പോലീസ് ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനുള്ള സംഘപരിവാർ ശ്രമം വിജയിക്കാൻ പോകുന്നില്ലെന്ന് സിപിഐ (എം ) ജില്ലാ സെക്രട്ടറിയേറ്റ് വ്യക്തമാക്കി. തങ്ങൾക്കെതിരെ പ്രതികരിക്കുന്നവരെ പോലും വധിക്കുമെന്നും നാട് കടത്തുമെന്നും പരസ്യമായി പ്രഖ്യാപിക്കുന്ന സംഘപരിവാറിൽ നിന്ന് വരുന്ന ഈ ഭീഷണിയെയും ജനങ്ങൾ ശരിയായി വിലയിരുത്തും.

നിഷ്പക്ഷമായി നീതിനിർവഹണം നടത്തുന്ന ഉദ്യോഗസ്ഥരെ മൂലയിലിരുത്തുന്ന  സമീപനം യു ഡി എഫിന്റെയും ബിജെപിയുടേതുമാണ്. അതേ സമയം  അഴിമതിരഹിതവും നീതിപൂർവവുമായ ഭരണനിർവഹണം ഉറപ്പ് വരുത്തുന്ന ഉദ്യോഗസ്ഥ സംവിധാനമാണ് എൽ ഡി എഫ് ആഗ്രഹിക്കുന്നത്. അത്തരമൊരു സംവിധാനത്തിൻ കീഴിൽ ലോകത്തിലെ തന്നെ സ്വകാര്യ സായുധ സേനയായി അറിയപ്പെടുന്ന ആർ എസ് എസിന്റെ നിഗൂഢ പ്രവർത്തനങ്ങൾ വെളിപ്പെട്ടു വരുന്നു.  അതാണ് ഫസൽ കേസിലെ പുതിയസംഭവ വികാസങ്ങൾ കാണിക്കുന്നത്. .സിപിഐ (എം) നേതാക്കളായ കാരായി രാജനെയും ചന്ദ്രശേഖരനെയും ഉൾപ്പടെ പ്രതിചേർത്ത സിബിഐ കേസ് വ്യാജമാണെന്ന വസ്തുത വെളിച്ചത്ത് കൊണ്ടുവരാൻ കേരള പോലീസിനായി. ഇങ്ങനെ യഥാർത്ഥ കൊലയാളികളിൽ ഒരാളുടെ കുറ്റസമ്മതമൊഴിതന്നെ കേരള പോലീസിനു ലഭിച്ചിരിക്കുകയാണ്.

പോലീസിലെ കഴിവുറ്റ ഉദ്യോഗസ്ഥന്മാരുടെ അന്വേഷണ മികവാണ് ഇത് കാണിക്കുന്നത്.  ഫസൽ വധക്കേസിൽ ഗൂഡാലോചന നടത്തിയ സംഘപരിവാർ നേതാക്കളുടെ പേരുകൾ കൂടി പുറത്തുവരാൻ ഇടയുള്ള സാഹചര്യത്തിലാണ് പോലീസ് ഉദ്യോഗസ്ഥരെ വ്യക്തിപരമായി പേരെടുത്ത് പറഞ്ഞു ഭീഷണിപ്പെടുത്താനുള്ള ശ്രമം.ഇത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്.  ഇതിനെതിരെ ജനങ്ങൾ പ്രതികരിക്കണം.

സിപിഐ (എം) അന്വേഷണത്തിൽ ഇടപെടുന്നു എന്നാണു സംഘപരിവാർ ആക്ഷേപിക്കുന്നത്.അതേ സമയം തളാപ്പിലെ ബിജെപി നേതാവ് സുശീൽ കുമാറിന് നേരെ നടന്ന പ്രതിഷേധാർഹമായ അക്രമത്തിന്റെ പേരിൽ യാതൊരു തെളിവും  ഇല്ലാതെ  സിപിഐ (എം ) പ്രവർത്തകരെ അന്വേഷണത്തിന്റെ ഭാഗമായി ദിവസങ്ങളോളം കസ്‌റഡിയിലെടുത്ത്  പീഡിപ്പിക്കുകയാണുണ്ടായത്. ഇത് അന്വേഷണത്തിൽ പാർട്ടി ഇടപെട്ടില്ല എന്നതിന്റെ തെളിവാണ്

 പുതിയതെരുവിലെ കാര്യവാഹക് ബിനോയ് ബെനഡിക്റ്റിനെ ആക്രമിച്ചതിലും നിത്യാനന്ദ സ്‌കൂൾ അടിച്ച് തകർത്തതിലും, തളാപ്പ് അക്രമത്തിലും സിപിഐ എമ്മിന് യാതൊരു പങ്കുമില്ല.  ഈ സംഭവങ്ങളിൽ നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.