(എം) ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ആവശ്യപ്പെട്ടു.
 
ഒന്നരക്കിലോമീറ്റര്‍ വിസ്തൃതിയിലുള്ള ജനങ്ങളെയാകെ ഞെട്ടിപ്പിച്ച സ്ഫോടനമാണ് ലീഗോഫീസില്‍ ഉണ്ടായത്.മാത്രമല്ല ഉഗ്രശേഷിയുള്ള ബോംബുകളും വടിവാളുകളും പോലീസ് കണ്ടെടുക്കുകയും ചെയ്തു.പൊതുവേ സമാധാനം നിലനില്‍ക്കുന്ന ഇരിട്ടിയില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നതിന് വേണ്ടി സൂക്ഷിച്ചതാണ് ഇതെന്നാണ് മനസ്സിലാകുന്നത്.സ്ഫോടനം നടന്നയുടന്‍ എയര്‍ കംപ്രസ്സര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത് എന്ന് ബോധപൂര്‍വ്വം ലീഗ് നേതൃത്വം പ്രചരിപ്പിച്ചത് എന്തിനായിരുന്നു?.പോലീസെത്തിയപ്പോള്‍ വലിയ അളവിലുള്ള വെടിമരുന്നിന്‍റെ അവശിഷ്ടമാണ് കണ്ടെടുത്തത്.ഇതിന്‍റെ അടിസ്ഥാനത്തില്‍ മുസ്ലിം ലീഗ് ഭാരവാഹികള്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്. അതോടൊപ്പം സ്ഫോടനത്തിന് ശേഷം ബോധപൂര്‍വ്വം കള്ളപ്രചരണം നടത്തിയ മുസ്ലിം ലീഗ് പ്രവര്‍ത്തകരെ പോലീസ് ചോദ്യം ചെയ്യണം.എങ്കിലേ ഇതിന്‍റെ ഉള്ളുകള്ളികള്‍ പുറത്ത് വരികയുള്ളൂ.
 
എയര്‍ കംപ്രസ്സര്‍ പൊട്ടിയെന്ന നുണ പ്രചരണം ഏശിയില്ലെന്ന് വന്നപ്പോഴാണ് സിപിഐ എമ്മിന് എതിരായ അപവാദപ്രചരണം ആരംഭിച്ചത്.അക്രമരാഷ്ട്രീയത്തിനെതിരായി ഘോരഘോരം പ്രസംഗിക്കുന്ന മുസ്ലിം ലീഗിനകത്ത് ഒരുപറ്റം തീവ്രവാദികള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന സംശയമാണ് ലീഗിനുള്ളില്‍ നിന്ന് തന്നെ ഉയര്‍ന്നിട്ടുള്ളത്.മുന്‍പ് ലീഗ് കേന്ദ്രമായ പാനൂര്‍ പാറാട്ട് ബോംബ് നിര്‍മ്മിക്കുന്നതിനിടെ ഇതുപോലെ സ്ഫോടനമുണ്ടായി നിരവധി ലീഗുകാര്‍ക്ക് മാരകമായി പരിക്കേറ്റിരുന്നു.കേരളമാകെ പ്രളയബാധിതരെ പുനരധിവസിപ്പിക്കുന്നതിന് വേണ്ടി ഒറ്റമനസ്സോടെ പ്രവര്‍ത്തിക്കുന്നതിനിടയില്‍ മുസ്ലിം ലീഗ് നാട്ടിലെ സമാധാനം തകര്‍ക്കുന്നതിന് വേണ്ടി ഓഫീസില്‍ ആയുധങ്ങള്‍ സംഭരിക്കുകയാണ്.ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും പി ജയരാജന്‍ അഭ്യര്‍ത്ഥിച്ചു.