മതഭ്രാന്തന്മാര്‍ ആരാധാനലയങ്ങളെ ദുരുപയോഗിച്ച് നടത്തുന്ന കാട്ടാളത്തത്തിനെതിരായ വിശ്വാസികളുടെ പ്രാര്‍ത്ഥനയാണ് ഇന്ന് കണ്ണൂര്‍ കടലായി ശ്രീകൃഷ്ണ
 ക്ഷേത്രത്തില്‍ കണ്ടതെന്ന് സിപിഐ(എം) ജില്ലാ സെക്രട്ടറി പി.ജയരാജൻ പറഞ്ഞു.
 
പ്രശസ്ത എഴുത്തുകാരനായ ശ്രീ:കെ.പി രാമനുണ്ണി വിശ്വാസികള്‍ക്കിടയില്‍ വളര്‍ന്നുവരുന്ന പ്രതികരണത്തിന്‍റെ പ്രതീകമെന്നോണമാണ് കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പ്രാര്‍ത്ഥനാ യജ്ഞം നടത്തിയത്.ആര്‍ എസ് എസ് പോലെയുള്ള തീവ്രവാദ ശക്തികളാണ് ക്ഷേത്രങ്ങളില്‍ നുഴഞ്ഞുകയറി വിശ്വാസികളെ വഴി തെറ്റിക്കാന്‍ ശ്രമിക്കുന്നത്.
ഇതിനെതിരെ ക്ഷേത്രവിശ്വാസികളില്‍ നിന്ന് തന്നെ എതിര്‍പ്പുയര്‍ന്ന് വന്നിരിക്കുകയാണ് .ഇത് സ്വാഗതാര്‍ഹമായ കാര്യമാണ്.എന്നാല്‍ ഇത്തരം പ്രാര്‍ത്ഥനകളെ പോലും അനുവദിക്കില്ലെന്ന നിലപാടിലാണ് ആര്‍ എസ് എസും പരിവാർ സംഘടനകളും.അതിന്‍റെ ഭാഗമായുള്ള നടപടികളാണ് ഇന്ന് ക്ഷേത്രത്തില്‍ അവരുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.
ഇത്തരം എതിര്‍പ്പുകളെ രാമനുണ്ണി ഉള്‍പ്പടെയുള്ളവര്‍ക്ക് അതിജീവിക്കാനായി.
 
അയിത്ത ജാതിക്കാർക്ക് ക്ഷേത്രപ്രവേശനം ആവശ്യപ്പെട്ടുകൊണ്ട് നടന്ന സമരകാലത്ത് ജാതിഭ്രാന്തന്മാരാണ് നവോഥാന സന്ദേശത്തെ അക്രമത്തിലൂടെ തടയാന്‍ ശ്രമിച്ചത്.ഇന്ന് മതഭ്രാന്തന്മാരാണ് വിശ്വാസികള്‍ക്കിടയില്‍ വളര്‍ന്ന് വരുന്ന അഭിപ്രായങ്ങളെ ബലം പ്രയോഗിച്ച് തടയാന്‍ ശ്രമിക്കുന്നത് എന്ന വ്യത്യാസം മാത്രം.എന്നാല്‍ നാനാ മതവിശ്വാസികള്‍ക്കിടയില്‍ മതതീവ്രവാദ ശക്തികള്‍ക്കെതിരായ ഇതേപോലെയുള്ള എതിര്‍പ്പ് ഇനിയും ശക്തിപ്പെടണമെന്നും പി.ജയരാജൻ പറഞ്ഞു