കേരളത്തിന്റെ പരിസ്ഥിതിയിലും കാലാവസ്ഥയിലും വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ ഇന്ന് സജീവചർച്ചാവിഷയമാണല്ലോ. 44 നദികൾ ഉള്ള കേരളം നേരത്തേ ജലസമൃദ്ധമായ സംസ്ഥാനമായിരുന്നു. എന്നാൽ ഇന്ന് കേരളം വലിയ ജലദൗർലഭ്യമുള്ള സംസ്ഥാനമായി മാറിയിരിക്കുന്നു. വരൾച്ചാ ബാധിത സംസ്ഥാനമായി പലപ്പോഴും പ്രഖ്യാപിക്കപ്പെടുന്ന സ്ഥിതിയാണുള്ളത്. കേരളത്തിന്റെ ഭൂഗർഭജലനിരപ്പ് അപകടകരമാംവിധം താഴോട്ട് പൊയ്‌ക്കൊണ്ടിരിക്കുകയാണ്. മഴവെള്ളം എകദേശം പൂർണ്ണമായും മണിക്കൂറുകൾക്കുള്ളിൽ കടലിലേക്ക് ഒഴുകിയെത്തുന്ന സ്ഥിതിവിശേഷമാണുള്ളത്. 

ഈയൊരു സാഹചര്യത്തിൽ പെയ്യുന്ന മഴവെള്ളം പൂർണ്ണമായും  ഭൂമിയിലേക്കെത്തിക്കുക പ്രധാനമാണ്. ഈ കാര്യങ്ങൾ ഉൾപ്പടെയുള്ള സമഗ്രമായ പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ടുകൊണ്ടാണ് ഹരിതകേരളം പദ്ധതി എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. വ്യാപകമായി മഴക്കുഴികൾ നിർമ്മിക്കണമെന്ന് ഗവണ്മെന്റ് അഭ്യർത്ഥിച്ചിരിക്കുകയാണ്. 

ഭൂഗർഭജലത്തിന്റെ അളവ് വർദ്ധിപ്പിക്കാനാവശ്യമായ പ്രവർത്തനങ്ങൾ നടത്തണമെന്ന് സിപിഐ(എം) തീരുമാനിച്ചിട്ടുണ്ട്. ഈ സദുദ്യമത്തിൽ പങ്കുചേരണമെന്ന് മുഴുവനാളുകളോടും സിപിഐ(എം) കണ്ണൂർ ജില്ലാ കമ്മറ്റി അഭ്യർത്ഥിക്കുകയാണ്. ജില്ലയിലെ പാർട്ടി അംഗങ്ങളും അനുഭാവികളും ബന്ധുക്കളും അവരരവരുടെ വീടുകളിൽ മഴക്കുഴികൾ നിർമ്മിക്കാനാവശ്യമായ പ്രവർത്തനം നടത്തണമെന്നും പാർട്ടി അഭ്യർത്ഥിക്കുന്നു. യോഗത്തിൽ ജില്ലാ സെക്രട്ടറിയേറ്റംഗം കെ കെ നാരായണൻ അധ്യക്ഷനായി.ജില്ലാ സെക്രട്ടറി പി ജയരാജൻ സംസാരിച്ചു.