കണ്ണൂര്‍: കീഴാറ്റൂര്‍ പ്രശ്നത്തില്‍ ബിജെപി നേതൃത്വം വയല്‍ക്കിളി സമരക്കാരെയും കേരളത്തിലെ പൊതുസമൂഹത്തെയും ഒരുപോലെ വഞ്ചിക്കുകയായിരുന്നെന്ന് സി.പി.ഐ(എം) ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു. തുടക്കം മുതല്‍ ഈ വിഷയത്തില്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ അനുവര്‍ത്തിച്ച ഇരട്ടത്താപ്പും കാപട്യവും ജനങ്ങള്‍ തിരിച്ചറിയണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
 
ബി.ജെ.പി നിയന്ത്രണത്തിലുള്ള കേന്ദ്ര റോഡ് ഗതാഗത- ഹൈവേ മന്ത്രാലയവും ദേശീയപാത അതോറിറ്റിയുമാണ് കീഴാറ്റൂരിലൂടെയുള്ള ബൈപ്പാസ് അലൈന്‍മെന്‍റ് തീരുമാനിച്ചത്. ഇക്കാര്യത്തില്‍ തങ്ങള്‍ക്കു പങ്കില്ലെന്നും ജനങ്ങളുടെ പ്രയാസങ്ങളും പ്രായോഗികതയും കണക്കിലെടുത്ത് അലൈന്‍മെന്‍റില്‍ മാറ്റംവരുത്തുന്നതിന് എതിര്‍പ്പില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയതാണ്. എന്നാല്‍ ഇതൊന്നും മുഖവിലയ്ക്കെടുക്കാതെ സിപിഐ എമ്മിനെയും കേരള സര്‍ക്കാരിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുകയായിരുന്നു ബിജെപി നേതൃത്വം.
 
ആര്‍.എസ്.എസും, എസ്.ഡി.പി.ഐയും മുതല്‍ മാവോയിസ്റ്റുകള്‍ വരെയുള്ള സകലമാന വര്‍ഗീയ- തീവ്രവാദശക്തികളെയും കൂടെനിര്‍ത്തിയാണ് കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ സമരമാരംഭിച്ചത്. കേരളത്തിലെ എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്കും തടയിടാനാണ് ആര്‍എസ്എസും എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്ലാമിയും മാവോയിറ്റുകളും ചേര്‍ന്ന വര്‍ഗീയ-തീവ്രവാദ കൂട്ടുകെട്ട് ശ്രമിക്കുന്നത്. ഇക്കൂട്ടരുടെ ലക്ഷണമൊത്ത പ്രകടനമായിരുന്നു  കീഴാറ്റൂരിലും. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ബിജെപി നേതാക്കള്‍ നേരിട്ടു തന്നെ സമരത്തെ ഹൈജാക്കു ചെയ്തു. 
 
സിപിഐ എം സ്വാധീനമേഖലയായ കീഴാറ്റൂരിലേക്ക് നുഴഞ്ഞു കയറാനുള്ള കുറുക്കുവഴിയായാണ് ബി.ജെ.പി ഈ സമരത്തെ കണ്ടത്. കീഴാറ്റൂര്‍ പ്രദേശത്തുകൂടെ ബൈപ്പാസ് വരില്ലെന്ന് കുമ്മനം രാജശേഖരനും, പി.കെ കൃഷ്ണദാസും അടക്കമുള്ള നേതാക്കള്‍ സമരക്കാരെ വിശ്വസിപ്പിച്ചു. പി.കെ കൃഷ്ണദാസ് കര്‍ഷകരക്ഷയ്ക്കെന്ന പേരില്‍ കീഴാറ്റൂരില്‍നിന്ന് കണ്ണൂരിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുകയും ചെയ്തു. പ്രധാനമന്ത്രിയെ വരെ ഇടപെടുവിച്ച് അലൈന്‍മെന്‍റ് മാറ്റുമെന്നാണ് ബി.ജെ.പി എം.പി സുരേഷ് ഗോപി പ്രഖ്യാപിച്ചത്. എന്നാല്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഇത്തരം വിലകുറഞ്ഞ നീക്കങ്ങള്‍ക്ക് ബിജെപി നേതാവായ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ഗരിക്കു പോലും കൂട്ടുനില്‍ക്കാനായില്ല. ആദ്യം നിശ്ചയിച്ച അലൈന്‍മെന്‍റില്‍ ഒരു മാറ്റവും വരുത്താതെ അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചത് ഇതാണ് തെളിയിക്കുന്നത്.
 
ദേശീയ പാത വികസനവും ബൈപ്പാസുകളും യാഥാര്‍ഥ്യമാകണമെന്നതിനൊപ്പം അത് ജനങ്ങളുടെ പ്രയാസങ്ങള്‍ പരമാവധി കുറച്ചുകൊണ്ടാകണമെന്നതിലും സി.പി.ഐ(എം)നും എല്‍.ഡി.എഫ് സര്‍ക്കാരിനും നിര്‍ബന്ധമുണ്ട്. അതേസമയം, ബൈപ്പാസ് ഏതുവഴിയാകണമെന്നെല്ലാം തീരുമാനിക്കുന്നത് ബന്ധപ്പെട്ട ഏജന്‍സികളാണ്. അവര്‍ നിശ്ചയിക്കുന്ന അലൈന്‍മെന്‍റ് അനുസരിച്ചുള്ള ഭൂമി ഏറ്റെടുത്തുകൊടുക്കേണ്ട ചുമതല മാത്രമാണ്  സംസ്ഥാന സര്‍ക്കാരിന്. സിപിഐ എം കൈക്കൊണ്ട ശരിയായ നിലപാട് സാധൂകരിക്കുന്നതാണ് പുതിയ സംഭവവികസങ്ങളെന്നും പ്രസ്താവനയില്‍ പറഞ്ഞു.