കണ്ണൂര്‍: കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ പ്രശ്നങ്ങള്‍ അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ(എം) ജില്ലാ കമ്മറ്റി കളക്ടര്‍ മിര്‍ മുഹമ്മദ് അലിക്ക് നിവേദനം നല്‍കി. ഇരിട്ടി, പേരാവൂര്‍ മേഖലകളിലെ നാശനഷ്ടങ്ങള്‍ സംബന്ധിച്ചുള്ള വിശദമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് നിവേദനം നല്‍കിയത്.
 
നിവേദനം പരിശോധിച്ച് ആവശ്യമായ നടപടികളെടുക്കുമെന്ന് കളക്ടര്‍ സിപിഐ(എം) നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി. ഉരുള്‍പൊട്ടല്‍ ബാധിച്ച പ്രദേശങ്ങളില്‍ നിന്ന് മണ്ണ് നീക്കം ചെയ്യുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നതിന് സെപ്തംബര്‍ 4 ന് മുന്‍പ് ഒരു വിദഗ്ദ സംഘത്തെ അയക്കുമെന്നയും റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
ദുരന്തബാധിതരായ ജനങ്ങള്‍ കാര്‍ഷികാവശ്യവശ്യങ്ങള്‍ക്കും ഭവനനിര്‍മ്മാണത്തിനും വേണ്ടിയെടുത്ത വായ്പകള്‍ എഴുതിത്തള്ളാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് നിവേദനത്തിലൂടെ സിപിഐ(എം) ആവശ്യപ്പെട്ടു. വീടുകള്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് വാടകവീടുകളില്‍ കഴിയുന്നവരുടെ വാടക കൊടുക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു.
ചപ്പമലയില്‍ നിരവധി കുടുംബങ്ങള്‍ കാട്ടാനയുള്‍പ്പടെ വന്യമൃഗ ശല്യത്താല്‍ കഷ്ടപ്പെടുകയാണ്. ആനത്താര പദ്ധതിയില്‍ ഉള്‍പ്പെട്ട ചപ്പമലയിലെ 120 കുടുംബങ്ങളുടെ ഭൂമി ഏറ്റെടുത്ത് അവരെ പുനരധിവസിപ്പിക്കണം.
 
സിപിഐ(എം) ജില്ലാ സെക്രട്ടറി പി. ജയരാജന്‍, കെ കെ രാഗേഷ് എം പി, ടി വി രാജേഷ് എം എല്‍ എ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എം.സുരേന്ദ്രന്‍, ടി.കെ ഗോവിന്ദന്‍ മാസ്റ്റര്‍, പി ഹരീന്ദ്രന്‍, പി വി ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് കളക്ടറെ സന്ദര്‍ശിച്ചത്.
 
കഴിഞ്ഞദിവസം സിപിഐ(എം) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇരിട്ടി, പേരാവൂര്‍ മേഖലകളിലെ ദുരന്തബാധിതരായവരുടെ നൂറോളം വീടുകള്‍ സന്ദര്‍ശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കളക്ടര്‍ക്ക് നിവേദനം നല്‍കിയത്.