കണ്ണൂർ : നേപ്പാളിലെ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്ന ജനതയെ സഹായിക്കാൻ എല്ലാ വിഭാഗം ആളുകളും രംഗത്തിറങ്ങണമെന്ന് സ: വി നാരായണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സി പി ഐ (എം) ജില്ലാ കമ്മിറ്റി യോഗം അഭ്യർത്ഥിച്ചു.

സർവ്വനാശം വിതച്ച നേപ്പാളിലെ ഭൂകമ്പത്തിൽ ഇതിനകം 10000-ൽ പരം ആളുകൾ മരണപ്പെട്ടതായാണ് അറിയുന്നത്. ആയിരക്കണക്കിന് ആളുകൾ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. പതിനായിരങ്ങൾ ഭൂകമ്പത്തിന്റെ കെടുതിയിൽ സർവ്വവും നഷ്ടപ്പെട്ട് തെരുവോരങ്ങളിൽ ജീവിക്കുകയാണ്. വീടുകളും കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും നഷ്ടപ്പെട്ടു. പകർച്ചവ്യാധി പിടിപെടുമെന്ന ഭീതിയിലാണ് ഇന്ന് നേപ്പാൾ.

നേപ്പാൾ ജനതയെ സഹായിക്കുന്നതിന് പാർടി കേന്ദ്ര കമ്മിറ്റി ആഹ്വാന പ്രകാരം മെയ് 2-നു ജില്ലയിലെ എല്ലാ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും തൊഴിൽ ശാലകളിലും കയറി പാർടി പ്രവർത്തകർ ഫണ്ട് സ്വരൂപിക്കും. സർവ്വവും നഷ്ടപ്പെട്ട നേപ്പാൾ ജനതയെ സഹായിക്കാൻ സി പി ഐ (എം) നടത്തുന്ന പ്രവർത്തനത്തിൽ എല്ലാ വിഭാഗം ആളുകളും സഹകരിക്കണമെന്ന് ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ ആഭ്യർത്ഥിക്കുന്നു.