കീഴാറ്റൂരിന്‍റെ പേരിലുള്ള ബിജെപിയുടെ കപടനാടകമാണ് ഡല്‍ഹി ചര്‍ച്ചയില്‍ തെളിഞ്ഞതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി കേരളത്തിലെ ദേശീയപാത വികസനത്തിന് അതിവേഗം നടപടി സ്വീകരിക്കണമെന്നാണ് സംസ്ഥാന ഗവണ്‍മെന്‍റിനോട് ആവശ്യപ്പെട്ടിരുന്നത്. സംസ്ഥാന ഗവണ്‍മെന്‍റും അതിനൊത്ത നിലയിലാണ് പ്രവര്‍ത്തിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ സഹായത്തോടെ സ്ഥലം ഏറ്റെടുക്കാനുള്ള 3ഡി വിജ്ഞാപനമടക്കം പുറപ്പെടുവിച്ചശേഷം ഡല്‍ഹിയില്‍ ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയത് ബിജെപിയുടെ കപടമുഖം ജനങ്ങള്‍ക്കുമുന്നില്‍ ഒരിക്കല്‍കൂടി ബോധ്യപ്പെടുത്തുന്നു. 
 
നിലവിലുള്ള അലൈന്‍മെന്‍റ് മാറ്റാമെന്ന് ഡല്‍ഹി ചര്‍ച്ചയിലും ഒരുറപ്പും കേന്ദ്രമന്ത്രി ഉറപ്പുനല്‍കിയിട്ടില്ല. സാങ്കേതിക വശം പരിശോധിക്കാന്‍ വീണ്ടും ഉദ്യോഗസ്ഥ കമ്മിറ്റിയെ നിയോഗിക്കുമെന്നു മാത്രമാണ് പറഞ്ഞത്. ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെ തുടര്‍ന്ന് മുമ്പും പലതവണ ഇത്തരം പരിശോധനകള്‍ നടന്നിട്ടുണ്ട്. ഏറ്റവും ഒടുവില്‍ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതിയും പഠനം നടത്തി.
 
ഈ റിപ്പോര്‍ട്ടുകളെല്ലാം പരിഗണിച്ചശേഷമാണ് കഴിഞ്ഞ ജൂലൈ 17ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥലമെടുപ്പിനുള്ള 3ഡി വിജ്ഞാപനം പുറപ്പെടുവിച്ചത്. അന്തിമവിജ്ഞാപനത്തിനുശേഷം വീണ്‍ും ചര്‍ച്ച നടത്തുന്നത് വയല്‍കിളികളെയും ജനങ്ങളെയും കബളിപ്പിക്കാനുള്ള അടവാണ്. ഇക്കാര്യം ജനങ്ങള്‍ക്കാകെ ബോധ്യപ്പെടണം. 
തിരുവനന്തപുരത്ത് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ലഭിച്ച ഉറപ്പില്‍നിന്നും വ്യത്യസ്തമായ എന്തുനിലപാടാണ് കേന്ദ്ര ഗവണ്‍മെന്‍റ് സ്വീകരിച്ചതെന്ന് വയല്‍കിളികള്‍ വ്യക്തമാക്കണം. ജനങ്ങളെ ഇനിയും വഴിതെറ്റിക്കുന്നതിനു പകരം നാടിന്‍റെ വികസന കാര്യത്തില്‍ എല്ലാവരും സഹകരിക്കുകയാണ് വേണ്ടത്. 
 
വികസനാവശ്യങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കേണ്‍ിവരുമ്പോള്‍ ഭൂവുടമകളില്‍ സ്വാഭാവികമായും ഉണ്ടാകുന്ന ആശങ്കകള്‍ ബിജെപി രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുകയാണ്. ദേശീയപാതാ വികസനം സംസ്ഥാന ഗവണ്‍മെന്‍റിന്‍റെയും താല്‍പര്യമാണ്. സംസ്ഥാന ഗവണ്‍മെന്‍റ് പ്രതിനിധികളെ തിരശീലക്കു പിന്നില്‍ നിര്‍ത്തി നടത്തിയ ഡല്‍ഹി ചര്‍ച്ച ജനങ്ങളെ കബളിപ്പിക്കാനാണ്. നാടിന്‍റെ വികസനം കൊതിക്കുന്ന എല്ലാവരും ഈ വഞ്ചന മനസിലാക്കണമെന്നും പി ജയരാജന്‍ പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.