കണ്ണൂർ : ബി ജെ പി നേതാവ് പി കെ കൃഷ്ണദാസ് അബ്ദുൾനാസർ മദനിയുടെ പ്രശ്‌നത്തിൽ സി പി ഐ (എം)  കൈക്കൊണ്ട നിലപാടിനെതിരെ വിമർശനമുന്നയിക്കുകയുണ്ടായി. മത തീവ്രവാദ നിലപാട് കൈക്കൊണ്ടതിന്റെ പേരിൽ വിചാരണ തടവുകാരനായി ജയിലിലടക്കപ്പെട്ട മദനി രാജ്യദ്രോഹ കുറ്റം ചെയ്തു എന്നാണ് ബി ജെ പി നേതാവ് ആക്ഷേപിക്കുന്നത്. അങ്ങിനെയെങ്കിൽ ഒന്നാം നമ്പർ രാജ്യദ്രോഹി ബി ജെ പി നേതാവ് എൽ കെ അദ്വാനിയാണെന്ന് പറയേണ്ടി വരും. 1992 ഡിസംബർ 6-നു ബാബറി മസ്ജിദ് തകർത്ത കേസിൽ അദ്വാനിയാണ് മുഖ്യ പ്രതി. അദ്വാനിയെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടിരിക്കുകയാണ്. സുപ്രീം കോടതിയടക്കം ശക്തമായ നിലപാടെടുത്തതിനെ തുടർന്നാണ് അദ്വാനിയെ കേസിൽ നിന്നും ഒഴിവാക്കാനുള്ള നീക്കം നടക്കാതെ പോയത്.

ബാബറി മസ്ജിദ് തകർത്ത കേസിൽ വിചാരണ നടത്തുന്ന പ്രത്യേക കോടതിയിൽ 1997 സപ്തംബർ 9-നു കുറ്റപത്രം സമർപ്പിക്കുകയുണ്ടായി. പ്രസ്തുത കുറ്റപത്രത്തിൽ മസ്ജിദ് തകർക്കുന്നതിൽ കൃത്യമായ ഗുഢാലോചന നടന്നതായും അതിൽ 1990 മുതൽ അദ്വാനിയും മറ്റും നടത്തിയ ക്രിമിനൽ ഗൂഢാലോചനയുടെ പൂർത്തീകരണമാണ് ഡിസംബർ 6-നു നടന്നതെന്നും രേഖപ്പെടുത്തുകയുണ്ടായി. മസ്ജിദ് തകർക്കൽ രാജ്യത്തിന്റെ ഭരണഘടന തന്നെ തകർക്കാൻ ശ്രമിച്ച രാജ്യദ്രോഹ കുറ്റമാണ്. അതിൽ കുറ്റവാളിയായ അദ്വാനിയുടെ അനുയായികൾ മറ്റുള്ളവരെ രാജ്യദ്രോഹികളായി വിശേഷിപ്പിക്കുന്നത് പരിഹാസ്യമാണ്. ഈ സംഭവങ്ങൾ അന്വേഷിച്ച ലിബർഹാൻ കമ്മീഷൻ അദ്വാനി ഉൾപ്പെടെയുള്ളവർ നടത്തിയ ഗൂഢാലോചനയെകുറിച്ച് വ്യക്തമായ നിഗമനങ്ങളിൽ എത്തിചേർന്നിട്ടുണ്ട്. മസ്ജിദ് തകർക്കപ്പെട്ടതിനെ തുടർന്ന് ആയിരക്കണക്കിന് നിരപരാധികളാണ് കൊല്ലപ്പെട്ടത്. ഈ കൊടിയ ദുരന്തത്തിന് ഉത്തരവാദികൾ അദ്വാനിയെപോലുള്ള നേതാക്കളാണ്. അങ്ങനെ രാജ്യത്തിന്റെ അടിസ്ഥാന ഘടന തകർക്കുന്നതിന് നേതൃത്വം കൊടുത്ത അദ്വാനിയെപോലുള്ളവർ സ്വതന്ത്രമായി വർഗ്ഗീയ പ്രവർത്തനം ഇന്നും തുടരുകയാണ്.

