മതന്യൂനപക്ഷങ്ങളെയും ദളിതരെയും കടന്നാക്രമിക്കുന്ന ആർഎസ്എസ് അജണ്ട തിരിച്ചറിയുക,ഭക്ഷ്യഭദ്രതാ നിയമത്തിൽ വെള്ളം ചേർത്ത് പൊതുവിതരണ സമ്പ്രദായം തകർത്ത കേന്ദ്രസർക്കാർ നീക്കത്തിനെതിരെ, മണ്ണെണ്ണയും പഞ്ചസാരയും ഇല്ലാതാക്കിയ കേന്ദ്രനടപടിക്കെതിരെ, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന നയം തിരുത്തുക,കാർഷികോൽപ്പാദനങ്ങളുടെ താങ്ങുവില ചിലവുതുകയുടെ ഇരട്ടിയാക്കുക,കാർഷിക കടങ്ങൾ എഴുതി തള്ളുക,സംസ്ഥാന സർക്കാറിനും പാർട്ടിക്കുമെതിരെ യു ഡി എഫും ബിജെപിയും നടത്തുന്ന ദുഷ്പ്രചരണങ്ങളെ തുറന്നുകാണിക്കാൻ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി സിപിഐ(എം) ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന മേഖലാ വാഹനജാഥകൾ ശനിയാഴ്ച്ച(മെയ് 13) തുടങ്ങും.തെക്കൻ മേഖല,വടക്കൻ മേഖല എന്നിങ്ങനെ രണ്ട് ജാഥകളാണ് ജില്ലയിൽ പര്യടനം നടത്തുന്നത്.ഇരു ജാഥകളും മെയ് 13 ന് ആരംഭിച്ച് 18 ന് സമാപിക്കും. 

ജില്ലാ സെക്രട്ടറി പി ജയരാജൻ നയിക്കുന്ന വടക്കൻ മേഖല ജാഥ തളിപ്പറമ്പിൽ വെച്ച് സിപിഐ(എം) കേന്ദ്രകമ്മറ്റിയംഗം പി കരുണാകരൻ എം പി ഉദ്ഘാടനം ചെയ്യും.ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ വി നാരായണൻ,എൻ ചന്ദ്രൻ ജില്ലാ കമ്മറ്റി അംഗങ്ങളായ എൻ സുകന്യ,എം ഷാജർ എന്നിവരാണ് ജാഥാ അംഗങ്ങൾ. തളിപ്പറമ്പ്, പാപ്പിനിശേരി, കണ്ണൂർ, മയ്യിൽ, ശ്രീകണ്ഠാപുരം, ആലക്കോട്, പെരിങ്ങോം, പയ്യന്നൂർ, മാടായി ഏരിയകളിൽ പര്യടനം നടത്തി ജാഥ പിലാത്തറയിൽ സമാപിക്കും.

സംസ്ഥാന കമ്മറ്റിയംഗം കെ കെ രാഗേഷ് എം പി നയിക്കുന്ന തെക്കൻ മേഖലാ ജാഥ ചൊക്ലി ടൗണിൽ പികെ ശ്രീമതി എംപി ഉദ്ഘാടനം ചെയ്യും.ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ കെ എം ജോസഫ്, എം സുരേന്ദ്രൻ, ജില്ലാ കമ്മറ്റിയംഗം എം വി സരള, മുഹമ്മദ് അഫ്‌സൽ എന്നിവരാണ് ജാഥാ അംഗങ്ങൾ. പാനൂർ, തലശേരി, എടക്കാട്, അഞ്ചരക്കണ്ടി, പിണറായി, കൂത്തുപറമ്പ്, ഇരിട്ടി, പേരാവൂർ, മട്ടന്നൂർ ഏരിയകളിൽ പര്യടനം നടത്തി ജാഥ മട്ടന്നൂർ ടൗണിൽ സമാപിക്കും.