കണ്ണൂർ : പാർടി നയത്തിന് വിരുദ്ധമായി ഇരിട്ടി പെരിങ്കേരിയിൽ സി പി ഐ (എം) ശ്രീകണ്ഠപുരം ഏറിയ കമ്മിറ്റി അംഗം എം അനിൽ കുമാർ നടത്തിയ പ്രസംഗത്തിന്റെ പേരിൽ അനിൽ കുമാറിനെ പാർടിയിൽ നിന്നും 3 മാസത്തേക്ക് സസ്‌പെന്റ് ചെയ്യാൻ സി പി ഐ (എം) ജില്ലാ കമ്മിറ്റി തീരുമാനിച്ചു.

 

പ്രസംഗത്തിൽ പ്രവാചകനെ കുറിച്ച് നടത്തിയ പരാമർശം ദൗർഭാഗ്യകരമാണ്. ഇത് മതത്തോടും വിശ്വാസത്തോടുമുള്ള സി പി ഐ (എം) നിലപാടിന് നിരക്കുന്നതല്ല. മതത്തോടും വിശ്വാസത്തോടും ശത്രുതാപരമായ നിലപാട് പാർടിക്കില്ല. മത വിശ്വാസത്തെ വ്രണപ്പെടുത്തുന്ന ഒരു പരാമർശവും പാർടി പ്രവർത്തകരിൽ നിന്ന് ഉണ്ടാവാൻ പാടുള്ളതല്ല. ഈ പ്രസംഗത്തിന്റെ പേരിൽ സി പി ഐ (എം) വിരുദ്ധ പ്രചരണം നടത്തുന്ന വർഗ്ഗീയ ശക്തികളുടെ നീക്കത്തെ ജാഗ്രതയോടെ കാണണമെന്നും അത്തരം അപവാദ പ്രചരണങ്ങളെ തള്ളിക്കളയണമെന്നും സി പി ഐ (എം) അഭ്യർത്ഥിക്കുന്നു.