ജില്ലയിൽ പകർച്ചവ്യാധികൾ പടരുന്നത് തടയാൻ പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.പകർച്ചപ്പനി വ്യാപകമാവുന്ന സാഹചര്യത്തിൽ ഒരോ പ്രദേശത്തെയും പൊതുസ്ഥലങ്ങളും കെട്ടിടങ്ങളും വീടുകളുടെ പരിസരവും ശുചീകരിക്കാൻ എല്ലാവരും തയ്യാറാവണം.

ജൂൺ 24,25 തീയതികളിൽ സംസ്ഥാനത്തെമ്പാടും പാർട്ടി ഘടകങ്ങൾ ശുചീകരണപ്രവർത്തനങ്ങളിൽ പങ്കാളികളാവണമെന്ന് സംസ്ഥാന സെക്രട്ടറി സ:കോടിയേരി ബാലകൃഷ്ണൻ ആഹ്വാനം ചെയ്തിട്ടുണ്ട്.അതോടൊപ്പം 27 മുതൽ 29 വരെ സംസ്ഥാന സർക്കാർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഒരോ വാർഡിലും നടപ്പിലാക്കുന്ന ശുചീകരണ യജ്ഞത്തിലും പങ്കാളികളാവണം. വായനശാല- ക്ലബ്ബ്,സന്നദ്ധ സംഘടന പ്രവർത്തകർ എന്നിവരെ കൂടി സഹകരിപ്പിച്ചു കൊണ്ട് ശുചീകരണ-ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.