ധർമ്മടം സ്വാമിക്കുന്നിലെ സിപിഐ(എം) ബ്രാഞ്ച് കമ്മറ്റി ഓഫീസായി പ്രവർത്തിക്കുന്ന പുതിയാണ്ടി കണാരൻ സ്മാരക മന്ദിരം ആർ എസ് എസ് ക്രിമിനൽ സംഘം അടിച്ചുതകർത്തതിൽ ശക്തമായി പ്രതിഷേധിക്കുന്നു.

ജില്ലയിൽ സമാധാന ചർച്ചകൾ നടക്കുന്നതിനിടയിലാണ് ഇത്തരമൊരു ആക്രമണം നടന്നത്. ഒരു ഭാഗത്ത് സമാധാന ചർച്ചകളിൽ പങ്കെടുക്കുകയും മറുഭാഗത്ത് ആർ എസ് എസിലെ ഒരു വിഭാഗം അക്രമം തുടരുകയും ചെയ്യുകയാണ്. ഫാസിസ്റ്റുകൾ പലപ്പോഴും ഇരട്ട നാവുകൊണ്ടാണ് സംസാരിക്കുക. നാട്ടിൽ സംഘർഷങ്ങൾക്ക് തുടക്കമിടുകയും പിന്നീട് ഇരവാദം പറയുകയും ചെയ്യുന്നതാണ് സംഘപരിവാർ ശൈലി.

സ്വാമിക്കുന്നിലെ ഒരു കല്ല്യാണവീട്ടിൽ നിന്ന് മദ്യപിച്ചെത്തിയ ആർ എസ് എസ് സംഘമാണ് ഓഫീസ് അക്രമിച്ചത്. ജനൽചില്ലുകൾ പൂർണ്ണമായും അടിച്ചു തകർത്തു. കൊടിമരവും തകർത്തു.ധർമ്മടം പബ്ലിക് ലൈബ്രറിയും ഇതേ കെട്ടിടത്തിലാണ് സ്ഥിതി ചെയ്യുന്നത്.ലൈബ്രറിയുടെ ബോർഡും പുസ്തകങ്ങളും അക്രമികൾ നശിപ്പിച്ചു.

കഴിഞ്ഞ ദിവസം നടന്ന സമാധാന ചർച്ചകളിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒറ്റക്കെട്ടായി ഇനി അക്രമങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് തീരുമാനിച്ചതാണ്. സമാധാനശ്രമങ്ങളോട് ആർ എസ് എസും ബിജെപിയും എടുത്ത നിലപാട് ആത്മാർത്ഥതയുള്ളതാണെങ്കിൽ ഈ അക്രമികളെ തള്ളിപ്പറയണം. മാത്രമല്ല നേതൃത്വം പറഞ്ഞാലും അനുസരിക്കാത്ത ഒരു സംഘം ആർ എസ് എസിലും ബിജെപിയിലും പ്രവർത്തിക്കുന്നുണ്ടെന്നാണ് മനസ്സിലാക്കുന്നത്.ഇത്തരം ക്രിമിനലുകളെ ഒറ്റപ്പെടുത്തണം.

അക്രമികൾക്കെതിരെ പോലീസ് ശക്തമായ നടപടികൾ കൈക്കൊള്ളണം. സമാധാനകാംക്ഷികളായ മുഴുവൻ ജനങ്ങളും ഈ അക്രമങ്ങൾക്കെതിരെ രംഗത്ത് വരണമെന്നും പ്രതിഷേധിക്കണമെന്നും അഭ്യർത്ഥിക്കുന്നു.