ജാതിയുടെ, മതത്തിന്റെ, ഭക്ഷണത്തിന്റെയെല്ലാം പേരിൽ ഫാസിസ്റ്റുകൾ വിഭജനം തീർക്കുന്ന വർത്തമാനകാലത്ത്‌, മനുഷ്യർക്കാകെ വേണ്ടി ശബ്ദമുയർത്തിയ  കുറ്റിക്കോൽ മാഷിന്റെ വേർപാട്‌ കനത്ത  നഷ്ടമാണ്‌.
 
നിസ്വവർഗ്ഗ ചിന്തകൾ നെഞ്ചേറ്റി സമൂഹത്തിന്റെ അധ്യാപകനായും നാടക പ്രവർത്തകനായും അവസാനശ്വാസം വരെ മാഷ്‌ നിലക്കൊണ്ടു. കമ്മ്യുണിസ്റ് പ്രസ്ഥാനത്തോടൊപ്പം സഞ്ചരിച്ച കരുത്തുറ്റ കലാകാരനെയാണ്‌ ഒ.കെ യുടെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നത്‌.
 
തന്‍റെ ജീവിതകാലം മുഴുവന്‍ നാടക
പ്രവര്‍ത്തനത്തിന് വേണ്ടി മാറ്റിവെച്ച മനുഷ്യസ്നേഹിയായിരുന്നു മാഷ്‌. ജീവിതത്തിലും നാടകത്തിലും അദ്ദേഹം സാധാരണക്കാരനുവേണ്ടി കലഹിച്ചു.
 
1987 ല്‍ കണ്ണൂര്‍ സംഘചേതനയുടെ രൂപീകരണം തൊട്ട് അദ്ദേഹം അതിന്‍റെ ചുമതലക്കാരില്‍ ഒരാളായിരുന്നു.
ആദ്യനാടകമായ "നീതിപക്ഷം" മുതല്‍ ഏറ്റവും ഒടുവില്‍ ഇറങ്ങിയ "അടിയത്തമ്പ്രാട്ടി" വരെ അരങ്ങിലും അണിയറയിലും നിറസാന്നിധ്യമായി  ഒ.കെ  ഉണ്ടായിരുന്നു.
മികച്ച നടന്‍,സംവിധായകന്‍, മെയ്ക്കപ്മാന്‍ തുടങ്ങി എല്ലാ മേഖലയിലും അദ്ദേഹം കഴിവ് തെളിയിച്ചു.തെരഞ്ഞെടുപ്പ് സമയങ്ങളില്‍ അദ്ദേഹത്തിന്‍റെ തെരുവുനാടകങ്ങള്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതായിരുന്നു.
 
മികച്ച അധ്യാപകനുള്ള ദേശീയ അവാര്‍ഡ് ജേതാവും ഫോക്ലോര്‍ അക്കാദമി അംഗവും പുരോഗമന കലാ സാഹിത്യസംഘം മുന്‍ സംസ്ഥാന കമ്മറ്റി അംഗവുമായ സഖാവിന്‍റെ വേര്‍പാടിലൂടെ നമുക്ക് നഷ്ടമായത് നല്ലൊരു മനുഷ്യസ്നേഹിയെ കൂടിയാണ്. സിപിഐ(എം) കുറ്റിക്കോൽ സെന്റർ ബ്രാഞ്ച് അംഗം കൂടിയാണ് അദ്ദേഹം.ജില്ലയിലെ പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ കനത്ത നഷ്ടം കൂടിയാണ്‌ അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ചിരിക്കുന്നത്‌.
പ്രിയസഖാവിന്‍റെ വേര്‍പാടില്‍ അനുശോചിക്കുന്നു.
 
പി ജയരാജൻ