മഹാന്മാരെ സ്മരിക്കുക മനുഷ്യത്വത്തിനായി ഒന്നിക്കുക എന്ന മുദ്രാവാക്യമുയർത്തി 2018 ആഗസ്ത് 27 മുതല്‍ സെപ്തംബർ 2 വരെ മാനവിക ഐക്യസന്ദേശവാരം ആചരിക്കുകയാണ്.

രാജ്യത്തെ ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങളിലൂന്നിയ രാഷ്ട്രീയവും ബഹുസ്വരതയിലധിഷ്ഠിതമായ സംസ്‌കാരവും അധികമധികം ഭീകരമായ അക്രമണങ്ങൾക്കിരയായിക്കൊണ്ടിരിക്കുകയാണ്. അസഹിഷ്ണുതയും ഫാസിസ്റ്റ് മനോഭാവവും ഭരണകൂട തലത്തിൽ പ്രോൽസാഹിപ്പിക്കപ്പെടുന്ന പുതിയ കാലത്ത് ഭ്രാന്തമായ ജനക്കൂട്ടാക്രമണങ്ങൾ രാജ്യത്തിന്റെ സ്വാസ്ഥ്യം കെടുത്തുകയാണ്. യാഥാസ്ഥിതിക ചിന്തകളെ വെല്ലുവിളിച്ച് പുരോഗമന ചിന്തകൾ പ്രകാശിപ്പിക്കാൻ ശ്രമിക്കുന്നവർ രാജ്യദ്രോഹികളായി മുദ്രയടിപ്പിക്കുകയും നിർദ്ദയം വെടിവെച്ച് വീഴ്ത്തപ്പെടുകയും ചെയ്യുന്നു. ഭരണാധികാരികൾക്കും അവരുടെ പിണിയാളുകൾക്കും ഇഷ്ടമില്ലാത്ത ശബ്ദങ്ങൾ നിശബ്ദമാക്കപ്പെടുന്നു. പിന്തിരിപ്പൻ പ്രതിലോമ ചിന്തകൾ അഭിമാനബോധമായി ഏറ്റെടുക്കുകയും അത് സൃഷ്ടിക്കുന്ന 'ജാത്യാഭിമാന' പ്രചോദിതമായി സ്വന്തം മക്കളെത്തന്നെ കൊലപ്പെടുത്തി 'അഭിമാനം' സംരക്ഷിക്കാൻ വെമ്പുന്ന രക്ഷിതാക്കൾ വർദ്ധിച്ച് വരുന്നു. പെൺകുട്ടികൾക്ക് സ്വന്തം വീടിന്റെ അകത്തളങ്ങൾ പോലും സുരക്ഷിതമല്ലാത്ത ഇടങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. നന്മയുടെയും സ്‌നേഹത്തിന്റെയും വെളിച്ചത്തിനായി തുറന്ന് വെക്കപ്പെട്ട വാതിലുകൾ ഭയത്തിന്റെ കൊടുങ്കാറ്റ് വന്ന് ഘോരമായ ശബ്ദത്തോടെ കൊട്ടിയടക്കപ്പെടുകയും ഭയത്തിന്റെ കൂരിരുട്ട് സമൂഹത്തെ മൂടാൻ ശ്രമിക്കുകയും ചെയ്യുന്നു.
ദൈവം സ്‌നേഹമാണെന്ന് വ്യാഖ്യാനിച്ച മഹത് വചനങ്ങൾ തള്ളിക്കളഞ്ഞ് ലൗകിക ജീവിതത്തിന്റെ സുഖലോലുപതകളിൽ അഭിരമിക്കുന്ന മതത്തിന്റെ പുതിയ ചില വക്താക്കളൊരുക്കുന്ന പാപങ്ങളുടെ പാതളക്കയത്തിലേക്ക് നയിക്കപ്പെടുന്ന മതാനുയായികളുടെ എണ്ണം പെരുകി വരികയാണ്. മതം വ്യക്തി ജീവിതത്തെ നിർമ്മലീകരിക്കാനുള്ള വിശ്വാസ പ്രമാണമെന്നതിന് പകരം അധികാരം കൈയ്യടക്കാനുള്ള കുറുക്കുവഴിയായി കണക്കാക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങൾ അതിന് കളമൊരുക്കാൻ തടസ്സാമായി തോന്നുന്ന സ്വന്തം മതത്തിൽ പെട്ടവരെപ്പോലും നിർദ്ദയം കൊന്ന് കൊലവിളിക്കുന്നു. മത രാഷ്ട്രവാദത്തിന്റെ വർഗ്ഗീയവും ഭീകരവുമായ രൂപങ്ങൾ മനുഷ്യമനസ്സിൽ വിഷം നിറച്ച് മനുഷ്യത്വം ചോർത്തിക്കളഞ്ഞ് പകയും വെറുപ്പും ആളിക്കത്തിച്ചുക്കൊണ്ടിരിക്കുന്നു. 

