കണ്ണൂർ ജില്ലയുടെ പല ഭാഗങ്ങളിലും പ്രത്യേകിച്ച് പയ്യാവൂർ, അയ്യൻകുന്ന്, ഉളിക്കൽ പഞ്ചായത്തുകളിൽ കനത്ത മഴയെ തുടർന്ന് വലിയ നാശനഷ്ടം ഉണ്ടായിരിക്കുകയാണ്.  പ്രദേശമാകെ വെള്ളം കയറി.
 
അയ്യൻകുന്ന് പഞ്ചായത്തിലെ അറബിക്കുളം തുടങ്ങിയ പ്രദേശങ്ങളിൽ ഉരുൾപൊട്ടി വലിയ നാശനഷ്ടം ഉണ്ടായി.പയ്യാവൂർ-ഉളിക്കൽ റോഡ് വെള്ളത്തിനടിയിലാണ്.  കനത്ത മഴയിൽ വെള്ളം കയറിയത് കാരണം ആറളം പുതിയങ്ങാടി സ്‌കൂളിൽ കുട്ടികൾ ഒറ്റപ്പെട്ടു.  പയ്യാവൂർ പഞ്ചായത്തിലെ ആടാംപാറ, കാഞ്ഞിരകൊല്ലി ശാന്തി നഗർ, ഷിമോഗ എരുവേശി പഞ്ചായത്തിലെ വഞ്ചിയം എന്നീ മേഖലകളിലും ഉരുൾ പൊട്ടലിനെ തുടർന്ന് നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പല ഗ്രാമീണ റോഡുകളും ഏക്കർ കണക്കിന് കൃഷിയിടങ്ങളും ഉരുൾപൊട്ടലിനെ തുടർന്ന് ഒലിച്ചുപോയി. ശ്രീകണ്ഠപുരം-ഇരിക്കൂർ, ശ്രീകണ്ഠപുരം-പയ്യാവൂർ റോഡുകളിൽ വെള്ളം കയറിയത് കാരണം ശ്രീകണ്ഠപുരം ടൗണിലേക്കുള്ള ഗതാഗതം നിലച്ചിരിക്കുകയാണ്. ഈ മേഖലകളിൽ നിരവധി കുടുംബങ്ങളെയും മാറ്റിപ്പാർച്ചിരിക്കുകയാണ്. ചെങ്ങളായി പഞ്ചായത്തിലെയും വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലാണ്.
 
കനത്ത മഴയും വെള്ളപ്പൊക്കവും കാരണം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് അടിയന്തിരമായി അധികാരികൾ സഹായമെത്തിക്കണമെന്ന് സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ മുഴുവൻ പാർട്ടി പ്രവർത്തകരും രംഗത്തിറങ്ങണമെന്നും ആഹ്വാനം ചെയ്തു.