കണ്ണൂർ : വളപട്ടണം പുഴയോരത്തെ തുരുത്തുകൾ തകർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സി പി ഐ (എം) ജില്ലാ കമ്മിറ്റി തീരുമാനമനുസരിച്ച് മെയ് 5-നു ജില്ലാ സെക്രട്ടറി പി ജയരാജൻ, ജയിംസ് മാത്യു എം എൽ എ, സി പി ഐ (എം) മയ്യിൽ ഏറിയ സെക്രട്ടറി ടി കെ ഗോവിന്ദൻ മാസ്റ്റർ, ഡി വൈ എഫ് ഐ ജില്ലാ പ്രസിഡണ്ട് ബിജു കണ്ടക്കൈ എന്നിവർ വളപട്ടണം പുഴയിലൂടെ ജലയാത്ര നടത്തുകയും കടവുകളിലെ ജനങ്ങളിൽ നിന്നും നിവേദനങ്ങൾ സ്വീകരിക്കുകയും ചെയ്തു. സംഘം സന്ദർശിച്ച 14 കടവുകളിൽനിന്നായി 55 നിവേദനങ്ങളാണ് ലഭിച്ചത്. ഈ നിവേദനങ്ങളിൽ പറഞ്ഞ ആവശ്യങ്ങൾ ക്രോഡീകരിച്ചുകൊണ്ട് ഇന്ന് കാലത്ത് (14.05.2015) ജില്ലാ കലക്ടർക്ക് നിവേദനവും സമർപ്പിച്ചു.

ജില്ലയിലെമ്പാടുമുള്ള ജനങ്ങൾ അനുഭവിക്കുന്ന മണൽ ക്ഷാമത്തിന് പരിഹാരം ഉണ്ടാക്കണമെന്ന് നിവേദകസംഘം കലക്ടറോട് ആവശ്യപ്പെട്ടു. നിവേദകസംഘത്തിൽ സി പി ഐ (എം) ജില്ലാ സെക്രട്ടറി പി ജയരാജൻ, സി പി ഐ (എം) സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജയിംസ് മാത്യു എം എൽ എ, ഡോ. വി ശിവദാസൻ എന്നിവർ ഉണ്ടായിരുന്നു.

മണൽ തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കുക, ഇപ്പോഴും മണൽ വാരൽ നിരോധനം തുടരുന്ന കടവുകളിൽ സാന്റ് ഓഡിറ്റിങ്ങ് നടത്തി മണൽ വാരൽ അനുവദിക്കുക,. നിയമവിരുദ്ധമായ മണൽ വാരൽ തടയുക, അതിനായി അനധികൃതമായി മണൽ വാരുന്ന പ്രദേശങ്ങളിൽ സി സി ടി വി ക്യാമറയും ഹൈമാക്‌സ് ലൈറ്റും സ്ഥാപിക്കുക, പ്രദേശവാസികളെ ഉൾപ്പെടുത്തി പുഴയോര സംരക്ഷണ സമിതി രൂപീകരിക്കുക, അനധികൃത മണൽ വാരലിന്റെ ഫലമായി ജനവാസ കേന്ദ്രങ്ങളായ പാമ്പുരുത്തി, കോറളായി, കോൾതുരുത്ത് എന്നിവിടങ്ങളിൽ പുഴയോരങ്ങൾ ഇടിഞ്ഞ് താഴുകയാണ്. അതിനാൽ റിവർ മാനേജ്‌മെന്റ് ഫണ്ട് ഉപയോഗിച്ച് ഭിത്തികൾ നിർമ്മിക്കണം. ‘തോട്ട’ ഉപയോഗിച്ച് മത്സ്യം പിടിക്കുന്നത് തടയുന്നതിന് കർശനമായ നടപടികൾ സ്വീകരിക്കണം. തീരദേശ പരിപാലന നിയമത്തിന്റെ പേരിൽ വീട് നിർമ്മിക്കുന്നതിന് കോൾതുരുത്തിലും കണ്ടക്കൈ മേഖലയിലുമുള്ള തടസങ്ങൾ നീക്കണം. തുടങ്ങിയവയാണ് നിവേദനത്തിലൂടെ മുന്നോട്ട്‌വച്ചത്. 

വളപട്ടണം പുഴയോരങ്ങളിൽ ‘കണ്ടൽ’ കാടുള്ള സ്ഥലങ്ങളിൽ കരയിടിച്ചൽ പ്രതിരോധിക്കാൻ കഴിഞ്ഞിട്ടുണ്ട്. അതിനാൽ വ്യാപകമായി പുഴയോരങ്ങളിൽ ‘കണ്ടൽ’ മരങ്ങൾ നടണം. ഇക്കാര്യത്തിൽ സി പി ഐ (എം) ‘കണ്ടൽ’ ചെടികൾ നടുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുന്നതാണ്. 

വളപട്ടണം പുഴയോരത്തെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള വിപുലമായ ജനകീയ കൺവെൻഷൻ മെയ് 28-നു വൈകുന്നേരം 3 മണിക്ക് കൊളച്ചേരിമുക്കിലുള്ള മുല്ലക്കൊടി ബാങ്ക് ഓഡിറ്റോറിയത്തിൽ വിളിച്ച് ചേർക്കുന്നതാണ്. ഈ കൺവെൻഷനിൽ പുഴയോര സംരക്ഷണത്തിൽ താൽപര്യമുള്ള മുഴുവൻ ജനങ്ങളും പങ്കെടുക്കണം. 

പരിസ്ഥിതി ദിനമായ ജൂൺ 5-നു പുഴയോര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ‘കണ്ടൽ’ ചെടികൾ നടുന്നതിനുള്ള വിപുലമായ പരിപാടികൾക്ക് തുടക്കം കുറിക്കും. ഈ പരിപാടികളാകെ വിജയിപ്പിക്കുന്നതിന് സി പി ഐ (എം) ജില്ലാ കമ്മിറ്റി മുഴുവൻ ജനങ്ങളുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.