കണ്ണൂര്‍ : പശ്ചിമ ബംഗാളിലും, തൃപുരയിലും നടക്കുന്ന ജനാധിപത്യ കശാപ്പിനെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രതിഷേധ പരിപാടി വിജയിപ്പിക്കാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും സഹകരിക്കുന്ന കക്ഷികളുടെയും ജില്ലാതല യോഗം തീരുമാനിച്ചു. കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന് ശേഷം അതിഭീകരമായ ആക്രമണമാണ് ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തി വരുന്നത്. അസംബ്ലി തെരഞ്ഞെടുപ്പിന് ശേഷം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ 35 പ്രവര്‍ത്തകരെ തൃണമൂല്‍ കോണ്‍ഗ്രസ് കൊലപ്പെടുത്തുകയുണ്ടായി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നോമിനേഷന്‍ നല്‍കുന്നതിന് പോലും ഇതര പാര്‍ട്ടിപ്രവര്‍ത്തകരെ അനുവദിച്ചിരുന്നില്ല. തൃപുരയില്‍ ആര്‍.എസ്.എസിന്‍റെ നേതൃത്വത്തില്‍ ഭീകരമായ അക്രമണമാണ് അഴിച്ചുവിടുന്നത്. ആദിവാസി നേതാക്കളുള്‍പ്പെടെ 4 സി.പി.ഐ(എം) പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തുകയുണ്ടായി. പാര്‍ട്ടിയുടെയും വിവിധം ട്രേഡ് യൂണിയനുകളുടെയും 750 ഓഫീസുകള്‍ പിടിച്ചെടുക്കുകയും 2600 ലേറെ പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിക്കുകയും ചെയ്തു. 500 ലേറെ പേര്‍ക്ക് വീട് വിട്ട് പോവേണ്ടി വന്ന അവസ്ഥ നിലനില്‍ക്കുന്നു. സ്ത്രീകളുള്‍പ്പെടെ 1000 ലേറെ പേര്‍ക്ക് ക്രൂരമായ മര്‍ദ്ദനമേല്‍ക്കുകയുണ്ടായി. നിരവധി സ്ത്രീകള്‍ പീഢിപ്പിക്കപ്പെട്ടു. ഇവര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാന്‍ ബി.ജെ.പി നേതൃത്വം നല്‍കുന്ന സംസ്ഥാന ഗവണ്‍മെന്‍റ് തയ്യാറാവുന്നില്ല. ഇതിനെതിരെ ശക്തമായ ബഹുജന പ്രതിഷേധം പ്രകടിപ്പിക്കുന്നതിന്‍റെ ഭാഗമായി ജൂലൈ 24 ന് കണ്ണൂരില്‍ സായാഹ്ന ധര്‍ണ്ണ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. 
 
യോഗത്തില്‍ ഇ.പി.ആര്‍ വേശാല അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കെ.പി. സഹദേവന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടി. കൃഷ്ണന്‍, സി.വി. ശശീന്ദ്രന്‍, സി.പി. സന്തോഷ് കുമാര്‍, കെ.സി ജേക്കബ്, ജോയ് മണ്ണാറുംകുളം സി.കെ. നാരായണന്‍, കെ. മനോജ്, സുബാഷ് അയ്യോത്ത്, മഹമ്മൂദ് പാറക്കാട്, സി. വത്സന്‍, സിറാജ് തയ്യില്‍, സി. രവീന്ദ്രന്‍, അഡ്വ. എ.ജെ. ജോസഫ്, സന്തോഷ് മാവില, കെ.കെ. ജയപ്രകാശ്, രാമചന്ദ്രന്‍ തില്ലങ്കേരി തുടങ്ങിയവര്‍ സംസാരിച്ചു.