നായനാര്‍ റോഡിലെ സിപിഐ(എം) പ്രവര്‍ത്തകന്‍ ശ്രീജന്‍ ബാബുവിനെ ആര്‍എസ്എസ് ക്രിമിനല്‍ സംഘം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതില്‍ ജില്ലാ സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിക്കുന്നു. എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റും ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റിയംഗവുമായ രമ്യയുടെ ഭര്‍ത്താവാണ് ഓട്ടോ ഡ്രൈവര്‍ കൂടിയായ ശ്രീജന്‍ ബാബു. ഉച്ചയ്ക്ക് ഒന്നരയോട് കൂടി വീട്ടില്‍ നിന്ന് ഓട്ടോറിക്ഷ ഓടിച്ചു വരുന്നതിനിടയിലാണ് ആര്‍ എസ് എസ് ക്രിമിനലുകള്‍ മൃഗീയമായി ആക്രമിച്ചത്. ശരീരമാസകലം മാരകമായി വെട്ടേറ്റിട്ടുണ്ട്. ഗുരുതരാവസ്ഥയിലായതിനാല്‍ ശ്രീജന്‍ ബാബുവിനെ  തലശേരി സഹകരണ ആശുപത്രിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.
 
പത്തോളം ആളുകളാണ് ഈ അക്രമം നടത്തിയത്. മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ അക്രമമാണെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. ആര്‍ എസ് എസ് പ്രാദേശിക നേതൃത്വത്തിന്‍റെ കൂടി അറിവോടെയാണ് ശ്രീജന്‍ ബാബുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കിമിനല്‍ സംഘത്തിനും ആസൂത്രകര്‍ക്കുമെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണം. സംഘപരിവാര്‍ കണ്ണൂരില്‍ അവരുടെ കൊലക്കത്തി താഴെ വെക്കാന്‍ ഉദ്ദേശമില്ലായെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ് നായനാര്‍ റോഡിലെ അക്രമ സംഭവം.
 
സര്‍വകക്ഷി സമാധാനയോഗത്തെ തുടര്‍ന്ന് കലക്ടറുടെ നേതൃത്വത്തില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. അങ്ങനെ ജില്ലയില്‍ സമാധാനത്തിന് വേണ്ടിയുള്ള ശ്രമങ്ങള്‍ ഏവരും നടത്തുന്നതിനിടയിലാണ് ആര്‍ എസ് എസിന്‍റെ ഈ അക്രമം. കണ്ണൂരില്‍ തങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന് രാജ്യവ്യാപക പ്രചരണം നടത്തുകയും ഏകപക്ഷീയമായ അക്രമങ്ങള്‍ തുടരുകയും ചെയ്യുകയാണ് സംഘപരിവാരം. നാടിന്‍റെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ആര്‍എസ്എസ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ സമാധാനകാംക്ഷികളായ മുഴുവന്‍ ജനങ്ങളും ഒറ്റക്കെട്ടായി അണിനിരക്കണമെന്നും സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിക്കുന്നു.