നവോത്ഥാന പ്രസ്ഥാനവും, തുടർച്ചയായി വന്ന ദേശീയ പ്രസ്ഥാനവും, അതോടൊപ്പം ശക്തിയാർജിച്ച കമ്യൂണിസ്റ്റ് കർഷക പ്രസ്ഥാനവുമെല്ലാം മഹാ ത്യാഗങ്ങളിലൂടെ വളർത്തിയെടുത്തതാണ് കേരളത്തിന്റെ നന്മ നിറഞ്ഞ സാമൂഹ്യാന്തരീക്ഷം. തികച്ചും അപരിഷ്‌കൃതമായ പിന്തിരിപ്പൻ മൂല്യങ്ങളും, ഫാസിസ്റ്റ് ആക്രമണങ്ങളും കൊണ്ട് അത് താറുമാറാക്കാൻ ദുഷ്ടശക്തികൾ തെരുവിൽ അഴിഞ്ഞാടുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ കേരളീയ നവോത്ഥാനത്തിന്റെ മുന്നണിപ്പോരാളികളായിരുന്ന ശ്രീനാരായണ ഗുരു, മഹാത്മ അയ്യങ്കാളി, ചട്ടമ്പിസ്വാമികൾ എന്നിവരുടെ ജന്മദിനങ്ങളെ കോർത്തിണക്കി 'മഹാന്മാരെ സ്മരിക്കുക, മനുഷ്യത്വത്തിനായി ഒന്നിക്കുക' എന്ന മുദ്രാവാക്യമുയർത്തി ആഗസ്ത് 27 മുതൽ സെപ്തംബർ 2 വരെ മാനവീക ഐക്യ സന്ദേശവാരമായി ആചരിക്കുകയാണ്.

ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ വിവിധ ബഹുജന സംഘടനകൾ, അദ്ധ്യാപക സർവ്വീസ് സംഘടനകൾ, സാംസ്‌കാരിക സംഘടനകൾ, സ്ഥാപനങ്ങൾ, ഗ്രന്ഥശാലാ സംഘം എന്നിവയെല്ലാം കൂട്ടായി ചേർന്ന് ജില്ലാതലത്തിൽ സംഘാടക സമിതി രൂപികരിച്ച് പ്രവൃത്തിച്ച് വരികയാണ്. പ്രസ്തുത സംഘാടക സമിതിയുടെ നേതൃത്വത്തിൽ തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, മട്ടന്നൂർ എന്നീ 4 കേന്ദ്രങ്ങളിൽ സെമിനാറുകൾ സംഘടിപ്പിക്കും. തലശ്ശേരിയിലെ സെമിനാർ ശ്രീനാരായണ ജയന്തി ദിനമായ ആഗസ്ത് 27 നും, പയ്യന്നൂരിലെ സെമിനാർ മഹാത്മ അയ്യങ്കാളിയുടെ ജന്മദിനമായ ആഗസ്ത് 28 നും, കണ്ണൂർ സെമിനാർ ആഗസ്ത് 29 നും, മട്ടന്നൂരിലെ സെമിനാർ ചട്ടമ്പിസ്വാമികളുടെ ജന്മദിനമായ സെപ്തംബർ 1 നുമാണ് നടക്കുക. സെമിനാറുകളിൽ ബഹു. തുറമുഖ വകുപ്പ് മന്ത്രി ശ്രീ കടന്നപ്പള്ളി രാമചന്ദ്രൻ, സി.പി.ഐ(എം) നേതാവ് എം.വി.ഗോവിന്ദൻ മാസ്റ്റർ, പ്രശസ്ത സാഹിത്യകാരൻ ആലങ്കോട് ലീലകൃഷ്ണൻ, ഡോ.പി.ജെ.വിൻസെന്റ്, സ്വാമി ശുഭകാനന്ദ (ശിവഗിരി), പ്രൊഫ. ടി സിദ്ധീഖ്, പ്രമുഖ മതപണ്ഡിതൻ മൂള്ളൂർക്കര മുഹമ്മദലി സഖാഫി തുടങ്ങിയവർ പങ്കെടുക്കും.

ഇതിന് പുറമെ വിവിധ കേന്ദ്രങ്ങളെ അടിസ്ഥാനമാക്കി നിരവധി പ്രാദേശിക സെമിനാറുകളും പ്രഭാഷണങ്ങളും സംഘടിപ്പിക്കും. ആഗസ്ത് 27 നും സെപ്തംബർ 2 നുമിടയിലായി ജാതി-മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ കുട്ടികൾ, യുവജനങ്ങൾ, സ്ത്രീകൾ എന്നിവരെ പങ്കാളികളാക്കി 1500 ലേറെ കേന്ദ്രങ്ങളിൽ കലാ-കായിക സാഹിത്യ മത്സരങ്ങളും സംഘടിപ്പിക്കും. വാരാചരണത്തിന്റെ സമാപനം കുറിച്ച് സെപ്തംബർ 2 ന് ജില്ലയിലെ 238 കേന്ദ്രങ്ങളിൽ വർണ്ണശബളമായ സാംസ്‌കാരിക ഘോഷയാത്രകൾ സംഘടിപ്പിക്കും. ജാതിയേയും, മതത്തേയും, ദൈവത്തേയുമെല്ലാം തെരുവിൽ വലിച്ചിഴച്ച് സ്പർദ്ധവളർത്താൻ ശ്രമിക്കുന്ന വർഗ്ഗീയ, മതമൗലികവാദ ശക്തികളെ തുറന്നുകാട്ടി മനുഷ്യത്വത്തിലധിഷ്ഠിതമായ മാനവിക ഐക്യം ശക്തിപ്പെടുത്താനായി സംഘടിപ്പിക്കുന്ന വാരാചരണ പരിപാടികളിൽ പങ്കെടുത്ത് വൻ വിജയമാക്കാൻ എല്ലാ മനുഷ്യസ്‌നേഹികളോടും അഭ്യർത്ഥിക്കുന്നു.

വിശ്വസ്തതയോടെ,
രാമചന്ദ്രൻ കടന്നപ്പള്ളി  (ചെയർമാൻ)
പി. ഹരീന്ദ്രൻ (ജനറൽ കൺവീനർ)
മാനവീക ഐക്യ സന്ദേശവാരം കണ്ണൂർ ജില്ലാ സംഘാടക സമിതി