പി. ജയരാജൻ

"മീശ"നോവലിനെതിരെ സംഘപരിവാർ ഉയർത്തിയ ഭീഷണി ഇതേവരെ ആർ എസ് എസ് ഫാസിസ്റ്റുകൾക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കാത്ത ആളുകൾക്ക് കൂടി വെളിച്ചം ലഭിക്കുന്നതായി.ആർ എസ് എസിനെയും സിപിഐ എമ്മിനെയും ഒരേ തട്ടിലിട്ട് തൂക്കാനാണ് പലർക്കും താല്പര്യം.എന്തെഴുതണം ,എന്ത് പറയണം ,ഏത് ഭക്ഷണം കഴിക്കണം എന്നെല്ലാം സംഘപരിവാർ ശക്തികൾ അലിഖിത ചട്ടങ്ങൾ രൂപപ്പെടുത്തിയപ്പോൾ ചിലരെല്ലാം പ്രതികരിച്ചത് എങ്ങും തൊടാതെയാണ്.ചില ആരാധനാ മൂർത്തികളെ കലാകാരന്മാർ ചിത്രീകരിച്ചപ്പോൾ അത് ദൈവനിന്ദ യായാണ് ചിലർ വ്യാഖ്യാനിച്ചത്.എന്നാൽ ഇവിടെ ഹരീഷ് ആരാധനാമൂർത്തികളെയല്ല ചിത്രീകരിച്ചത്.മറിച്ച് ക്ഷേത്രത്തിലെത്തുന്ന ആരാധകരെ കുറിച്ച് ഒരാളുടെ മനസ്സിൽ രൂപപ്പെട്ട ചിന്തകളാണ് രേഖപ്പെടുത്തിയത്.

മേല്പത്തൂർ ഭട്ടത്തിരിപ്പാട് ഗുരുവായൂർ സന്നിധിയിൽ "നാരായണീയം" എന്ന കാവ്യം എഴുതിയത് തനിക്ക്‌ ബാധിച്ച വാതവ്യാധി ശമിക്കാനാണെന്നാണ് കേൾവി. എന്നാൽ ക്ഷേത്രത്തിൽ എത്തുന്ന ആരാധകർ വ്യക്തിപരമായ കാര്യങ്ങൾക്കായി പ്രാർത്ഥിച്ചാൽ പോരെന്നും വിശ്വാസികൾ വർഗ്ഗീയതയ്ക്കടിപ്പെട്ട ഒരു സംഘടനയുടെ ഭാഗമാകണമെന്നുമുള്ള ചിന്ത അടിച്ചേല്പിക്കുന്നവരാണ് ആർ എസ് എസുകാർ. ഇവിടെ ക്ഷേത്രത്തിൽ എത്തുന്ന ഒരു വിശ്വാസിയുടെ മനസിലെ തെറ്റായ ചിന്തകളെ കുറിച്ച് ഒരു കഥാകാരന് എന്തുകൊണ്ട് ചിത്രീകരിച്ചുകൂടാ ?

ആത്മീയ നേതാക്കൾ ഭൗതിക ജീവിതത്തിൽ ആസക്തരാകരുത് എന്നാണ് വ്യവസ്ഥയെങ്കിലും സമകാലീന ജീവിതത്തിൽ വിവിധ മതങ്ങളിലെ പുരോഹിതന്മാരുടെ അധഃപതിച്ച വിക്രിയകൾ ദിനേന നാം മനസ്സിലാക്കുന്നുണ്ട് ."മീശ" നോവലിന്റെ പേര് പറഞ്ഞു അക്രമം നടത്തിയവർ മേല്പറഞ്ഞ വിധം ആത്മീയ നേതാക്കൾ നടത്തിയ വൈകൃതങ്ങളെ കുറിച്ചും വാർത്ത എഴുതരുതെന്ന് ശാസന പുറപ്പെടുവിക്കുമോ ?

സംഘപരിവാർ ഭീഷണിക്കെതിരായ പ്രതിരോധം ഉയർത്തുമ്പോൾ അത് ഹിന്ദു ആരാധനാലയങ്ങളെ സ്പർശിക്കുന്നത് കൊണ്ട് അമിത താല്പര്യമെടുക്കുന്നു എന്ന ആക്ഷേപം വസ്തുതാപരമല്ല.ഏത് മതത്തിന്റെ ഭാഗമായും ഉള്ള തെറ്റുകളെ സംസ്കാരമുള്ളവർ എതിർത്തിട്ടുണ്ട്. അപ്പോഴെല്ലാം അതാത് മതത്തിന്റെ കാവൽക്കാരാണെന്ന് സ്വയം നടിക്കുന്ന ഭ്രാന്തന്മാർ ഇത്തരം ജൽപ്പന്നങ്ങൾ ഉയർത്തിയിട്ടുമുണ്ട് .ഇസ്‌ലാം മത വിശ്വാസികളെ ഖുർആൻ പഠന കേന്ദ്രത്തിൽ എത്തിച്ചു ഇന്ത്യൻ പട്ടാളവുമായി ഏറ്റുമുട്ടാൻ കാശ്മീരിലെ കുപ്‍വാരയിലേക്കും സിറിയയിലെയും അഫ്‌ഗാനിസ്ഥാനിലെയും ഇസ്ലാം മതവിശ്വാസികൾ കൂടിയായ സൈനികരെയും നേരിടാൻ അവിടേക്ക് റിക്രൂട്ട് ചെയ്യാനുള്ള ഇസ്‌ലാം മതഭ്രാന്തന്മാരുടെയും ശ്രമങ്ങളെ പുരോഗമനവാദികൾ എക്കാലത്തും എതിർത്തിട്ടുണ്ടെന്നു ഓർക്കുക.

ഏതായാലും ഒരുകാര്യം വ്യക്തമാണ് .കേരളീയ സമൂഹത്തിൽ ഇത്തരം തെറ്റായ പ്രവണതകളെ എതിർക്കാൻ സമൂഹത്തിലെ നാനാ തുറകളിൽ പെട്ട ആളുകൾ മുന്നോട്ട് വരുന്നുണ്ട്. ഇത് ശുഭകരമാണ്.

എഴുതാനും പ്രതികരിക്കാനുമുള്ള മനുഷ്യന്റെ മൗലിക സ്വാതന്ത്ര്യത്തെ സംരക്ഷിക്കാൻ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് മാത്രമാണ് ശേഷിയുള്ളത്.