തലശേരിയിലെ എന്‍ ഡി എഫ് പ്രവര്‍ത്തകന്‍ ഫസലിന്‍റെ വധവുമായി ബന്ധപ്പെട്ട് ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ കുപ്പി സുബീഷ് പോലീസിന് നല്‍കിയ കുറ്റസമ്മതമൊഴിയുടേയും പുറത്തുവന്ന ഫോണ്‍ സംഭാഷണത്തിന്‍റെയും അടിസ്ഥാനത്തില്‍ കേസ് പുനരന്വേഷിക്കേണ്ട ആവശ്യമില്ലെന്ന് സിബിഐ കോടതി വിധി പുറപ്പെടുവിച്ചിരിക്കുകയാണല്ലോ. ഒരു കേസിന്‍റെ അന്വേഷണത്തിനിടയില്‍ കേസിന്‍റെ മൗലിക ധാരണകളെ അട്ടിമറിക്കുന്ന വെളിപ്പെടുത്തലുകള്‍ ഉണ്ടായാല്‍ പുനരന്വേഷണം സ്വാഭാവികമാണ്.കേസ് സംബന്ധിച്ചുള്ള സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താനുമാണ് പുനരന്വേഷണം വേണമെന്ന് ഫസലിന്‍റെ സഹോദരന്‍ അബ്ദുള്‍ സത്താര്‍ കോടതിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. 
 
കുപ്പി സുബീഷിന്‍റെ കുറ്റസമ്മത മൊഴിയിലെ ഒരു ഭാഗത്ത് സിപിഐ(എം) പ്രവര്‍ത്തകന്‍ തൊടീക്കളത്തെ ജി പവിത്രനെ കൊലപ്പെടുത്തിയത് സംബന്ധിച്ചും വെളിപ്പെടുത്തലുണ്ട്.ഇതിന്‍റെ അടിസ്ഥാനത്തില്‍ തലശേരി കോടതി ജി പവിത്രന്‍ കേസ് പുനരന്വേഷിക്കാന്‍ അന്വേഷണസംഘത്തോട് ആവശ്യപ്പെട്ടു.  ഫസല്‍ കേസ് സംബന്ധിച്ചുള്ളത് സിബിഐ കോടതി നിരസിക്കുകയും ചെയ്തിരിക്കുകയാണ്. ഇത് തീര്‍ച്ചയായും നിയമവൃത്തങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യമാണ്.  ഇങ്ങനെ വന്നത് അന്വേഷണ ഏജന്‍സികളുടെ വ്യത്യസ്ത നിലപാടിന്‍റെ ഭാഗമായാണ്. കുപ്പി സുബീഷിന്‍റെ മൊഴിയെ അടിസ്ഥാനപ്പെടുത്തി ജി പവിത്രന്‍ വധക്കേസ് കേരള പോലീസ് തുടരന്വേഷണത്തിന് ആവശ്യപ്പെട്ടു.  എന്നാല്‍ സിബിഐ ആവട്ടെ ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ ഫസല്‍ വധത്തില്‍ ഇനി ഒരന്വേഷണവും ആവശ്യമില്ലെന്ന നിലപാടാണ് കോടതിയില്‍ സ്വീകരിച്ചത്.
 
സിപിഐ(എം) നേതാക്കളായ കാരായി രാജനും ചന്ദ്രശേഖരനും ഉള്‍പ്പടെ ഫസല്‍ കേസില്‍ കുറ്റാരോപിതരായ ആളുകളുടെ നിരപരാധിത്വം തെളിയിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം ഈ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.  ഈ സാഹചര്യത്തില്‍ നീതിക്ക് വേണ്ടിയുള്ള പോരാട്ടം സിപിഐ എം തുടരും.  കുറ്റാരോപിതരുടെ നിരപരാധിത്വം തെളിയിക്കുന്നതിന് നീതിന്യായ വ്യവസ്ഥയുടെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുമെന്നും സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിക്കുന്നു.