ഇന്നലെ കനത്ത കാലവര്‍ഷത്തിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ കണ്ണൂര്‍ ജില്ലയിലെ അയ്യംകുന്ന്, പായം പഞ്ചായത്തിലും കര്‍ണ്ണാടകയിലെ മാക്കൂട്ടത്തും വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുകയാണ്. കിളിയന്തറ, കൂട്ടുപുഴ, കുന്നോത്ത്, കച്ചേരിക്കടവ്, മുടിക്കയം, ബാരാപ്പോള്‍, മാക്കൂട്ടം, പേരട്ട എന്നീ പ്രദേശങ്ങളില്‍ വ്യാപകമായ കൃഷിനാശവും, വീടുകള്‍ക്ക് വലിയ തകര്‍ച്ചയുമാണ് ഉണ്ടായിരിക്കുകയാണ്. 5 വീടുകള്‍ പൂര്‍ണ്ണമായും ഒഴുകി പോവുകയും 30 ഓളം വീടുകളില്‍ വെള്ളം കയറി നാശനഷ്ടം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. 15 ഏക്കറോളം കൃഷി സ്ഥലം പൂര്‍ണ്ണമായും ഒലിച്ചുപോവുകയും ചെയ്തു. കൂട്ടുപുഴ-വീരാജ്പേട്ട അന്തര്‍ സംസ്ഥാന പാതയിലെ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. മാക്കൂട്ടം ചുരത്തില്‍ 500 ഓളം പേര്‍ കുടുങ്ങികിടക്കുകയാണ്. ഒരാള്‍ മരണപ്പെടുകയുമുണ്ടായി. ഉരുള്‍പ്പൊട്ടല്‍ വലിയ നാശനഷ്ടമാണ് ഈ പ്രദേശങ്ങളില്‍ ഉണ്ടാക്കിയിട്ടുള്ളത്.  കാലവര്‍ഷക്കെടുതിയില്‍ ഉണ്ടായ നാശനഷ്ടത്തിന് അടിയന്തിരമായും സഹായം ലഭ്യമാക്കണമെന്ന് സി.പി.ഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അധികൃതരോട് ആവശ്യപ്പെട്ടു. റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ റേഷന്‍ ലഭ്യമാക്കാനും, കൃഷി നാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ അധികൃതര്‍ തയ്യാറാവണമെന്നും സി.പി.ഐ(എം) ആവശ്യപ്പെട്ടു.