കണ്ണൂർ : 2007 ന് ശേഷമുള്ള മെമ്പർഷിപ്പ് ഒഴിവാക്കി പരിയാരം മെഡിക്കൽ കോളേജ് പിടിച്ചെടുക്കാനുള്ള നീക്കം ജനാധിപത്യവിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന് സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.

യുഡിഎഫ് ഉപസമിതിയുടെ റിപ്പോർട്ട് എന്ന നിലയിൽ മാധ്യമങ്ങളിൽ വന്ന വാർത്തകൾ പരിശോധിച്ചാൽ യു ഡി എഫിന്റെ ലക്ഷ്യം പരിയാരം മെഡിക്കൽ കോളേജിനെ അഭിവൃദ്ധിയിലേക്ക് നയിക്കാനല്ല സഹകരണ ജനാധിപത്യം ഇല്ലാതാക്കി ചിലരുടെ സ്വകാര്യ സ്വത്താക്കി മാറ്റാനാണ്. പരിയാരം മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുക്കരുതെന്ന നിലപാട് സ്വീകരിച്ച എം വി രാഘവനെ തന്നെ ഉപസമിതി കൺവീനറാക്കിയത് ഒരു രാഷ്ട്രീയ ഗൂഢാലോചനയായിരുന്നു. ജില്ലാ സഹകരണ ബേങ്ക് 2007-നു ശേഷമുള്ള അംഗങ്ങളെ ഒഴിവാക്കിയാണ് പിടിച്ചെടുക്കാൻ നടപടികൾ സ്വീകരിച്ചത്. ലിക്വിഡേറ്റ് ചെയ്ത 194 സംഘങ്ങൾക്ക് വോട്ടവകാശം നൽകിയിട്ടുമുണ്ട്. നടപടി ക്രമങ്ങൾ പാലിച്ച് ഗസറ്റ് നോട്ടിഫിക്കേഷനിലൂടെ ലിക്വിഡേറ്റ് ചെയ്യുകയും സ്വത്തുവകകൾ ഏറ്റെടുക്കുകയോ കടം വീട്ടുകയോ ചെയ്തതാണ് ഈ സംഘങ്ങൾ. ഇത്തരം സംഘങ്ങൾ പ്രവർത്തന രഹിതമാണ്. അത് കൊണ്ട് തന്നെ ജില്ലാ ബേങ്ക് ജനറൽ ബോഡി യോഗവിവരം തപാൽ വഴി അയച്ചപ്പോൾ മേൽവിലാസക്കാരൻ ഇല്ലെന്നാണ് തപാൽ വകുപ്പ് മറുപടിയായി ജില്ലാ ബാങ്കിൽ അറിയിച്ചത്. പരിയാരം മെഡിക്കൽ കോളേജിലാവട്ടെ പഴയ വ്യക്തിഗത അംഗങ്ങളിൽ നൂറിലേറെ പേർ ഇതിനകം മരണപ്പെട്ടു കഴിഞ്ഞു. ജില്ലാ ബാങ്കിൽ 'ജീവനില്ലാത്ത സംഘങ്ങൾക്ക് ' വോട്ടവകാശം നൽകിയത് പോലെ മരണപ്പെട്ട അംഗങ്ങൾക്ക് മെഡിക്കൽ കോളേജിൽ വോട്ടവകാശം നൽകാനാണോ യുഡിഎഫ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കണം.

