കണ്ണൂർ : മാലിന്യ സംസ്‌കരണം ഏറ്റവും വലിയ ഒരു സാമൂഹ്യ പ്രശ്‌നമായി മാറികൊണ്ടിരിക്കുകയാണ്. കേന്ദ്രീകൃത മാലിന്യ സംസ്‌കരണ പ്ലാന്റുകൾ പരിസരവാസികളുടെയും മറ്റും ശക്തമായ എതിർപ്പുകൾ ഉയർന്ന് വന്ന സാഹചര്യത്തിൽ അതിന്റെ നടത്തിപ്പ് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ സംരംഭങ്ങൾ ആരംഭിക്കാൻ കഴിയേണ്ടതുണ്ട്. അതിനാൽ മാലിന്യ മുക്ത കേരളം എന്ന മുദ്രാവാക്യമുയർത്തി പ്രായോഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സി പി ഐ (എം) തീരുമാനിച്ചിരിക്കുകയാണ്. കേരളത്തിന്റെ ഭാവി വികസനത്തിന് തന്നെ മുതൽകൂട്ടാവുന്ന ഈ പദ്ധതികൊണ്ട് നമ്മുടെ കേരളത്തെ ഒരു ശുചിത്വ സംസ്ഥാനമാക്കി മാറ്റേണ്ടതുണ്ട്.  ഇതിനായി ആദ്യഘട്ടത്തിൽ ബോധവൽക്കരണ ശ്രമവും പിന്നീട് പ്രായോഗിക പ്രവർത്തനങ്ങളും നടത്താനാണ് സി പി ഐ (എം) തീരുമാനിച്ചിട്ടുള്ളത്. കക്ഷി രാഷ്ട്രിയത്തിനതീതമായി എല്ലാവരുമായി സഹകരിച്ച് കൊണ്ട് ഈ പരിപാടി നടത്താനാണ് ഉദ്ദേശിക്കുന്നത്. സി പി ഐ (എം) പ്രതിപക്ഷത്തുള്ള തദ്ദേശ ഭരണ സ്ഥാപനങ്ങളിലും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പരിപാടി വിജയിപ്പിക്കും.

സംസ്ഥാന തലത്തിൽ ആലപ്പുഴയിൽ നടത്തിയ സെമിനാറിന്റെ തുടർച്ചയായി ജില്ലാതലത്തിലുള്ള സെമിനാർ നവംബർ 25-നു കണ്ണൂരിൽ വെച്ച് നടത്തുവാനാണ് തീരുമാനിച്ചിട്ടുള്ളത്. കാലത്ത് 10 മണിക്ക് കണ്ണൂർ ടൗൺ സ്‌ക്വയറിൽ സ: എം വി ഗോവിന്ദൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സെമിനാർ സ: പിണറായി വിജയൻ ഉൽഘാടനം ചെയ്യും. മുൻ മന്ത്രി ഡോ: തോമസ് ഐസക്ക് എം എൽ എ പദ്ധതി സംബന്ധിച്ച് വശദീകരണം നടത്തും. കെ കെ ശൈലജ ടീച്ചർ (മുൻ എം എൽ എ) പ്രൊഫ. കെ എ സരള (ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്) റോഷ്‌നി ഖാലിദ് (ചെയർപേഴ്‌സൺ, കണ്ണൂർ നഗരസഭ) സുശീൽ ആറോൺ (പ്രസിഡണ്ട്, ചേമ്പർ ഓഫ് കൊമേഴ്‌സ്) വി വി ഗോപിനാഥ് (പ്രസിഡണ്ട്, വ്യാപാരി വ്യവസായി സമിതി) ദേവസ്യ മേച്ചേരി (പ്രസിഡണ്ട്, വ്യാപാരി വ്യവസായി ഏകോപന സമിതി) എം അലികുഞ്ഞ് (സെക്രട്ടറി, ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ) എന്നിവർ ആശംസ പ്രസംഗം നടത്തും. സ: പി ജയരാജൻ സ്വാഗതവും സ: എം പ്രകാശൻ മാസ്റ്റർ നന്ദിയും പറയും. സെമിനാറിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ കാലത്ത് 9 മണിക്ക് പേര് വിവരം രജിസ്റ്റർ ചെയ്യണം.

 

സെമിനാറിൽ റെയ്ഡ്‌കോ കേരള, മാലിന്യ സംസ്‌കരണത്തിന്റെ വിശദമായ പദ്ധതികൾ പ്രദർശിപ്പിക്കും. വീഡിയോ സി ഡി പ്രദർശനവും ഉണ്ടാവും. ടൗൺ സ്‌ക്വയറിൽ ജൈവ മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനുള്ള എയറോബിൻ പ്രവർത്തിപ്പിക്കുന്നതും അവതരിപ്പിക്കും. ബോധവൽക്കരണ പ്രവർത്തനത്തിന്റെ ഭാഗമായി പഞ്ചായത്ത്/മുൻസിപ്പൽ തലത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സെമിനാറുകൾ സംഘടിപ്പിക്കും. ജില്ലാതല സെമിനാർ വിജയിപ്പിക്കുന്നതിന്  എല്ലാ വിഭാഗം ജനങ്ങളോടും സഹകരണം അഭ്യർത്ഥിക്കുന്നു.