പയ്യന്നൂർ കുന്നരുവിൽ ധനരാജ് രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച പ്രകടനത്തിലും പൊതുയോഗത്തിലും പങ്കെടുക്കാൻ വരുന്നവർക്ക് നേരെ കക്കംപാറയിൽ വെച്ച് ആർഎസ്എസുകാർ ബോംബെറിഞ്ഞ് പരിക്കേൽപ്പിച്ചതിലും പ്രവർത്തകരുടെ വീടുകൾ തകർത്ത സംഭവത്തിലും സിപിഐ(എം) ജില്ലാ സെക്രട്ടറി പി ജയരാജൻ ശക്തമായി പ്രതിഷേധിച്ചു.

അക്രമത്തിൽ പരിക്കേറ്റ എട്ട് സിപിഐ എം പ്രവർത്തകർ ആശുപത്രിയിൽ ചികിൽസയിലാണുള്ളത്. ധനരാജ് രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് കുന്നരുവിൽ സംഘടിപ്പിച്ച പാർട്ടി സംസ്ഥാന സെക്രട്ടറി സ:കോടിയേരി ബാലകൃഷ്ണൻ പങ്കെടുത്ത പൊതുയോഗത്തിലേക്ക് വരുന്ന പ്രവർത്തകരെയാണ് ആർഎസ്എസുകാർ ആക്രമിച്ചത്. ബോധപൂർവ്വം ഈ മേഖലയിൽ കുഴപ്പമുണ്ടാക്കുക എന്നതാണ് ആർഎസ്എസ് നേതൃത്വത്തിന്റെ ഉദ്ദേശമെന്ന് വ്യക്തമാണ്.

ധനരാജ് അനുസ്മരണ പരിപാടിയിൽ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിനാളുകൾ പങ്കെടുത്തിരുന്നു. പരിപാടി അലങ്കോലപ്പെടുത്തുകയായിരുന്നു അക്രമികളുടെ ഉദ്ദേശം.തുടർന്ന് കക്കം പാറയിൽ പാർട്ടി പ്രവർത്തകരുടെ വീടുകളും തകർത്തു.  എന്നാൽ സിപിഐ(എം) പ്രവർത്തകർ ആത്മസംയമനം പാലിച്ചത് കൊണ്ട് മാത്രമാണ് അക്രമം പടരാതിരുന്നത്.
പയ്യന്നൂർ മേഖലയിൽ ബോധപൂർവ്വം സംഘർഷമുണ്ടാക്കാൻ ശ്രമിക്കുന്ന ആർഎസ്എസ് നീക്കത്തിനെതിരെ പാർട്ടി പ്രവർത്തകർ ജാഗ്രത പാലിക്കുകയും സമാധാനം നിലനിർത്താനാവശ്യമായ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യണം.അതോടൊപ്പം സമാധാനം ആഗ്രഹിക്കുന്ന ഇന്നാട്ടിലെ മുഴുവൻ ജനങ്ങളും ആർ എസ് എസിന്റെ ഈ അക്രമങ്ങൾക്കെതിരെ രംഗത്ത് വരണമെന്നും പ്രതിഷേധിക്കണമെന്നും അഭ്യർത്ഥിക്കുന്നു.