ഉപസമിതി റിപ്പോർട്ട് അംഗീകരിച്ച യുഡിഎഫ് നേതൃയോഗം രജിസ്ട്രാർക്ക് ഡിസംബർ 31 നകം പുതിയ അംഗങ്ങളെ ഒഴിവാക്കണമെന്ന് അന്തിമ നിർദ്ദേശം കൂടി നൽകിയിരിക്കുകയാണ്. സഹകരണ സംഘം രജിസ്ട്രാർ നിയമത്തിനും ചട്ടത്തിനും വിധേയമായി പ്രവർത്തിക്കേണ്ടുന്ന സർക്കാർ ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തെ ഭീഷണിപ്പെടുത്തി നിയമവിരുദ്ധമായി അംഗത്വം റദ്ദാക്കാനുള്ള നീക്കം ദുരുദ്ദേശപരമാണ്. 2007 ലും 2011 ലും രണ്ട് തെരഞ്ഞെടുപ്പുകൾ നടന്നിട്ടുണ്ട്. രണ്ടിലും എം വി രാഘവൻ നേതൃത്വം കൊടുത്ത പാനൽ പരാജയപ്പെടുകയുണ്ടായി. സുപ്രീം കോടതി വരെ കേസ് നടന്നു. തെരഞ്ഞെടുപ്പുകളും നിലവിലുള്ള ഭരണസമിതിയും സാധുവാണെന്ന കോടതിയുടെ വിധിയും  വന്നു. അതോടെയാണ് തങ്ങൾക്ക് വോട്ട് ചെയ്യാത്തവർ മെഡിക്കൽ കോളേജിൽ അംഗങ്ങൾ ആവണ്ട എന്ന നിലപാടാണ് യുഡിഎഫിൽ ഒരു വിഭാഗം സ്വീകരിച്ചത്. തങ്ങൾക്ക് വോട്ട് ചെയ്യാത്തവരുടെ അംഗത്വം റദ്ദാക്കുന്ന രീതി അംഗീകരിച്ചാൽ ജനാധിപത്യത്തിന്  എന്താണ് അർത്ഥം.     

യുഡിഎഫ് സർക്കാർ നിയോഗിച്ച മൂന്ന് അന്വേഷണ സമിതികൾ പ്രവേശനം, നിയമനം, പർച്ചേസ് എന്നീ ആരോപണങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോൾ എം വി രാഘവന്റെ കാലത്താണ്  അഴിമതിയും ക്രമക്കേടും നിയമവിരുദ്ധ പ്രവൃത്തികളും ഉണ്ടായതെന്ന് തെളിഞ്ഞതാണ്. അതുകൊണ്ടാണ് നിലവിലുള്ള ഭരണസമിതിയെ പിരിച്ചു വിടാൻ കഴിയാത്തത്. എന്നാൽ ചില മാധ്യമങ്ങൾ പരിയാരം മെഡിക്കൽ കോളേജ് പിടിച്ചെടുക്കാനുള്ള യുഡിഎഫിന്റെ രാഷ്ട്രീയ നീക്കത്തിന് പ്രചോദനം നൽകുന്ന വ്യജവാർത്തകൾ തുടർച്ചയായി നൽകുകയാണ്. ഇത് ശരിയാണോ

എന്ന് ആത്മപരിശോധന നടത്താൻ അത്തരം മാധ്യമങ്ങൾ തയ്യാറാവണം.

 

പരിയാരം മെഡിക്കൽ കോളേജ് പിടിച്ചെടുക്കാനുള്ള സി എം പി യുടെയും കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെയും നീക്കത്തോട് യുഡിഎഫിലെ മിക്ക ഘടകകക്ഷികളും യോജിക്കുന്നില്ല. സർക്കാരിന്റെ ഭൂമിയും സമ്പത്തും സഹകരണ മേഖലയിലെ പണവും ഉപയോഗിച്ച്  ആരംഭിച്ച പരിയാരം മെഡിക്കൽ കോളേജ് ഒരു സ്വകാര്യ സ്വത്തല്ല. സഹകരണ മേഖലയോ സർക്കാർ ഉടമസ്ഥതയിലോ മെഡിക്കൽ കോളേജ് നടത്തണമെന്ന ആവശ്യത്തോട് മൗനം അവലംബിച്ചുള്ള യുഡിഎഫ് ഉപസമിതി റിപ്പോർട്ട് യജമാന സ്‌നേഹം മാത്രം പ്രകടിപ്പിക്കുന്നതും സഹകരണ ജനാധിപത്യം കൊല ചെയ്യുന്നതും ആണെന്ന് സിപിഐ(എം) പ്രസ്താവനയിൽ വ്യക്തമാക്കി.