കണ്ണൂർ : മരണപ്പെട്ടവരെ പോലും ആക്ഷേപിക്കുകയും ആർ എസ് എസ് കൊലയാളികളെ ന്യായീകരിക്കുകയും ചെയ്യുന്ന നിലപാട് ബി ജെ പി ജില്ലാ നേതൃത്വം അവസാനിപ്പിക്കണമെന്ന് സി പി ഐ (എം) ജില്ലാ സെക്രട്ടറി പി ജയരാജൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ചിറ്റാരിപ്പറമ്പിൽ ആർ എസ് എസ് നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ് സഖാവ് ഓണിയൻ പ്രേമന്റെ കൊലപാതകം. ഇതിന് ഗൂഢാലോചന നടത്തിയ ആർ എസ് എസ് പ്രചാരകന്റെയടക്കം പേര് പുറത്ത് വന്നിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ കൊലയാളികളെ സംരക്ഷിക്കാനാണ് ബി ജെ പി ജില്ലാ പ്രസിഡണ്ട് പ്രസ്താവനയിലൂടെ ശ്രമിക്കുന്നത്. എരുവട്ടി-വെണ്ടുട്ടായിലെ ആർ എസ് എസ് അക്രമണത്തിൻ ഫലമായി കൊല്ലപ്പെട്ട സരോജിനിയമ്മയുടെ മരണം സംബന്ധിച്ചും നുണ പ്രചരണം നടത്താനാണ് ബി ജെ പി നേതൃത്വം തയ്യാറായത്. നുണ പ്രചരണം നടത്തുന്നതിൽ നല്ല മെയ് വഴക്കമുള്ള ആർ എസ് എസ്-കാർ  സരോജിനിയമ്മയുടെ മരണം കേൻസർ മൂലമാണെന്ന് പ്രചരിപ്പിച്ചു. ഇത് രേഖാമൂലമുള്ള പ്രസ്താവനയായി ബി ജെ പി ജില്ലാ പ്രസിഡണ്ട് പുറപ്പെടുവിക്കുകയുണ്ടായി. ഇതിൽ ബി ജെ പി ജില്ലാ പ്രസിഡണ്ട് നിയമ നടപടി നേരിടുകയാണ്.

ഫിബ്രവരി 27-ന്റെ ജില്ലാ സമാധാന കമ്മിറ്റി യോഗത്തിനു ശേഷവും ആർ എസ് എസ്  അക്രമങ്ങൾ തുടരുകയാണ്. മേലൂരിൽ 3 വീടുകൾ അക്രമിച്ച് തകർത്തു. ഏച്ചൂർ കോട്ടത്ത് സി പി ഐ (എം) ഓഫീസ് തല്ലി തകർത്തു. ആയിത്തറയിൽ പാർടി പ്രവർത്തകന്റെ റബ്ബർ വെട്ടി നശിപ്പിച്ചു.

നേരത്തെ സമാധാന യോഗങ്ങളിൽ പങ്കെടുക്കാതിരുന്ന ആർ എസ് എസ്-ബി ജെ പിക്കാർ പ്രേമന്റെ കൊലപാതകത്തെ തുടർന്നാണ് യോഗത്തിൽ പങ്കെടുത്തത്. പ്രസ്തുത യോഗത്തിന് ശേഷവും തുടരുന്ന അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലയാണ് ബി ജെ പി നേതൃത്വത്തിന്റെ പ്രതികരണങ്ങൾ. നാടിന്റെ സമാധാനം തകർക്കുന്ന ഇത്തരം നീക്കങ്ങൾ അവസാനിപ്പിക്കണമെന്ന് പി ജയരാജൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.