കണ്ണൂർ : മാഫിയ സംഘങ്ങൾക്ക് കീഴ്‌പ്പെട്ട സർക്കാർ സമീപനത്തിന്റെ ഫലമാണ് പരിയാരത്ത് ഒരു പോലീസ് സബ്ബ് ഇൻസ്‌പെക്ടർക്ക് നേരെയുള്ള വധശ്രമമെന്ന് സി പി ഐ (എം) ജില്ലാ സെക്രട്ടറി പി ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു.

പരിയാരം പഞ്ചായത്തിൽ ഒരു വാർഡിലാണ് ലീഗ് ജയിച്ചത്.നിരവധി  അക്രമങ്ങളാണ് ലീഗ് സംരക്ഷണത്തിൽ മണൽ മാഫിയ സംഘം നടത്തിക്കൊണ്ടിരിക്കുന്നത്.ഓരോ അക്രമ സംഭവത്തിലും ചാർജ് ചെയ്യപ്പെട്ട കേസ് ലീഗിന്റെ ഭരണസ്വാധീനം ഉപയോഗിച്ച് പിൻവലിക്കുകയായിരുന്നു. പരിയാരം എസ് ഐ രാജന്റെ നേരെ നടന്ന മൃഗീയമായ അക്രമത്തിന് നേതൃത്വം കൊടുത്ത ലത്തീഫ് ഗുണ്ടാലിസ്റ്റിൽ പെട്ട ആളാണ്. അയാളുടെ നേതൃത്വത്തിലാണ് നിയമ വിരുദ്ധ മണൽ വാരലും കടത്തലും നടന്നുകൊണ്ടിരിക്കുന്നത്. ഈ കാര്യം അറിഞ്ഞ് സ്ഥലത്ത് എത്തിയ എ എസ് പി ശ്രീനിവാസന് നേരെ ഇതേ നിലക്കുള്ള അക്രമം നടത്തിയിരുന്നു. 2 മാസം മുമ്പ് ഷാഡോ പോലീസിന് നേരെയും അക്രമണമുണ്ടായി. കൂടാതെ ഓണപ്പറമ്പിൽ ലത്തീഫിന്റെ നേതൃത്വത്തിൽ പള്ളി ആക്രമണം നടത്തിയിട്ടും ലീഗ് നേതൃത്വം തള്ളിപ്പറയാൻ തയ്യാറായില്ല. ഈ അക്രമണങ്ങൾക്കെല്ലാം നേതൃത്വം നൽകിയ ലത്തീഫിനെ പിടിക്കാൻ പോലീസ് ഭയപ്പെട്ടു. ജനങ്ങൾ പോലീസിൽ വിവരം നൽകിയെങ്കിലും അറിയപ്പെടുന്ന ഗുണ്ടയായിട്ടുള്ള ലത്തീഫിനെ അറസ്റ്റ് ചെയ്യാൻ പരിയാരം പോലീസ് എസ് ഐ തയ്യാറായില്ലെന്നും ജനങ്ങൾക്ക് പരാതിയുണ്ട്. ലീഗ് ഭരണ സ്വാധീനം ഉപയോഗിച്ച് മണൽ മാഫിയ സംഘങ്ങളെ സംരക്ഷിച്ചതിന്റെ ഫലമാണ് എസ് ഐ യുടെ നേരെ മൃഗീയമായ അക്രമണം നടന്നത്. പരിക്ക് പറ്റിയ എസ് ഐ മറ്റൊരു പോലീസ് കാരനോടൊപ്പം മണൽ കടത്തുകയായിരുന്ന ലോറി തടഞ്ഞ് നിർത്താൻ ശ്രമിച്ചു. എന്നാൽ ഓടിച്ച് പോയ ലോറിയിൽ സാഹസികമായ നിലയിൽലുള്ള എസ് ഐ-യുടെ തലക്ക് ലത്തീഫിന്റെ നേതൃത്വത്തിൽ മാരകമായി പരിക്കേൽപ്പിച്ചു. റോഡരികിൽ എസ് ഐ-യെ തട്ടിയിട്ടതിനു ശേഷം ലോറി ഓടിച്ച് പോവുകയായിരുന്നു.

യു ഡി എഫ് സർക്കാരിന്റെ ഭരണത്തിൻ കീഴിൽ മണൽ മാഫിയ സംഘത്തിനെതിരെ നടപടിയെടുക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ജീവന് പോലും ഭീഷണി നേരിട്ടുുകൊണ്ടിരിക്കുകയാണ്. ഉമ്മൻചാണ്ടി സർക്കാരിന് കീഴിൽ ജനങ്ങൾക്ക് രക്ഷ നൽകേണ്ട പോലീസിന് പോലും രക്ഷയില്ലാത്ത നിലയാണ്. ഇതിനെതിരെ ജനങ്ങൾ പ്രതികരിക്കണം. ഗുണ്ടാ ലിസ്റ്റിൽ പെടുത്തിയ ലത്തീഫിനെ എന്തുകൊണ്ട് ഇതുവരെ അറസ്റ്റ് ചെയ്തില്ലെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കണം. കുറ്റവാളികളെ അടിയന്തരമായും അറസ്റ്റ് ചെയ്യണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.