കണ്ണൂർ : മെയ് 26-നു വൈകുന്നേരം ജില്ല കേന്ദ്രീകരിച്ച് കണ്ണൂർ പട്ടണത്തിൽ ചുവപ്പ് വളണ്ടിയർമാരുടെ മാർച്ച് നടക്കുന്നതാണ്.

ജന സേവനത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിക്കാനാണ് ഈ വളണ്ടിയർ സേന രൂപീകരിക്കുന്നത്. ജനങ്ങൾക്കിടയിൽ വിവിധ സേവനങ്ങൾ നിർവ്വഹിക്കാനുള്ള പരിശീലനം ഈ വളണ്ടിയർമാർക്ക് നൽകുന്നതാണ്. പ്രഥമശുശ്രൂഷ, രക്ഷാപ്രവർത്തനം തുടങ്ങിയവയൊക്കെ ഇതിൽ ഉൾപ്പെടും. അതോടൊപ്പം വ്യായാമ പരിശീലനവും നൽകും. 18-നു 30-നു മധ്യേ പ്രായമുള്ള യുവാക്കളെയാണ് ഇതിലേക്കായി തെരഞ്ഞെടുക്കുക. ഇവർക്കായുള്ള ലോക്കൽതല പരിശീലനം മെയ് 10 മുതൽ ആരംഭിക്കും. ആദ്യഘട്ടത്തിൽ യുവാക്കൾക്കാണ് പരിശീലനം നൽകുന്നത്. അടുത്ത ഘട്ടത്തിൽ യുവതികൾക്കും പരിശീലനം നൽകും. വിവാഹം, മരണം, രോഗം തുടങ്ങിയ സന്ദർഭങ്ങളിലെല്ലാം തന്നെ ജനങ്ങൾക്ക് ആവശ്യമായി വരുന്ന ഘട്ടങ്ങളിൽ ഈ വളണ്ടിയർമാരുടെ സേവനം ലഭ്യമാക്കുന്നതാണ്.

സംസ്ഥാന തലത്തിൽ തീരുമാനിച്ച പ്രവർത്തനത്തിന്റെ ഭാഗമാണിത്. എന്നാൽ ഇതിനെ വളച്ചൊടിച്ച് ചില മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിക്കുകയുണ്ടായി. വർഗ്ഗീയ ശക്തികളുടെ പ്രവർത്തനത്തെ പ്രതിരോധിക്കാനാണെ് ഈ വളണ്ടിയർ സേനയെ സജ്ജമാക്കുന്നതെന്നാണ് ഈ മാധ്യമങ്ങൾ ചിത്രീകരിച്ചത്. ഇത് വസ്തുതാ വിരുദ്ധമാണ്.

കൂത്തുപറമ്പിൽ നടന്ന കഴിഞ്ഞ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചും. അതിന് മുമ്പും വടി ഉപയോഗിച്ച് ചുവപ്പ് വളണ്ടിയർമാർ മാർച്ച ചെയ്തിട്ടുണ്ടെന്നിരിക്കെ ചില മാധ്യമങ്ങൾ നടത്തുന്ന ഇത്തരം കുപ്രചരണങ്ങളെ പാർടി ബന്ധുക്കളും ബഹുജനങ്ങളും അവജ്ഞയോടെ തള്ളിക്കളയണമെന്നും അഭ്യർത്ഥിക്കുന്നു.