പകര്‍ച്ച വ്യാധി പിടിപെട്ടതിനെ പോലും രാഷ്ട്രീയമുതലെടുപ്പിനു വേണ്ടി ഉപയോഗിക്കുന്നത് യുഡിഎഫിന്റെ രാഷ്ട്രീയ പാപ്പരത്വമാണ് തെളിയിക്കുന്നതെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.മട്ടന്നൂരില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാണപ്പെടുന്ന ഡങ്കി പനിയെ പ്രതിരോധിക്കുന്നതിന് ജനങ്ങളുടെ കൂട്ടായ പരിശ്രമം ഉറപ്പ് വരുത്തുന്ന സന്ദര്‍ഭത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് യുഡിഎഫ് നടത്തുന്ന രാഷ്ട്രീയക്കളി ജനങ്ങള്‍ തിരിച്ചറിയും.

പകര്‍ച്ചവ്യാധി പിടിപെട്ടപ്പോള്‍ ഹര്‍ത്താല്‍ നടത്തുന്നത് കേട്ട്കേള്‍വി ഇല്ലാത്ത കാര്യമാണ്.യുഡിഎഫ് കേരളം ഭരിക്കുന്ന സന്ദര്‍ഭത്തില്‍ ഇരിട്ടി മേഖലയില്‍ ഉള്‍പ്പടെ  പല പ്രദേശങ്ങളിലും ഡങ്കി പനിയും മറ്റ് പകര്‍ച്ച വ്യാധികളും ഇതിനേക്കാള്‍ രൂക്ഷമായി പിടിപെട്ടിരുന്നു.അന്ന് സര്‍ക്കാര്‍ നടത്തുന്ന ഇടപെടല്‍ ഫലപ്രദമാല്ലാഞ്ഞിട്ടു കൂടി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കുകയും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്ത് പകര്‍ച്ചവ്യാധികള്‍ തടയാനുള്ള ശ്രമത്തില്‍ പങ്കാളികള്‍ ആവുകയാണ് ഇടതുപക്ഷം ചെയ്തത്.

മട്ടന്നൂരില്‍ ആരോഗ്യവകുപ്പും സര്‍ക്കാര്‍ സംവിധാനങ്ങളും ഫലപ്രദമായി ഇടപെട്ടുകൊണ്ടിരിക്കുകയാണ്.ഈ ശ്രമത്തെ പൊളിക്കാന്‍ വേണ്ടിയാണ് യുഡിഎഫ് ഹര്‍ത്താല്‍ നടത്തുന്നത്.ഇത് ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണ്.മാത്രമല്ല കള്ളപ്രചരണങ്ങളും നടത്തുകയാണ്.അവിടെ നടന്ന ഒരു മരണവുമായി ബന്ധപ്പെട്ടു വ്യാജപ്രചരണമാണ് യുഡിഎഫ് നടത്തുന്നത്.അദ്ദേഹം മരണപ്പെട്ടത് ഡങ്കി പണി ബാധിച്ചല്ലെന്നും ഹൃദ്രോഗം മൂലമാണെന്നും ഇപ്പോള്‍ തെളിഞ്ഞിട്ടുണ്ട്.ഒരു മരണത്തെ പോലും തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നത് അപലപനീയമാണെന്നും ജില്ലാ സെക്രട്ടറിയേറ്റ് വ്യക്തമാക്കി.