കഴിഞ്ഞ ദിവസം എന്നോട് കുറെ ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് ഒരു ലീഗ് നേതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കാണാനിടയായി. ഈ നേതാവിനോട് ഒരൊറ്റ കാര്യം.
മതതീവ്രവാദ ശക്തികള്‍ക്കെതിരെ മുസ്ലിം ലീഗിന് സംസാരിക്കാന്‍ കഴിയണമെങ്കില്‍ അവര്‍ അവരുടെ പാര്‍ട്ടിയുടെ പേര് ആദ്യം ഉപേക്ഷിക്കണം.
 
ഭരണഘടന അനുശാസിക്കുന്ന മതനിരപേക്ഷതയുടെ അര്‍ത്ഥം മതത്തെ അതിന്‍റെ പരിധിയില്‍ നിര്‍ത്തി, രാഷ്ട്രീയ മേഖലയില്‍ നിന്ന് മതത്തെ മാറ്റിനിര്‍ത്തലാണ്. നാനാ വിശ്വാസികളെ ഒരേപോലെ പരിഗണിക്കണമെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. എന്നാല്‍ സാമുദായിക രാഷ്ട്രീയമാണ് തുടക്കം മുതല്‍ എസ് ഡി പി ഐ യെ പോലെ ലീഗിന്‍റെയും കൈമുതല്‍. ഈ സാമുദായിക രാഷ്ട്രീയം ഉപേക്ഷിക്കാന്‍ ലീഗ് നേതൃത്വം തയ്യാറാകുമോ? ഈ പ്രധാന ചോദ്യത്തിന് ലീഗ്  മറുപടി പറഞ്ഞാല്‍ മറ്റെല്ലാ ചോദ്യങ്ങള്‍ക്കും മറുപടി കണ്ടെത്താനാകും. മുസ്ലിം ലീഗിനെ ആരെങ്കിലും വിമർശിച്ചാൽ "മുസ്ലിം സമുദായത്തെ അപമാനിക്കുന്നു" എന്നാണ് ലീഗ് പ്രചരിപ്പിക്കുക.
 
കോണ്‍ഗ്രസ്സിനോടുള്ള അമിതവിധേയത്വമാണ് ലീഗ് അണികളില്‍ എതിര്‍പ്പുയര്‍ത്തിയത്. ഇതിനെയാണ് മതതീവ്രവാദ ശക്തികള്‍ പ്രയോജനപ്പെടുത്തിയത്. ജമാത്തെ ഇസ്ലാമിയെയും പോപ്പുലര്‍ ഫ്രണ്ടിനെയും അത് പോലുള്ള സംഘടനകളെ  തെരഞ്ഞെടുപ്പ് വരുമ്പോള്‍ "മുസ്ലിം ഐക്യമെന്ന" ബാനറിന് പിന്നില്‍ അണിനിരത്താന്‍ ശ്രമിച്ചത് കേരളത്തിലെ മുസ്ലിം ലീഗ് നേതൃത്വമല്ലെന്ന് പറയാന്‍ ലീഗ് നേതാക്കളെ വെല്ലുവിളിക്കുന്നു.
 
ഭരണം കിട്ടുമ്പോള്‍ എന്‍ ഡി എഫ് ഉള്‍പ്പടെയുള്ള എല്ലാ തീവ്രവാദ ശക്തികളെയും സഹായിച്ച പാരമ്പര്യമാണ് ലീഗിനുള്ളത്. ലീഗുയര്‍ത്തുന്ന സാമുദായിക രാഷ്ട്രീയം വലിച്ചുനീട്ടിയാണ് ന്യൂനപക്ഷ തീവ്രവാദ ശക്തികള്‍ വളര്‍ന്ന് വന്നത്. എന്നിട്ടിപ്പോള്‍ വര്‍ഗ്ഗീയതീവ്രവാദ ശക്തികള്‍ക്കെതിരെ ജീവന്‍ കൊടുത്തും പോരാടുന്ന സിപിഐ എമ്മിനെ കുറ്റപ്പെടുത്തുന്നത് പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികളെ വെള്ളപൂശാനാണ്.
 
ഇതൊക്കെ ഈ നാട്ടിലെ ജനങ്ങൾ മനസിലാക്കുന്നുണ്ട്. പണ്ടത്തെ പോലെയല്ല കാലം മാറിയെന്ന് ലീഗ് നേതാക്കൾ ഇനിയെന്നാണ് മനസിലാക്കുക.