സിപിഐ(എം) പള്ളൂർ ലോക്കൽ സെക്രട്ടറി സ:വടക്കൻ ജനാർദ്ദനന്റെ ഉൾപ്പടെ പള്ളൂർ മേഖലയിലെ നിരവധി പാർട്ടി പ്രവർത്തകരുടെ വീടുകൾക്ക് നേരെ ആർഎസ്എസ് നടത്തിയ ബോംബാക്രമണത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കണ്ണൂരിൽ ഉണ്ടായ രാഷ്ട്രീയ സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിന് കേരള ഗവണ്മെന്റ് നടത്തിയ സമാധാനശ്രമങ്ങളെ തുടർന്ന് സംഘർഷങ്ങൾ ഒരു പരിധിവരെ അവസാനിച്ചതാണ്.എന്നാൽ ആർഎസ്എസിന്റെ ഭാഗത്ത് നിന്ന് വീടുകൾക്ക് നേരെയുള്ള അക്രമങ്ങൾ തുടർന്ന് വരികയാണ്.ഇപ്പോൾ പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ പള്ളൂരിലും ആർഎസ്എസിന്റെ ആക്രമണങ്ങൾ വ്യാപകമാവുകയാണ്.കഴിഞ്ഞ ദിവസമാണ് പള്ളൂർ ലോക്കൽ കമ്മറ്റി അംഗം ബാബുവിന്റെ വീടിന് നേരെ ബോംബാക്രമണം നടത്തിയത്.ഇന്നലെ അർദ്ധരാത്രിക്ക് ശേഷം 3 മണിയോടെയാണ് ലോക്കൽ സെക്രട്ടറി ജനാർദ്ദനന്റെ വീടിന് നേരെ ബോംബേറുണ്ടായത്.മാരകമായ പ്രഹരശേഷിയുള്ള ബോംബിന്റെ ആഘാതത്തിൽ വീടിന്റെ വാതിലിന്റെ ഒരു ഭാഗം അടർന്ന് വീണു.

ഇത്തരം ആക്രമണങ്ങൾ ആർഎസ്എസ് നേതൃത്വം ആസൂത്രണം ചെയ്യുന്നതാണെന്ന് വ്യക്തമാണ്.ഇരുട്ടിന്റെ മറവിൽ പ്രവർത്തിക്കുന്ന സംഘപരിവാർ പ്രചാരകന്മാരാണ് ഈ അക്രമങ്ങൾ ആസൂത്രണം ചെയ്യുന്നതെന്ന് തെളിഞ്ഞിട്ടുണ്ട്.കോടിയേരി നങ്ങാറത്ത് പീടികയിലെ ടാഗോർ വിദ്യാനികേതനിൽ വെച്ച് നടക്കുന്ന ആർഎസ്എസ് പ്രാഥമിക ശിക്ഷാവർഗ്ഗ് എന്ന ആയുധപരിശീലന ക്യാമ്പിൽ നിന്നാണ് വീടാക്രമണത്തിന് വേണ്ടി ക്രിമിനലുകൾ എത്തിയത്.അത്തരം ക്രിമിനലുകൾക്കെതിരെയും ഈ നിയമവിരുദ്ധ ക്യാമ്പിനെതിരെയും അധികാരികൾ കർശന നടപടികൾ കൈക്കൊള്ളണം. നാടിന്റെ സമാധാനം തകർക്കുന്ന ആർഎസ്എസിനെ ഒറ്റപ്പെടുത്താൻ ജനങ്ങൾ മുന്നോട്ട് വരണമെന്നും പി ജയരാജൻ പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.