അണ്ടലൂർ കൊലപാതകം ആർ.എസ്.എസ് ആസൂത്രണം ചെയ്തതാണെന്ന് ബോധ്യപ്പെടുത്തുന്ന വസ്തുതകൾ പുറത്ത് വന്ന സാഹചര്യത്തിൽ സമഗ്ര അന്വേഷണം നടത്തണം. സന്തോഷിന്റെ ഭാര്യയും സഹോദരിമാരും തമ്മിൽ സ്വത്ത് തർക്കമുണ്ട്. 2014 ൽ സന്തോഷിന്റെ ഭാര്യാമാതാവിനെ സ്വാധീനിച്ച് എല്ലാവർക്കും അവകാശപ്പെട്ട സ്വത്ത് തട്ടിയെടുത്തു എന്ന പരാതിയാണ് തർക്കത്തിനടിസ്ഥാനം. ഈ സ്വത്തുതർക്കത്തെ തുടർന്ന് അക്രമസംഭവമുണ്ടായി. സന്തോഷ് അടക്കമുള്ളവർ പ്രതികളായി ധർമ്മടം പോലീസ് 1224/16-ാം നമ്പർ പ്രകാരം 25.11.2016 ന് കേസ് രജിസ്റ്റർ ചെയ്യുകയുണ്ടായി. ഈ കേസിൽ സന്തോഷിനെ ജാമ്യത്തിൽ ഇറക്കിയത് അരയാക്കണ്ടി സാലി എന്ന പാർട്ടി സഖാവാണ്. സി.പി.ഐ(എം) ന് സന്തോഷിനോട് പ്രത്യേക വിരോധമൊന്നുമില്ലെന്ന് തെളിയിക്കുന്നതാണ് സി.പി.ഐ(എം) പ്രവർത്തകർ തന്നെ സന്തോഷിനെ ജാമ്യത്തിലിറക്കിയെന്ന വസ്തുത. മാത്രമല്ല സ്വത്ത് തർക്ക പ്രശ്‌നത്തിൽ ആർ.എസ്.എസ്. ക്രിമിനലുകളായ അനീഷ്, ബൈജു എന്നിവർ സന്തോഷിനെ ഭീഷണിപ്പെടുത്തിയിരുന്നു. സന്തോഷിന്റെ ഭാര്യാ സഹോദരി പ്രേമക്ക് വേണ്ടിയായിരുന്ന ഇക്കൂട്ടർ ഇടപെട്ടത്. തന്റെ പാർട്ടിയിൽ നിന്നും തനിക്ക് നീതി കിട്ടിയില്ലെന്ന് സന്തോഷ് പലരോടും പറഞ്ഞിരുന്നു.

ഇത്രയും വസ്തുതകൾ പുറത്തുവന്ന സാഹചര്യത്തിൽ സി.പി.ഐ(എം) നെ കുറ്റപ്പെടുത്തുന്നത് ന്യായീകരിക്കാനാവില്ല. സംഭവത്തിൽ സി.പി.ഐ(എം) ന് യാതൊരു പങ്കുമില്ല. സന്തോഷിന്റെ വീട്ടിൽ നിന്നും പോലീസ് നായ പോയത് ആർ.എസ്.എസ്സുകാരനായ സുബീഷിന്റെ വീട്ടുമുറ്റത്താണ്. സുബീഷും അനീഷും ഇന്നലെ വൈകുന്നേരം മുതൽ വീട്ടിലുണ്ടായിരുന്നില്ല. വീട്ടിൽ സന്തോഷ് മാത്രമായിരുന്നുവെന്ന് അറിയാവുന്നവർ ആർ.എസ്.എസ്-ബി.ജെ.പി സംഘത്തിന് മാത്രമാണ്. ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന പഴമൊഴിപോലെയാണ് സി.പി.ഐ(എം) നെ പഴിചാരുന്നത്. സമഗ്ര അന്വേഷണത്തിലൂടെ യഥാർത്ഥ പ്രതികളെ കണ്ടെത്തുകതന്നെ വേണം. തളിപ്പറമ്പ് ആർ.എസ്.എസ് കാര്യാലയത്തിലെ ആക്രമണത്തിൽ യാതൊരു ബന്ധവുമില്ല. ഈ സംഭവത്തെക്കുറിച്ചും സത്യസന്ധമായി അന്വേഷണം നടത്തണം. ഹർത്താലിന്റെ മറവിൽ ജില്ലയിലെമ്പാടും ആർ.എസ്.എസ് ആസൂത്രിതമായി അക്രമം സംഘടിപ്പിച്ചിരിക്കുകയാണ്.  കണ്ണൂരിലും തളിപ്പറമ്പിലും സി.ഐ.ടി.യു ഓഫീസുകൾ, കണ്ണൂരിൽ എൻ.ജി.ഒ യൂണിയൻ ഓഫീസ്, തളിപ്പറമ്പ് സി.പി.ഐ(എം) ഏരിയ കമ്മിറ്റി ഓഫീസ് എന്നിവ ബോബെറിഞ്ഞും കല്ലെറിഞ്ഞും ചില്ലുകൾ തകർത്തും നശിപ്പിച്ചു.  കർഷകസംഘം സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം സ്ഥാപിച്ച ബോർഡുകളും നശിപ്പിച്ചു. പാർട്ടിയുടെയും വർഗ്ഗബഹുജുന സംഘടനകളുടെയും കൊടിതോരണങ്ങൾ തകർത്തു. ഏഷ്യയിലെ തന്നെ ഏറ്റവും പ്രധാന കലാമേളയായ 57-ാം സ്‌കൂൾ കലോത്സവത്തിന്റെ പ്രധാന വേദിയെ ലക്ഷ്യമാക്കി 200 ഓളം ആർ.എസ്.എസ് ക്രിമിനലുകൾ പ്രകടനമായി വന്നു. കലോത്സവത്തിൽ പങ്കെടുക്കാൻ എത്തിയവർക്ക് ഭക്ഷണം ലഭ്യമാക്കാൻ ഹോട്ടലുകൾ തുറന്നപ്പോൾ കടകളിൽ കയറി ഭീഷണിപ്പെടുത്തുകയും അടപ്പിക്കുകയും ചെയ്തു. കലോത്സവത്തെ ഹർത്താലിൽ നിന്നും ഒഴിവാക്കിയെന്ന് പറഞ്ഞെങ്കിലും, യുവജനോത്സവം നടക്കുന്ന നഗരിയിൽ ആർ.എസ്.എസ് ക്രിമിനലുകളുടെ അഴിഞ്ഞാട്ടമാണുണ്ടായത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തികൊണ്ടുവരണമെന്ന് അഭ്യർത്ഥിക്കുന്നു.