വിചാരണ തടവുകാരനായി കഴിയുന്ന മദനിയെ മതിയായ ചികിത്സ പോലും നൽകാതെ പീഢിപ്പിക്കുന്നതിനെതിരായി സി പി ഐ (എം) പോലുള്ള പാർടികളാണ് പ്രതിഷേധിച്ചത്. കഴിഞ്ഞ എൽ ഡി എഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി വി എസും വിദ്യാസ മന്ത്രി എം എം ബേബിയും തമിഴ്‌നാട് മുഖ്യമന്ത്രിയുമായി നേരിൽ കണ്ട് കോയമ്പത്തൂർ ജയിലിൽ കഴിയുന്ന മദനിക്ക് മാനുഷിക പരിഗണന നൽകണമെന്ന് അഭ്യർത്ഥിച്ചിരുന്നു. ആ നിലപാട് പോലും ഇന്നെത്തെ യു ഡി എഫ് സർക്കാർ ചെയ്യുന്നില്ല. മഹാരാഷ്ട്രയിലെ മലേഗാവിലും ഹൈദരാബാദിലെ മെക്കമസ്ജിദിലും രാജസ്ഥാനിലെ അജ്മീർദർഗയിലും നടത്തിയ മതിഭീകരാക്രമണങ്ങൾക്ക് പിന്നിൽ ഹിന്ദുത്വ തീവ്രവാദികളാണെന്ന് വ്യക്തമായിട്ടും.നിരപരാധികളായ മുസ്ലീം യുവാക്കളെ പത്തും പതിനാലും വർഷക്കാലം ജയിലിലടച്ചതിനെയും സി പി ഐ (എം) ശക്തമായി വിമർശിക്കുകയുണ്ടായി. ഇതിനെ മുസ്ലീം പ്രീണനമായി വിശേഷിപ്പിച്ചാൽ അത് സമൂഹം അംഗീകരിക്കുകയില്ല.

സി പി ഐ (എം) എല്ലാ മത തീവ്രവാദങ്ങൾക്കും എതിരായി പൊരുതുന്ന മതനിരപേക്ഷ രാഷ്ട്രീയ പ്രസ്ഥാനമാണ്. ആ നിലപാട് ഉയർത്തിപ്പിടിക്കുമ്പോൾ തന്നെ മനുഷ്യാവകാശങ്ങൾ ചവിട്ടിമെതിക്കുകയും 2 തരം നീതി നടപ്പിലാക്കുന്നതിനെതിരായും ഉറച്ച നിലപാട് കൈക്കൊള്ളുകയും ചെയ്യുന്നുണ്ട്.

മസ്ജിദ് തകർക്കപ്പെട്ടതിനെ തുടർന്ന് ഉണ്ടായ വർഗ്ഗീയ അക്രമങ്ങളെകുറിച്ച് അന്വേഷിക്കാനാണ് ലിബർഹാൻ കമ്മീഷൻ രൂപീകരിച്ചത്. അതിൽ അന്നത്തെ യു പി സംസ്ഥാനം ഭരിച്ച ബി ജെ പി സർക്കാരിനെയും ആഭ്യന്തര വകുപ്പിന്റെ നിസംഗതയെയും പരാമർശിക്കുന്നുണ്ട്. 17 വർഷങ്ങൾക്ക് ശേഷം 2009-ലാണ് ലിബർഹാൻ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത്. ഈ കമ്മീഷൻ റിപ്പോർട്ടിന്റെ മേലെ ഇന്ത്യൻ ഭരണകൂടം ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. വർഗ്ഗീയ തീവ്രവാദികളെ എതിർക്കുന്ന കാര്യത്തിൽ കോൺഗ്രസും മറ്റും നിസംഗ മനോഭാവമാണ് എന്നും സ്വീകരിച്ചുവരുന്നത്. ഇതാണ് വർഗ്ഗീയ തീവ്രവാദ ശക്തികൾക്ക് മുതലെടുപ്പിനുള്ള അവസരമായിതീരുന്നത്.