കണ്ണൂർ :  യു ഡി എഫ് സർക്കാർ സഹകരണ മേഖലയിൽ സ്വീകരിക്കുന്ന ജനാധിപത്യ വിരുദ്ധ നടപടികൾ ജില്ലയിൽ പുതിയ സംഘർഷാവസ്ഥ സൃഷ്ടിക്കുന്നതിന് ബോധപൂർവ്വം നടത്തുന്ന നീക്കമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടുന്നു.

ഏരുവേശ്ശി മേഖലയിൽ ഉയർന്നു വന്ന സംഘർഷാവസ്ഥ യുഡിഎഫ് സർക്കാർ നടത്തിയ ജനാധിപത്യ വിരുദ്ധ നീക്കത്തിന്റെ ഫലമാണ്. ഏരുവേശ്ശി സഹകരണ ബേങ്ക് ഭരണസമിതി പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തുന്ന സന്ദർഭത്തിൽ ഒരു പറ്റം കേൺഗ്രസ് ക്രിമിനലുകൾ അഴിച്ചു വിട്ട അക്രമങ്ങളാണ് ഈ മേഖലയിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചത്. തെരഞ്ഞെടുപ്പിന്റെ തലേ ദിവസം തിരിച്ചറൽ രേഖ വാങ്ങാൻ പോയ സന്ദർഭത്തിൽ സിപിഐ(എം) ലോക്കൽ കമ്മിറ്റി സെക്രട്ടറി സ:കെ ആർ ബാലചന്ദ്രനെ അടക്കം കോൺഗ്രസ് ഗുണ്ടകൾ അക്രമിച്ച് പരിക്കേൽപ്പിച്ചതാണ് ഇവിടത്തെ സംഭവങ്ങൾക്ക് തുടക്കം. വായനശാലകൾ അടക്കമുള്ള സ്ഥാപനങ്ങൾ പോലും കത്തിക്കാൻ കോൺഗ്രസ് ക്രിമിനലുകൾ രംഗത്തിറങ്ങി.

സഹകരണ മേഖലയിൽ കഴിഞ്ഞ കാലത്ത് ഉണ്ടായ നടപടികൾ എന്ത് വില കൊടുത്തും തിരുത്തും എന്ന കെ സി ജോസഫിന്റെ പ്രസ്താവന അക്രമങ്ങൾക്ക് പച്ചകൊടി പിടിക്കുന്ന നീക്കമാണ് .ജില്ലാ ബേങ്കിൽ ലിക്വിഡേറ്റ് ചെയ്തതും പ്രവർത്തന രഹിതവുമായ സംഘങ്ങൾക്ക് ക്രമവിരുദ്ധമായി അംഗത്വം തിരിച്ച് നൽകി ജില്ലാ ബേങ്ക് തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ അധികാരത്തിൽ അവരോധിക്കാനുള്ള ജനാധിപത്യ വിരുദ്ധനീക്കം തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണ്. ഇത് വൻ പ്രത്യാഘാതം ഉളവാക്കുന്ന ഒരു നടപടിയാണ്. കഴിഞ്ഞ യുഡിഎഫ് സർക്കാറിന്റെ കാലത്ത് ഉയർന്നു വന്ന സംഘർഷാവസ്ഥ സഹകരണ ജനാധിപത്യം അട്ടിമറിക്കാനുള്ള യുഡിഎഫ് ശ്രമങ്ങളിൽ നിന്നും ആരംഭിച്ചതാണ്. ജില്ലയിൽ മറ്റ് സഹകരണ സംഘങ്ങളിലും ജില്ലാ ബേങ്ക് മോഡൽ നടപ്പാക്കാനുള്ള ആസൂത്രിതമായ നീക്കമാണ് ഏരുവേശ്ശിയിൽ കോൺഗ്രസ് ക്രിമിനൽ സംഘത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുള്ളത്. ഇത് ജില്ലയിലെ സമാധാനന്തീരക്ഷത്തിന് വലിയ ഹാനി സൃഷ്ടിക്കുമെന്ന് ഞങ്ങൾ ഭയപ്പെടുന്നു.

സഹകരണ ജനാധിപത്യത്തെ കുറിച്ച് നിരന്തരമായി പ്രസംഗിക്കുകയും സഹകരണമേഖലയിൽ എല്ലാ ജനാധിപത്യ കീഴ്‌വഴക്കങ്ങളെയും വെല്ലു വിളിക്കുകയും ചെയ്യുന്ന കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ശ്രമം അടിയന്തരിമായും തിരുത്തണമെന്ന് സിപിഐ(എം) അഭ്യർത്ഥിക്കുന്നു. പിൻ വാതിലിലൂടെ അധികാരം കൈപിടിയിൽ ഒതുക്കാൻ സഹകരണ രംഗത്ത് യുഡിഎഫ് നടപ്പാക്കുന്ന ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ അണിനിരക്കാൻ മുഴുവൻ സഹകാരികളോടും സിപിഐ(എം) അഭ്യർത്ഥിക്കുന്നു.